സ്വ​ന്ത​മാ​യി ല​ണ്ട​നി​ൽ നി​ർ​മി​ച്ച ‘ജി-​ദി​യ’ വി​മാ​ന​വു​മാ​യി മ​ല​യാ​ളി​യാ​യ അ​ശോ​ക്​ താ​മ​രാ​ക്ഷ​നും കു​ടും​ബ​വും

ബ്രിട്ടനിലെ ആകാശത്തിൽ പറക്കുന്നത് മലയാളി വിമാനം

ആലപ്പുഴ: ബ്രിട്ടനിലെ ആകാശത്തിന് മീതെ പറക്കുന്നത് 'ജി-ദിയ' മലയാളി വിമാനം. 'കുടുംബസമേതം' നാടുചുറ്റാൻ മൂന്നുവയസ്സുകാരിയായ മകളുടെ പേരിൽ വിമാനം നിർമിച്ചത് മലയാളി എൻജിനീയറും ആലപ്പുഴ സ്വദേശിയുമായ അശോക് താമരാക്ഷനാണ്. കോവിഡിന്‍റെ വിരസത മാറ്റാൻ ലണ്ടനിലെ സ്വന്തം വീട്ടുമുറ്റത്ത് ഷെഡ്കെട്ടി 1600 മണിക്കൂർ ചെലവഴിച്ചാണ് ചുവന്ന നിറത്തിലെ ഈ 'ചെറുവിമാനം' പണിതത്.

നാലുപേർക്ക് യാത്രചെയ്യാവുന്ന വിമാനത്തിന് ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കൺ ആയ ഗ്രേറ്റ് ബ്രിട്ടൺ എന്ന പേരിന്‍റെ ജിയും ഇളയമകളുടെ പേരായ ദിയയും ചേർത്താണ് 'ജി-ദിയ' നാമം നൽകിയത്. മൂത്തമകൾ താരയുടെ പേരിടണമെന്നായിരുന്നു ആഗ്രഹം. അതേപേരിൽ മറ്റ് വിമാനമുള്ളതിനാൽ അനുമതി കിട്ടിയില്ല.


ആലപ്പുഴ അനശ്വര വീട്ടിൽ മുൻ എം.എൽ.എ പ്രഫ. എ.വി. താമരാക്ഷന്‍റെയും ഡോ. സുഹൃദലതയുടെയും മകനാണ്. ഓട്ടോമൈാബൈൽ എൻജിനീയറായ അശോക് താമരാക്ഷൻ ലണ്ടനിലെ ഫോർഡ് വാഹന കമ്പനിയിലെ എൻജിൻ ഡിസൈനറാണ്. ഭാവിയിൽ എൻജിനില്ലാത്ത വാഹനമിറങ്ങുന്നതോടെ ജോലി നഷ്ടമാകുമെന്ന ചിന്തയിൽനിന്നാണ് വിമാനത്തിന്‍റെ പിറവി.


ഇതിന്‍റെ ഭാഗമായി 2019ൽ പൈലറ്റ് ലൈസൻസ് എടുത്തു. രണ്ടുപേർക്ക് യാത്രചെയ്യാവുന്ന 1960 മോഡൽ പഴയവിമാനം വാടകക്ക് എടുത്തായിരുന്നു പരിശീലനം. ഇത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ് പഴയത് വാങ്ങാൻ തീരുമാനിച്ചപ്പോഴാണ് കോവിഡിന്‍റെ വരവ്. 2020ൽ 'വർക്ക് ഫ്രം ഹോമി'ലേക്ക് മാറിയതോടെ വീട്ടിൽ താൽക്കാലിക ഷെഡ് പണിതാണ് വിമാന നിർമാണം ആരംഭിച്ചത്.

മുൻ എം.എൽ.എ പ്രഫ. എ.വി. താമരാക്ഷനും ഡോ. സുഹൃദലതയും

വിവിധ രാജ്യങ്ങളിൽനിന്ന് കിറ്റുകൾ വാങ്ങിയും യുട്യൂബ് നോക്കിയുമാണ് നിർമാണരീതികൾ പഠിച്ചത്. രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന വിമാനം യാഥാർഥ്യമായത്. വരുമാനത്തിൽനിന്ന് മിച്ചംപിടിച്ചും വായ്പയെടുത്തും 1.75 കോടിയാണ് മുടക്ക്. വിപണി വില നാലുകോടിയോളം രൂപ വരും. 2021 നവംബർ 21ന് പണി പൂർത്തിയായെങ്കിലും ലൈസൻസും ലഭിക്കാൻ മൂന്ന് മാസത്തെ പരീക്ഷണപ്പറക്കൽ നടത്തി. ഒടുവിൽ കഴി‍‍ഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു ആദ്യപറക്കൽ.

Tags:    
News Summary - A Malayali plane is flying in British skies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.