എല്ലാ വർഷവും യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെ വ്യത്യസ്ഥ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന, യാത്ര ചെയ്യുന്ന, വഴിയിലുടനീളമുള്ള യാഥാർത്ഥ്യങ്ങളെ തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത് ചിത്രങ്ങൾ കൊണ്ട് യാത്രയുടെ മനോഹരമായ കഥ രചിക്കുന്ന ഫോട്ടോഗ്രാഫറാണ് ഗുരുവായൂർ സ്വദേശി അൻഷദ്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് തന്റെ ക്യാമറയുമായിറങ്ങിയിട്ടുണ്ട് അൻഷദ്. നിഗൂഢമായ ചില കഥകളുടെ ചുരുളഴിക്കുകയെന്നോണം വാരണാസിയിലേക്കും മനോഹരമായ മഞ്ഞിൻ താഴ്വാരങ്ങൾ തിരഞ്ഞ് ലഡാക്കിലേക്കുമൊക്കെ ക്യാമറയുമായിറങ്ങിയ കഥ പങ്കുവെക്കുകയാണ് ഈ ഫോട്ടോഗ്രാഫർ.
യു.എ.ഇയിൽ നല്ല ചൂടുള്ള സമയം. മനസ്സൊന്ന് ശാന്തമാക്കാൻ ട്രാവൽ ഫോട്ടോഗ്രഫി ചെയ്യണം.. കുറേ കാലമായി മനസ്സിൽ കടന്നു കൂടിയ ഈ ആഗ്രഹം ഇത്തവണ നടത്തിക്കളയാമെന്നു നിശ്ചയിച്ചാണ് ഇത്തിരി വെല്ലുവിളികൾ നിറഞ്ഞ ദൗത്യം തന്നെ തിരഞ്ഞെടുക്കുന്നത്. വാരണാസിയെ കുറിച്ച് പല കഥകളും കേട്ടിട്ടുണ്ടെങ്കിലും ക്യാമറകണ്ണുകളിലൂടെ യഥാർത്ഥ വാരണാസിയെ കാണണമെന്നാഗ്രഹിച്ചതും നിഗൂഡതകൾ നിറഞ്ഞ വാരണാസി കഥകൾ കേട്ടതോടെയാണ്. ഷാർജയിൽ നിന്ന് വാരണാസിയിലെത്തി കാശിയും ബനാറസും വാരണാസിയുമെല്ലാം ചിത്രമാക്കണമെന്ന ലക്ഷ്യത്തോടെ കേട്ടുകേൾവി മാത്രമുള്ള പലതും തിരഞ്ഞൊരു യാത്ര.
തലയോട്ടികൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ, ചിതയിൽ നിന്നെഴുന്നേറ്റിരിക്കുന്ന പോലെ തോന്നിക്കുന്ന മൃതദേഹങ്ങൾ, അഘോരി എന്ന് വിളിക്കുന്ന ഭീതിപ്പെടുത്തുന്ന മനുഷ്യർ, കേട്ടിട്ട് തന്നെ പേടി തോന്നിക്കുന്ന ഇത്തരം അനുഭവങ്ങൾ നേരിട്ടറിഞ്ഞ് ക്യാമറയിൽ പകർത്തി യഥാർത്ഥ വാരണാസിയെ ചിത്രമാക്കുകയെന്നതാണ് ലക്ഷ്യം. കഥകളിൽ മാത്രം കേട്ടുകൊണ്ടിരുന്ന വാരണാസിയിലെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾ പല രാത്രികളിൽ ഉറങ്ങാനനുവദിച്ചിരുന്നില്ല. അഘോരി ബാബയെ പരിചയപ്പെടുത്താമെന്നും ഇത്തിരി പണച്ചിലവുള്ള കാര്യമാണെന്നും പറഞ്ഞെത്തുന്ന ബ്രോക്കർമാരും പ്രഛന്ന വേഷം കെട്ടി അഘോരി ബാബയെന്ന് പറഞ്ഞ് പണം പിഴിയുന്നവരും വാരണാസിയിൽ വിരളമല്ല.
കുറേ അലച്ചിലിനൊടുവിൽ യഥാർത്ഥ അഘോരി ബാബയെ കണ്ടുമുട്ടി. അഘോരി ബാബയോടൊപ്പം കാശിയുടെ തീരത്ത് അസ്ഥി പെറുക്കാൻ പോയതും ചിതകളെരിയുന്നത് നേരിട്ട് കണ്ടതും എരിയുന്ന ചിതയിൽ നിന്ന് എഴുന്നേറ്റിരിക്കും പോലെ തോന്നിക്കുന്ന മൃതദേഹങ്ങളുമൊക്കെ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു. കള്ളമില്ലാത്തതാവണം ചിത്രങ്ങളെന്ന് മനസിൽ കുറിച്ചിട്ടാണ് ഓരോ ചിത്രങ്ങളിലേക്കും കാമറ ചലിപ്പിക്കുന്നത്.
ലഡാക്കിലേക്ക് ഓഫ് റോഡ് യാത്ര ചെയ്ത് മനോഹരമായ ചിത്രങ്ങൾ പകർത്തണമെന്നത് മറ്റൊരാഗ്രഹമായിരുന്നു. മഞ്ഞു മലകളും കുന്നിൻ താഴ്വാരങ്ങളുമൊക്കെ കടന്ന് കാടും മലകളും താണ്ടിയൊരു ഓഫ് റോഡ് യാത്ര. മൈനസ് ഡിഗ്രിയിലുള്ള ക്ലൈമറ്റുമായി പൊരുത്തപ്പെടാൻ ഇത്തിരി സമയമെടുത്തെങ്കിലും മനോഹരമായ ചിത്രങ്ങൾ പകർത്താനായി. മഞ്ഞുപുതച്ച മലമുകളുകളും താഴ്വാരങ്ങളുമൊക്കെ ചിത്രങ്ങളായപ്പോൾ അവക്ക് ഭംഗി ഇരട്ടിച്ച പോലെ തോന്നി. യു.എ.ഇയിൽ ചൂടിരട്ടിയാകുന്ന മാസങ്ങളിൽ ക്യാമറയുമായിറങ്ങും. കൃത്യമായ പ്ലാനിങ്ങോടെ കഴിയുന്നത്ര സ്ഥലങ്ങൾ സന്ദർശിക്കും.
ഇന്ത്യൻ പൗരനെന്ന നിലയിൽ ഇന്ത്യയുടെ ഭംഗി നമ്മളടുത്തറിയേണ്ടതുണ്ട്. യഥാർത്ഥ ഇന്ത്യയുടെ ഭംഗി ആസ്വദിച്ച് ക്യാമറയിൽ പകർത്തുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ആദിവാസികളെക്കുറിച്ച് ആർട്ടിക്കിളുകൾ തയ്യാറാക്കാനും കൊൽക്കത്തയിലെ സ്ട്രീറ്റ് ഫോട്ടോകൾ ക്യാമറയിൽ പകർത്തുകയെന്നതുമാണ് ഇനി ലക്ഷ്യം. വരുന്ന തലമുറക്ക് യഥാർത്ഥ ലോകത്തെ ഒരു പക്ഷ കാണാനായെന്നു വരില്ല. പലരും കൈപ്പേറിയ യാഥാർത്ഥങ്ങളുടെ ചിത്രങ്ങൾ റീക്രിയേറ്റ് ചെയ്ത് അവതരിപ്പിക്കുന്നു. എന്നാൽ, ഇതിനോട് യോജിപ്പില. യാഥാർത്ഥ്യങ്ങൾ പച്ചയായി തന്നെ അവതരിപ്പിക്കുമ്പോൾ അവക്ക് കാണാത്ത കഥകൾ പലതും പറയാനുണ്ടാകും.
അൻഷദ് ഗുരുവായൂർ
ഫൂഡ്, ബ്രാൻഡിങ്ങ്, ഫാഷൻ, സ്പോർട്ട്സ്, ഇവൻറുകൾ, ബിസിനസ് തുടങ്ങി ഫോട്ടോഗ്രഫിയുടെ എല്ലാ മേഖലകളും കഴിവ് തെളിയിച്ചയാളാണ് അൻഷദ് ഗുരുവായൂർ. 15 വർഷമായി യു.എ.ഇയിലുണ്ട്. പ്രൊഫഷണലായി ഷെഫ് കോഴ്സ് പഠിച്ച അൻഷദ് തന്റെ പാഷനായ ഫോട്ടോഗ്രഫിയിലേക്കിറങ്ങിയിട്ട് 15 വർഷമായി.
2017ൽ നാഷനൽ ഡേയോടനുബന്ധിച്ച് ദുബൈ പൊലീസ് അവാർഡും മൈദാനും ദുബൈ മൗണ്ടൈൻ പൊലീസും ഒന്നിച്ച് നടത്തിയ പരിപാടിയിൽ മികച്ച ഫോട്ടോക്കുള്ള അവാർഡും ഫാഷൻ ഫോട്ടോഗ്രാഫ് അവാർഡുകളും അദ്ദേഹത്തെ തിരഞ്ഞെത്തിയിട്ടുണ്ട്.
കോവിഡ് സമയത്ത് ദുബൈയിൽ മുൻനിര പോരാളിയായിരുന്ന അൻഷദ് കേരളത്തിലാധ്യമായി കരൾ ദാനം ചെയ്ത വ്യക്തിയാണ്. തന്റെ 22ാം വയസ്സിലാണ് അൻഷദ് കരൾ ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.