മാവേലിക്കര: അനുഷ്ഠാന കലയുടെ നാടോടി സൗന്ദര്യം പേറുന്ന പുള്ളുവൻ പാട്ട് കുലത്തൊഴിലാക്കിയ കലാകാരന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം. പുരാതന പുള്ളുവ തറവാടായ ചെട്ടികുളങ്ങര ഉണിച്ചിരേത്ത് വിശ്വനാഥന്റെയും ഗീതയുടെയും മകൻ വിഷ്ണു വിശ്വനാഥാണ് മനസ്സിൽ അനുഷ്ഠാന കലയുടെ സൗന്ദര്യവുമായി എം.ബി.ബി.എസ് എന്ന നേട്ടത്തിന് ഉടമയായത്.
ചെറുപ്രായം മുതൽ അച്ഛനോടൊപ്പം ചെട്ടികുളങ്ങര ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങളിലും സർപ്പംപാട്ട് വേദികളിലും പുള്ളോൻവീണ വായിച്ചുവരുന്ന വിഷ്ണു മെഡിസിന് പഠിക്കുമ്പോഴും കുലത്തൊഴിൽ ഉപേക്ഷിച്ചിരുന്നില്ല.
അച്ഛന്റെ മരണശേഷം അമ്മ ഗീതക്കും സഹോദരൻ ചെട്ടികുളങ്ങര ജയകുമാറിനുമൊപ്പം ക്ഷേത്രത്തിൽ പുള്ളുവൻ പാട്ടിനും നാഗക്കളമെഴുത്തിനും സഹായിയായി പോകുമായിരുന്നു. കൊല്ലം മെഡിസിറ്റി ട്രാവൻകൂർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയ വിഷ്ണു അതേ കോളജിൽതന്നെ ഹൗസ് സർജനായി ചേർന്നു. സഹോദരി ലക്ഷ്മി പ്രിയ ജി. നാഥ് ഷൊർണൂർ ആയുർവേദ മെഡിക്കൽ കോളജിൽ ഡോക്ടറാണ്.
മക്കളെ ഡോക്ടറാക്കണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നെന്നും അത് സാധ്യമായതിൽ സന്തോഷമുണ്ടെന്നും ഡോ. വിഷ്ണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.