മാർച്ച് 14: എസ്.കെ. പൊറ്റെക്കാട്ട് ജന്മദിനം
എസ്.കെ. പൊറ്റെക്കാട്ട് എന്ന മഹാപ്രതിഭയുടെ ആത്മകഥാംശം പേറുന്ന രചനയായി മാറുകയായിരുന്നു അതിരാണിപ്പാടത്തുകാരുടെ ‘ഒരു ദേശത്തിന്റെ കഥ’. കഥാപാത്രങ്ങളാവട്ടെ, പോയകാലത്തെ ‘പച്ചക്കരളുള്ള കുറെ ജന്മങ്ങളും’. സത്യവും ധർമവും ജീവിതമാക്കിയ കൃഷ്ണൻ മാസ്റ്റർ, കുഞ്ഞിക്കേളു മേലാൻ, കോരൻ ബട്ളർ, കുളൂസ് പറങ്ങോടൻ, പെരിക്കാലൻ അയ്യപ്പൻ, ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടർ, മീശക്കണാരൻ, കൂനൻ വേലു, ഞണ്ടു ഗോവിന്ദൻ, തടിച്ചിക്കുങ്കിച്ചിയമ്മ, വെള്ളക്കൂറ കുഞ്ഞിരാമൻ, കുടക്കാൽ ബാലൻ തുടങ്ങിയവർ അതിരാണിപ്പാടത്തിന്റെ മജ്ജയും മാംസവുമാണ്.
കെ.ആർ. ബാബു
ഇവരുടെ ഹൃദയത്തുടിപ്പുകൾ ശ്രീധരനിലൂടെ ജീവൻ നൽകുന്ന ഒരു ദേശത്തിന്റെ കഥക്ക് കോഴിക്കോട് എസ്.കെ. പൊറ്റെക്കാട്ട് ഓഡിറ്റോറിയത്തിൽ ഇതാദ്യമായി 1001 അടിയിൽ ചുവർചിത്രങ്ങൾ വിരിയിച്ചിരിക്കയാണ് ചിത്രകാരനും ട്രെയിനറുമായ കെ.ആർ. ബാബുവിന്റെ നേതൃത്വത്തിൽ 48 കലാകാരന്മാർ. 100 ദിവസമെടുത്ത് രാപ്പകൽ ഭേദെമന്യേ വിശ്രമമില്ലാതെ മനോഹരമാക്കി ഒരുക്കിയ ചുവർചിത്രങ്ങളിൽ ഇലഞ്ഞിപ്പൊയിൽ തറവാടും അതിരാണിപ്പാടവും ഇലവുമരവും ശ്രീധരനും ചേക്കുവും ചെമ്പോത്തും വയലും എരണ്ടപ്പക്ഷികളുo പശുതൊഴുത്തും തേങ്ങാക്കൂടും പനയും ഇലഞ്ഞിമരവും പാമ്പും പൂക്കളും പക്ഷികളും ജീവൻ ത്രസിക്കുന്ന വരകളാൽ വിരിഞ്ഞുനിൽക്കുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ ഒരു ദേശത്തിന്റെ കഥയുടെ 50 വർഷം പിന്നിട്ട ആഘോഷവേളയിലാണ് ഇങ്ങനെ ഒരു ചുവർ ചിത്രത്തെക്കുറിച്ച ആശയമുദിച്ചതെന്ന് മ്യൂറൽ പെയിന്റിങ് അധ്യാപകൻകൂടിയായ കെ.ആർ. ബാബു പറയുന്നു. അറേബ്യൻ വേൾഡ് റെക്കോഡും ഈ ചുവർചിത്രത്തെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.