കുന്ദമംഗലം: കാടും നാടും താണ്ടി സൈക്കിളിൽ ലോകംചുറ്റുന്നവരുടെ കാലമാണിത്. കുന്ദമംഗലം പിലാശ്ശേരിയിലെ ആകാശ് കൃഷ്ണയുടെ സൈക്കിൾ കാരവൻ കണ്ടാൽ ആരും ഒന്ന് നാടുചുറ്റാൻ ആഗ്രഹിക്കും. യാത്ര മാത്രമല്ല, ഭക്ഷണം തയാറാക്കാം, കിടക്കാം, ഉറങ്ങാം. യാത്രക്ക് വേണ്ട എല്ലാ സൗകര്യവുമുണ്ട് ആകാശിന്റെ സൈക്കിൾ കാരവനിൽ.
കെ.എം.സി.ടി പോളി കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ഈ യുവാവ് സ്വന്തം പരിശ്രമത്തിലാണ് കാരവൻ ഒരുക്കിയത്. യാത്രകളെ ഇഷ്ടപ്പെടുന്ന ആകാശ് ലോക്ഡൗൺ കാലത്ത് മുളയിട്ട സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ്. യാത്രകളുടെ ഇടവേളകളിൽ വിശ്രമിക്കാൻ ടെന്റ് ഹൗസിനേക്കാൾ ഉചിതം സൈക്കിൾ കാരവൻ ആണെന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരാശയം ഉണ്ടാകാൻ കാരണം.
ആക്രിക്കടയിൽനിന്ന് ശേഖരിച്ച സാധനങ്ങൾകൊണ്ട് ഒരു ഗിയർ സൈക്കിളാണ് ആദ്യം നിർമിച്ചത്. ഇരുമ്പ് ചട്ടക്കൂടിൽ പി.വി.സി വുഡ് ഉപയോഗിച്ച് നിർമിച്ചതാണ് കാരവന്റെ പുറംഭാഗം. ഉള്ളിൽ രണ്ടുപേർക്ക് ഉറങ്ങാൻ സൗകര്യമുണ്ട്. അകത്ത് ലൈറ്റുകൾ, ഫ്രിഡ്ജ്, ഇൻവെർട്ടർ, ഗ്യാസ് സ്റ്റൗ, വാട്ടർ കൂളർ, ടി.വി, ചെറിയ വാട്ടർ ടാങ്ക്, എക്സോസ്റ്റ് ഫാൻ, സെക്യൂരിറ്റി അലാറം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കാരവനിൽ സ്ഥാപിച്ച സോളാർ വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നത്. കയറ്റങ്ങളിൽ മോട്ടോറിന്റെ സഹായത്തോടെയാണ് സൈക്കിൾ മുന്നോട്ടുപോകുക.
എം.80 സ്കൂട്ടറിന്റെ ചക്രങ്ങളിലാണ് കാരവൻ ഉറപ്പിച്ചിരിക്കുന്നത്. 75 കിലോ ഭാരമുള്ള കാരവന് 90 സെന്റീമീറ്റർ വീതിയും 180 സെന്റീമീറ്റർ നീളവുമുണ്ട്. നിർമാണത്തിനായി 65,000 രൂപയോളം ചെലവായെന്ന് ആകാശ് കൃഷ്ണ പറഞ്ഞു. സൈക്കിളിൽ ഇന്ത്യ ചുറ്റുകയെന്ന സ്വപ്നത്തിന്റെ ആദ്യപടിയായി കേരളയാത്ര ആരംഭിച്ചിരിക്കുകയാണ് ആകാശ് കൃഷ്ണ. ആദ്യഘട്ടം കുന്ദമംഗലം മുതൽ കാസർകോട് വരെയാണ്. അടുത്തഘട്ടത്തിൽ തിരുവനന്തപുരത്തേക്കും യാത്രചെയ്യാനാണ് ഉദ്ദേശിക്കുന്നത്. റോഡ് പണികൾ നടക്കുന്നതിനാലാണ് യാത്ര ഇങ്ങനെ ക്രമീകരിച്ചത്.
യാത്രയിലുടനീളം പിതാവ് ഉദയരാജനും മാതാവ് റീജയും കൂടെയുണ്ടാകും. യാത്രയുടെ ഫ്ലാഗ് ഓഫ് കുന്ദമംഗലത്ത് എം.കെ. രാഘവൻ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി, ബ്ലോക്ക് മെംബർമാരായ അരിയിൽ അലവി, ഷിയോലാൽ, ഖാലിദ് കിളിമുണ്ട, വിനോദ് പടനിലം എന്നിവർ സംബന്ധിച്ചു. ഒരുദിവസം 40 കിലോമീറ്റർ യാത്രചെയ്ത് 15 ദിവസംകൊണ്ട് യാത്ര പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.