മാപ്പിളപ്പാട്ടിന്റെ അബൂബക്കർ ടച്ച്

മാപ്പിള കലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഇത്തവണത്തെ മോയിൻകുട്ടിവൈദ്യർ സ്മാരക അവാർഡ് നേടിയ പുലാമന്തോൾ അബൂബക്കർ മാസ്റ്റർ. അറബിച്ചുവയുള്ള മലയാള ഭാഷയിൽ എഴുതപ്പെട്ട മുസ്‌ലിം ഗാനശാഖയായ മാപ്പിളപ്പാട്ടിൽ ഈണവും താളവും കണ്ടെത്തി അതിനനുസൃതമായ രീതിയിൽ ജനകീയവും സംഗീതാത്മകവുമാക്കാൻ അഹോരാത്രം പണിയെടുത്ത വ്യക്തിത്വം. അദ്ദേഹത്തിന്റെ വിശേഷങ്ങളിലൂടെ...

മാപ്പിളപ്പാട്ടിന്റെ പഠനം

മാപ്പിളകലകളുടെ അനന്തസാധ്യതകൾ മനസ്സിലാക്കിയ അബൂബക്കർ മാസ്റ്റർ മാപ്പിളകലാ വികസനത്തിന് വിദഗ്ധ പഠനംതന്നെ നടത്തി. അതിന്റെ ഭാഗമായാണ് ഇസ്‍ലാമിക സാഹിത്യത്തിന്റെ വിദഗ്ധ പഠനത്തിനായി അധ്യാപകവൃത്തിയിൽനിന്നും അവധിയെടുത്ത് സൗദിയിൽ എത്തിയത്.

സൗദിയിലെ റിയാദ് യൂനിവേഴ്സിറ്റിയിൽ സ്റ്റൈപ്പൻഡോടെ അഞ്ചുവർഷത്തെ പഠനം. പക്ഷേ, പ്രതികൂല സാഹചര്യങ്ങൾ കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.

സാഹിത്യ-ശാസ്ത്രീയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതിനാൽ വ്യക്തിത്വം വികസിപ്പിക്കാൻ പഠനം അനിവാര്യമാണെന്ന ഇസ്‍ലാമിക കാഴ്ചപ്പാട് അതു​േപാലെ അദ്ദേഹം പിന്തുടർന്നു. അതുകൊണ്ടുതന്നെ സ്കൂൾ അധ്യാപകവൃത്തിക്കു ശേഷവും കരിങ്ങനാട് സലഫിയ അറബിക് കോളജിൽ വർഷങ്ങളോളം അധ്യാപകനായി.

മാപ്പിളകലകളെ നെഞ്ചേറ്റി നടന്ന മാസ്റ്റർ തന്റെ അറിവുകൾ മത്സരവേദികളിലും പങ്കുവെച്ചു. മത്സരവേദികളിലെ മൂല്യനിർണയത്തിലും അതു പ്രതിഫലിച്ചിരുന്നു.

സംഗീതപഠനത്തിന്റെ പുതുവഴി

മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ട് സാഹിത്യത്തിൽപെടും. എന്നാൽ, ഇവക്കെല്ലാം ഒരേരീതിയും താളവുമായിരുന്നു. മാപ്പിളപ്പാട്ടിൽ സംഗീതത്തിന്റെ അനിവാര്യത മനസ്സിലാക്കിയ മാസ്റ്റർ സംഗീതപഠനത്തിന്റെ പുതിയ വഴികൾ കണ്ടെത്തി.

​ശാസ്ത്രീയ സംഗീത പഠനത്തിനായി ചെറുകര മണിമാസ്റ്ററെയും തുവ്വൂർ ഗോവിന്ദ പിഷാരടിയെയും ഗുരുനാഥൻമാരാക്കി. ഈ സമയം പാലനാട് ദിവാകരൻ മാഷും ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. സംഗീതത്തോടു മാത്രമല്ല എല്ലാ മാപ്പിള കലകളോടും സത്യസന്ധതയും നീതിയും പുലർത്തിയ വ്യക്തിത്വമാണ് അബൂബക്കർ മാസ്റ്റർ.

ആൾ ഇന്ത്യ റേഡിയോയിൽ ബി ഹൈ ആർട്ടിസ്റ്റ് ആയിരുന്നു അബൂബക്കർ മാസ്റ്റർ. ആദ്യകാല ദൂരദർശൻ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. മക്കളായ സുമയ്യ, സനിയ, സജിയ എന്നിവരോടൊത്തും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

സൗഹൃദക്കൂട്ടുകൾ

പക്കർ പാനൂരിനെയും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെയുംപോലുള്ള നിരവധിപേരുമായി സൗഹൃദം ഇന്നും ​െവച്ചുപുലർത്തുന്നുണ്ട് അബൂബക്കർ മാസ്റ്റർ. രോഗങ്ങളും ഓർമക്കുറവുമാണ് ഇന്ന് മാസ്റ്റർ നേരിടുന്ന വലിയ വെല്ലുവിളി. വൃക്കസംബന്ധമായ രോഗങ്ങളാൽ ഡയാലിസിസിന് വിധേയനായി​ക്കൊണ്ടിരിക്കുന്നതിനാൽ നടക്കാനും ബുദ്ധിമുട്ടുന്നു.

മദ്റസ അധ്യാപകനായിരുന്ന മലപ്പുറം പുലാമന്തോൾ യു.പിയിലെ ചേക്കു മുസ്‍ലിയാർ-ബീവിയുമ്മ ദമ്പതികളുടെ മകനായാണ് ജനനം.

നാല് സഹോദരങ്ങൾ. തിരുനാരായണപുരം യു.പി, പുലാമന്തോൾ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം 1968ൽ പുലാമന്തോൾ സെൻട്രൽ എൽ.പി സ്കൂളിൽ അറബി അധ്യാപകനായി. നാട്യമംഗലം എൽ.പി സ്കൂൾ അധ്യാപികയായ ആമിനക്കുട്ടിയെ 1969ൽ ജീവിതസഖിയാക്കി. എടപ്പലം പി.ടി.എം സ്കൂൾ അധ്യാപകൻ ഷേക്ക് മുഹമ്മദ് അഷറഫ്, സുമയ്യ, സനിയ, സജിയ എന്നിവർ മക്കളാണ്. 

Tags:    
News Summary - Aboobackar Touch of Mappilapattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.