അബൂദബി: ലോകത്തുടനീളമുള്ള ബ്ലൂ കോളർ തൊഴിലാളികൾക്ക് ആദരവായി തൊഴിലാളി വേഷത്തിൽ അഡ്നോക് അബൂദബി മാരത്തണിൽ പങ്കെടുത്ത് പ്രവാസി മലയാളി. എണ്ണ, പ്രകൃതിവാതക മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ അഡ്‌നോക്കിന്‍റെ സേഫ്റ്റി വിഭാഗത്തിൽ ജോലിചെയ്യുന്ന കണ്ണൂർ തളിപ്പറമ്പ് കുപ്പം കക്കോട്ടകത്ത് വളപ്പിൽവീട്ടിൽ സാദിഖ് അഹമ്മദാണ് തൊഴിലാളിവേഷത്തിൽ 42.2 കി.മീ. മാരത്തൺ പൂർത്തിയാക്കിയത്.
തൊഴിലിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനു കൂടിയാണ് ഈ വേഷത്തിൽ മാരത്തണിൽ പങ്കെടുത്തതെന്ന് സാദിഖ് പറയുന്നു. നാലുമണിക്കൂർ 12 മിനിറ്റ് കൊണ്ടാണ് സാദിഖ് മാരത്തൺ പൂർത്തിയാക്കിയത്. സാദിഖിന്‍റെ ഏഴാം മാരത്തണാണിത്. അഡ്‌നോക് സേഫ്റ്റി വിഭാഗത്തിൽ പത്തുവർഷമായി ജോലി ചെയ്തുവരുകയാണ്. ഭാര്യ: സൈബിമോൾ അസ്‌റ.
അതേസമയം, മാരത്തണിൽ കെനിയക്കാരനായ തിമോത്തി കിപ്ലഗാട്ട് വിജയിച്ചു. രണ്ടുമണിക്കൂർ അഞ്ചുമിനിറ്റ് കൊണ്ടാണ് തിമോത്തി ലക്ഷ്യംകണ്ടത്. കെനിയയിൽ ജനിച്ച ബഹ്റൈൻ കായികതാരം യൂനിസ് ചുമ്പ് രണ്ടുമണിക്കൂർ 20 മിനിറ്റ് സമയംകൊണ്ട് ഓടിയെത്തി രണ്ടാംസ്ഥാനം കൈവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.