കുവൈത്ത് സിറ്റി: ചേതക് സ്കൂട്ടറിൽ രാജ്യംചുറ്റുന്ന അഫ്സലും ബിലാലും കുവൈത്തിലെത്തി. ഇനി ഒരാഴ്ച കുവൈത്തിന്റെ തെരുവുകളിലും ഗ്രാമങ്ങളിലും ഇവർ സ്കൂട്ടറിൽ ചുറ്റും. അങ്ങനെ കുവൈത്ത് കണ്ടുതീർത്ത് മറ്റൊരു രാജ്യത്തേക്കു മടങ്ങും. കാസർകോട് നായ്മാർമൂല സ്വദേശികളായ അഫ്സലും, ബിലാലും ബൈക്കിൽ വിവിധ നാടുകൾ ചുറ്റുന്നതിന്റെ ഭാഗമായാണ് കുവൈത്തിൽ എത്തിയത്.
ദുബൈ, ഒമാൻ, സൗദി, ബഹ്റൈൻ എന്നിവ പിന്നിട്ടാണ് യാത്ര കുവൈത്തിലെത്തിയത്. ഇന്ത്യ മുഴുവൻ 8000 കിലോമീറ്ററിൽ കറങ്ങിയശേഷമാണ് ജി.സി.സി രാജ്യങ്ങളിലേക്കു കടന്നത്. കേരളത്തിൽനിന്ന് കൊണ്ടുവന്ന ചേതക് സ്കൂട്ടറിലാണ് ഇവരുടെ നാടുചുറ്റൽ. അഫ്ഗാനിസ്താൻ വഴി റോഡ് മാർഗം എത്താനായിരുന്നു ആലോചനയെങ്കിലും അവിടത്തെ പ്രശ്നം കാരണം പ്ലാൻ മാറ്റി. പിന്നീട് കൊച്ചിയിൽനിന്ന് കപ്പൽ മാർഗം ചേതക് ദുബൈയിൽ എത്തിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ കറങ്ങിയശേഷം ഒമാനിലേക്കു പ്രവേശിച്ചു. പിന്നീട് മറ്റു രാജ്യങ്ങളും സ്കൂട്ടറിൽ ചുറ്റിക്കണ്ടു.
കെ.എൽ 14 എ.ബി 3410 ആണ് ഇവരുടെ ചേതക്കിന്റെ നമ്പർ. ഈ നമ്പറിനും ഒരു പ്രത്യേകതയുണ്ട്. അഫ്സലിന്റെയും ബിലാലിന്റെയും പേരിന്റെ ആദ്യ അക്ഷരമായ എ.ബിയാണ് ഇവർ രജിസ്ട്രേഷനായി തിരഞ്ഞെടുത്തത്. 20, 21 വയസ്സുള്ള ഇരുവരും ഇവരേക്കാൾ പ്രായമുള്ള ചേതക്കുമായാണ് കറങ്ങുന്നത്. യാത്രക്കിടെ വേണ്ട അത്യാവശ്യ വസ്തുക്കൾ സ്കൂട്ടറിൽ ഘടിപ്പിച്ചിട്ടുണ്ട്. ലഹരിക്കെതിരായ സന്ദേശം പ്രചരിപ്പിക്കലും ലക്ഷ്യമാണ്.
ഇതിന്റെ വിവിധ സ്റ്റിക്കറുകൾ വാഹനത്തിൽ പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പ്രധാന സ്ഥലങ്ങളും സംസ്കാരവും സ്കൂട്ടറിലെ പെട്ടിയിൽ വായിച്ചെടുക്കാം. വെറുമൊരു പെട്ടിയല്ല ഈ സ്കൂട്ടറിലുള്ളത്. മൊബൈലുമായി ബന്ധിപ്പിച്ചതാണ് ഇത്. മൊബൈലിൽ നിർദേശം നൽകുന്നതിനനുസരിച്ച് പെട്ടിയിലെ ഫ്ലാഗുകൾ ഉയരുകയും താഴുകയും ചെയ്യും. ചിത്രങ്ങളും മാറി മറിയും.
കുവൈത്തിൽ രാവിലെ സ്കൂട്ടറുമായി പുറത്തിറങ്ങുന്ന ഇവർ കഴിയുന്നത്ര ദൂരം മറികടക്കുന്നു. കാലാവസ്ഥയും വെയിലിന്റെ ചൂടും അനുസരിച്ചാണ് യാത്ര പ്ലാൻ ചെയ്യുന്നത്. ദുബൈ ദുബൈ കറക് മക്കാനി മാനേജ്മെന്റാണ് കുവൈത്തിൽ ഇവരുടെ വിസക്കും താമസത്തിനും സൗകര്യമൊരുക്കിയത്.
ബന്ധുക്കളുടെ പൂർണ പിന്തുണയോടെയാണ് യാത്ര. ജീവിതം കണ്ടും ആസ്വദിച്ചും മുന്നോട്ടുപോകുക എന്നതാണ് തങ്ങളുടെ രീതിയെന്ന് അഫ്സലും ബിലാലും പറയുന്നു. കുവൈത്ത് പര്യടനം പൂർത്തിയായാൽ സൗദി വഴി വീണ്ടും നാട്ടിലേക്കു തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.