താമരശ്ശേരി: സോഫ്റ്റ് വെയർ എൻജിനീയറായ യുവകർഷകൻ ട്രാക്ടറുമായി കൃഷിയിടങ്ങളിൽ സജീവമാന്നു. കൃഷിയിൽ അതീവ തൽപരനും ബംഗളൂരു സ്വകാര്യ മൾട്ടിനാഷനൽ കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയറുമായ പരപ്പൻപൊയിൽ ചെറുവലത്ത് ശ്രീപത്മം വീട്ടിൽ അജയ് കൃഷ്ണ കഴിഞ്ഞ രണ്ടുവർഷക്കാലമായി കമ്പനി ജോലിക്കൊപ്പം കതിർ കർഷക കൂട്ടായ്മയിലെ സജീവ അംഗം കൂടിയാണ്.
ചാക്കാത്ത് വയലിൽ രണ്ടേക്കർ തരിശുനിലത്തെ നെൽകൃഷി കൂട്ടായ്മ വിജയിച്ചതോടെ നിലമൊരുക്കാൻ ട്രാക്ടർ ഏറെ ഉപകാരപ്രദമാണെന്ന തിരിച്ചറിവാണ് ട്രാക്ടർ സ്വന്തമാക്കുന്ന ചിന്തയിലേക്ക് അജയ് കൃഷ്ണയെ നയിച്ചത്. സർക്കാറിന്റെ സബ്സിഡി പദ്ധതിയിലൂടെയാണ് ഇതു പ്രാവർത്തികമാക്കിയത്. റോട്ടേവേറ്റർ ഉപയോഗിച്ച് വയലും, കരയും പൊടിമണ്ണാക്കി നിരപ്പാക്കാനും, കൾട്ടിവേറ്റർ (കലപ്പ ) ഘടിപ്പിച്ച് ഉഴുതുമറിക്കാനുമുള്ള യന്ത്രങ്ങളും ഇതോടൊപ്പം വാങ്ങിച്ചു.
നാട്ടിലെ കർഷക കൂട്ടായ്മയുടെ വയൽ കൃഷിക്ക് നിലമൊരുക്കുന്നതിനുപുറമെ മിതമായ നിരക്കിൽ മറ്റു കർഷക കൂട്ടായ്മകളുടെയും, സ്വകാര്യ വ്യക്തികളുടെയും കൃഷിയിടങ്ങളിൽ നിലമൊരുക്കുകയുമാണ് ലക്ഷ്യം. ഹൈടെക് സാധ്യതകൾ കാർഷികരംഗത്ത് പ്രയോഗിക്കുകയും യുവതലമുറക്ക് കൃഷിയുടെ സാധ്യതകളെ മനസ്സിലാക്കി നൽകുകയെന്നതും തന്റെ ലക്ഷ്യമാണെന്നാണ് അജയ് പറയുന്നത്.
ചാക്കാത്ത് വയലിൽ ട്രാക്ടറിന്റെ കന്നിപ്പൂട്ടിന് സാക്ഷ്യംവഹിക്കാൻ നാട്ടുകാർക്കൊപ്പം കൃഷിഭവന്റെയും, ഗ്രാമപഞ്ചായത്തിന്റെയും, പാടശേഖര സമിതിയുടെയും, കതിർ കർഷക കൂട്ടായ്മയുടെയും ഭാരവാഹികൾ സന്നിഹിതരായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ കന്നിപ്പൂട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.സി. അബ്ദുൽ അസീസ്, കൃഷി ഓഫിസർ എം.എം. സബീന, പാടശേഖര സമിതി അംഗങ്ങളായ ഗിരീഷ് തേവള്ളി, രാധാകൃഷ്ണൻ ചെമ്പ്ര, വാസുദേവൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.