ചെറുപ്പം മുതലേ പറക്കണം, ചാടണം എന്നൊക്കെയുള്ള അതിയായ ആഗ്രഹം ഉള്ളിൽ കൊണ്ടു നടന്നിരുന്ന ഒരു പയ്യൻ. സംഗതി കാശ് ചെലവുള്ളതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സ്വന്തമായി സമ്പാദിച്ചതിനുശേഷം ആവാം എന്ന തീരുമാനത്തിൽ ജോലിയിൽനിന്നും ലഭിക്കുന്നതിൽ നിന്ന് ഈ സാഹസിഹതയ്ക്കായി സ്വരൂപിച്ചു തുടങ്ങി അജ്മൽ. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ ൈയൈിലുള്ളത് നുള്ളിപ്പെറുക്കി നേരെ ഹരിയാനയിലേക്ക് വണ്ടി കയറി. അവിടെ നർനോൾ എന്ന സ്ഥലത്തെ എയർസ്ട്രിപ്പിൽ സജ്ജീകരിച്ച ഇന്ത്യയിലെ ഏക അന്താരാഷ്ട്ര സ്കൈഡൈവിങ് കേന്ദ്രത്തിലാണ് അജ്മൽ സോളോ ജംപ് നടത്തി തന്റെ ആകാശച്ചാട്ടത്തിന് തുടക്കം കുറിച്ചത്.
ആദ്യ ചാട്ടം തന്നെയാണ് ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിച്ചത് എന്ന് അജ്മൽ പറയുന്നു. സംഗതി സാഹസത്തിന്റെ അങ്ങേയറ്റം ആയതിനാൽ തന്നെ നാട്ടിലും വീട്ടിലും ഒന്നും ഇങ്ങനെ ഒരു ഉദ്യമത്തിനാണ് പോകുന്നത് എന്ന് പറയാതെയാണ് ഹരിയാനയിലേക്ക് പോയത്. സാധാരണ ആദ്യം ചാടുന്നവർ ഒരു ഇൻസ്ട്രക്ടറുടെ കൂടെ അവരുടെ നിയന്ത്രണത്തിലാണ് (Tantum Diving ) ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിരുക. എന്നാൽ തന്റെ ആദ്യചാട്ടം തന്നെ സോളോ ആവണമെന്ന നിർബന്ധമുണ്ടായിരുന്നു അജ്മലിന്.
5000 അടി ഉയരത്തിൽ വിമാനത്തിന്റെ തുറന്ന വാതിൽക്കൽ നിന്നും പിടിവിട്ട് ചാടിയപ്പോൾ ആദ്യത്തെ നാലഞ്ച് സെക്കൻഡ് പറഞ്ഞറിയിക്കാൻ ആവാത്ത മാനസികാവസ്ഥയിലായിരുന്നു എന്ന് അജ്മൽ വിവരിക്കുന്നു. ഉള്ളിൽ ഒതുങ്ങാത്ത ആകാംക്ഷയും പരിഭ്രമവും ഭയവും ഒക്കെ കൂടിക്കുഴഞ്ഞ ഒരു അവസ്ഥ ആയിരിന്നു അതത്രെ! നമ്മുടെ പേടിയെ അതിജീവിക്കുന്ന ആദ്യത്തെ അഞ്ച് സെക്കൻഡുകൾ കഴിഞ്ഞ് പിന്നീട് നിലം തൊടുന്നത് വരെയുള്ള ആ യാത്ര വാക്കുകളിൽ ഒതുക്കാൻ ആവാത്ത ഒരു അനുഭൂതി സമ്മാനിക്കും എന്ന് അജ്മൽ ആണയിടുന്നു.
ആദ്യ ചാട്ടത്തോടെ ഹരം കയറിയ അജ്മൽ പ്രൊഫഷനൽ ആകണമെന്ന ആഗ്രഹത്തോടെയാണ് സ്കൈ ഡൈവിങ് കോഴ്സിന് തായ്ലൻഡിൽ പോയതും ചാടാൻ മാത്രമായി ജോലി തേടി യു.എ.ഇ തെരഞ്ഞെടുത്തതും. 114 ഓളം ആകാശച്ചാട്ടങ്ങൾ നടത്തിയ അജ്മൽ ഒരുതവണ തന്റെ തൊഴിലായ ഷെഫ് വേഷവിധാനത്തിലും ഡൈവ് ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
സ്കൈഡൈവിങ് ഒരുവട്ടമെങ്കിലും ചെയ്യണമെന്നുണ്ട് ; എന്നാൽ പേടി മൂലം ഇതുവരെ മെനക്കെട്ടില്ല എന്ന കൂട്ടത്തിൽ ആണോ നിങ്ങൾ? എന്നാൽ ഈ ചാട്ടം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് നിങ്ങൾ ആയിരിക്കുമെന്ന് അജ്മൽ സ്വന്തം അനുഭവം വെച്ച് പറയുന്നു. എത്ര കൂടുതൽ പേടിയുണ്ടോ അത്രയും രസം കൂടുകയേയുള്ളൂ ഈ സാഹസത്തിൽ. കാരണം നിങ്ങൾ തരണം ചെയ്യുന്ന വെല്ലുവിളി തന്നെയാണ് ഇതിന്റെ അളവുകോൽ. നൂറിൽപരം ചാട്ടങ്ങൾ ചാടിയ അജ്മൽ പക്ഷേ ഈ വിനോദത്തിലേക്ക് എടുത്തുചാടാൻ ആരെയും നിർബന്ധിക്കുന്നില്ല.
പറയാനുള്ളത് ഇത്രമാത്രം; ഡൈവ് ചെയ്യാൻ അതിയായ ആഗ്രഹവും അതിനുള്ള സാഹചര്യവും ഉണ്ടെങ്കിൽ തീർച്ചയായും ജീവിതത്തിൽ ഒരുവട്ടമെങ്കിലും നിങ്ങൾ ഇത് ചെയ്യാതെ പോകരുത്. കാരണം ഈ വിനോദം തരുന്ന ഊർജ്ജം നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് തന്നെയായേക്കും. കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും ഉള്ള പിന്തുണ : സാമ്പത്തിക ചെലവും സാഹസികതയും ഒരുപോലെ ഉൾപ്പെട്ട ഒരു വിനോദമായതിനാൽ ഉറ്റവരും ഉടയവരും നമ്മുടെ നന്മ ആഗ്രഹിച്ച് അത്ര പിന്തുണ നൽകണമെന്നില്ല. അതുകൊണ്ടുതന്നെ അജ്മൽ ആരോടും പറയാതെ ആണ് ആദ്യം പോയി ചാടിയത്. അതിനുശേഷം ആണ് എല്ലാവരെയും ചാടിയ വിവരം അറിയിച്ചത്. പക്ഷേ പുതിയതായി ചാടുന്നവരോട് എല്ലാവരെയും അറിയിച്ചു ചെയ്യാൻ തന്നെയാണ് അജ്മലിന്റെ ഉപദേശം.
തൃശ്ശൂർ ജില്ലയിലെ പെരുമ്പിലാവ് സ്വദേശിയായ അജ്മൽ തന്റെ ഡൈവിങ് സാധ്യതകൾക്ക് ഉചിതമായ ഇടം എന്ന നിലയിലാണ് യു.എ.ഇയിലേക്ക് ചേക്കേറിയത്. ഇപ്പോൾ ദുബൈയിൽ ഷെഫ് ആയി ജോലി ചെയ്യുന്ന ഈ ഹോട്ടൽ മാനേജ്മെൻറ് ബിരുദധാരി ഡൈവിങ് ഇൻസ്ട്രക്ടറായി മാറാനുള്ള തയാറെടുപ്പിലാണ്. അധ്യാപക ദമ്പതികളായ മാതാപിതാക്കളും സഹോദരനും സഹോദരിയും അടങ്ങിയതാണ് അജ്മലിന്റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.