പയ്യന്നൂർ: അതിരാവിലെ പയ്യന്നൂരിനടുത്ത കാങ്കോൽ ശിവക്ഷേത്ര മൈതാനത്ത് എത്തുന്നവരുടെ ശ്രദ്ധയിൽ ആദ്യമെത്തുക അഖിൽദാസ് എന്ന ചെറുപ്പക്കാരന്റെ ചിരിക്കുന്ന മുഖമാണ്. ഒപ്പം നീട്ടിയുള്ള വിസിൽ ശബ്ദവും. വെറുതെ വ്യായാമത്തിനെത്തുന്നതല്ല അഖിൽ. വിവിധ സേനകളിലേക്കുള്ള ഉദ്യോഗാർഥികളേയും കായിക താരങ്ങളേയും വാർത്തെടുക്കുന്ന തിരക്കിലാണ് എല്ലാ പ്രഭാതങ്ങളിലും മാത്തിൽ സ്വദേശിയായ ഈ യുവ പരിശീലകൻ. ഫാസ്റ്റ് അക്കാദമിയിലെ പരിശീലകനായ അഖിൽദാസ് വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് സ്വന്തം നാട്ടിൽ പരിശീലക വേഷമണിയുന്നത്.
ചിട്ടയാർന്ന പരിശീലനം നൽകുന്നതു കൊണ്ടു തന്നെ ശിഷ്യരുടെ എണ്ണം ഏറെ. മിലിട്ടറി, പൊലീസ്, എക്സൈസ്, അഗ്നിരക്ഷാ സേന, വനം വകുപ്പ് തുടങ്ങി വിവിധ യൂനിഫോം സേനകളിൽ എഴുത്ത് പരീക്ഷകൾ പാസായി കായിക ക്ഷമത ടെസ്റ്റിന് തയാറെടുക്കുന്നവർ മുതൽ അന്തർ ദേശീയ സ്പോട്സ് താരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.
ഒളിമ്പ്യൻ വിസ്മയ, ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻ ആദിത്യ മോൾ, ദേശീയ ബാറ്റ്മിന്റൺ താരം താനിയ എന്നിവർ ഇവരിൽ ചിലർ മാത്രമാണ്. അഖിലിന്റെ പരിശീലനക്കളരിയിൽ നിന്നും വിവിധ സേന വിഭാഗങ്ങളിൽ ജോലി നേടിയവരും നിരവധിയാണ്. സ്വന്തം ഗുരുവായ കരുണാകരൻ മാസ്റ്ററുടെ പരിപൂർണ പിന്തുണയും സഹായവും ഈ സേവനത്തിന് ലഭിക്കുന്നതായി അഖിൽ പറയുന്നു.
തികച്ചും സൗജന്യമാണ് പരിശീലനം. അഖിലിന്റെ പരിശീലന മികവിന്റെ പങ്കുപറ്റാൻ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും യുവാക്കൾ എത്തുന്നു. മാത്തിൽ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി പി. ശശിധരന്റേയും ശോഭയുടേയും മകനാണ് അഖിൽ ദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.