ആറാട്ടുപുഴ: ഗായകനായും തബലിസ്റ്റായും പ്രശസ്തനായ ആലപ്പി ഇക്ബാലിന്റെ (74) കലാജീവിതം ആറ് പതിറ്റാണ്ട് പിന്നിടുന്നു. പെൺ സ്വരത്തിലൂടെ കലാജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിന് കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരോടൊപ്പം വേദി പങ്കിട്ടതിന്റെ പെരുമ പറയാനുണ്ട്.
സ്ത്രീ ശബ്ദത്തിലുള്ള ഇക്ബാലിൻ്റെ മനോഹര ഗാനം കേട്ട് സംഗീത വാദ്യോപകരണ കലാകാരന്മാരാണ് കാഥികൻ എം.എ അസീസിന്റെ റിഹേഴ്സൽ ക്യാമ്പിലെത്തിക്കുന്നത്. അന്ന് ഇക്ബാലിന് വയസ് 11, അവിടെ നിന്നാണ് കലാജീവിതം ആരംഭിക്കുന്നത്. ആകാശവാണിയിൽ മാപ്പിള ഗാനങ്ങൾ ആലപിക്കാൻ അവസരം ലഭിച്ചതോടെ ഇക്ബാൽ അറിയപ്പെട്ട് തുടങ്ങി. കഥാപ്രസംഗവേദിയിലെ ആൺ-പെൺ സ്വരത്തിലുള്ള ഇക്ബാലിന്റെ പാട്ടുകളെ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.
തുടർന്ന് ആലപ്പി മ്യൂസിക്കൽ അസോസിയേഷൻ ഇക്ബാലിനെ ഗാനമേള ട്രൂപ്പിലേക്ക് ക്ഷണിച്ചു. അതോടെ പെൺ സ്വരത്തിലെ പാട്ടുകൾക്ക് കൂടുതൽ വേദിലഭിച്ചു. പ്രിയതമാ... പ്രിയതമാ... പ്രണയലേഖനം .., കാറ്റിൽ ഇളം കാറ്റിൽ, പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു പട്ടുനൂലുമാല തുടങ്ങിയവ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങളായിരുന്നു. പ്രശസ്ത ഗായകൻ കൊച്ചിൻ മെഹബൂബിനൊപ്പവും പാടിയതിന്റെ ഓർമകൾ ഇക്ബാലിന്റെ മനസിൽ മായാതെ നിൽക്കുന്നു.
കലാജീവിതത്തിന്റെ മറ്റൊരു ഘട്ടം തബലിസ്റ്റായിട്ടായിരുന്നു. ബ്ലൂ ഡയമണ്ട് ഓർക്കസ്ട്രാക്ക് വേണ്ടിയും പുത്തനങ്ങാടി സെന്റ് ജോർജ് പള്ളിയിലെ ക്വയറിന് വേണ്ടിയും തബല വായിച്ചിട്ടുണ്ട്. പ്രശസ്ത കാഥികരായ റംല ബീഗം, അയിഷ ബീഗം, കൊല്ലം ബാബു, ചവറ ധനപാലൻ, കാപ്പിൽ അജയകുമാർ തുടങ്ങിയവർക്കൊപ്പം തബലിസ്റ്റായും പാട്ടുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം ബാബുവിനോടൊപ്പം കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിൻ സംഗമിത്ര, ചങ്ങനാശ്ശേരി പ്രകാശ് തീയേറ്റേഴ്സ് തുടങ്ങിയ നാടക ട്രൂപ്പുകളിലും വിവിധ ബാലെ ട്രൂപ്പുകളിലും പാട്ടുകാരനും തബലിസ്റ്റുമായി.
സർക്കാർ സേവനത്തിന്റെ ചരിത്രം കൂടി ഇക്ബാലിനുണ്ട്. 1984 വില്ലേജ് മാൻ ആയി സർവീസിൽ കയറിയ ഇക്ബാൽ തൻറെ കലാ ജീവിതവും അതിനോടൊപ്പം കൊണ്ടുപോയി. 2004 വിരമിച്ച ശേഷവും ഇഖ്ബാൽ കലാരംഗത്ത് സജീവമാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന തനിമ കലാ സാഹിത്യ വേദിയുടെ ദീർഘനാളായി ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. കൂടാതെ മാസ്റ്റേഴ്സ് വോയിസ് എന്ന കലാകാരന്മാരുടെ കൂട്ടായ്മയിലും സജീവ അംഗമാണ്. ആലപ്പുഴ നഗരത്തിന്റെ സംഗീത സായാഹ്നങ്ങളിൽ ഇപ്പോഴും തബല വായിച്ചും പാട്ട് പാടിയും ആലപ്പി ഇക്ബാൽ തന്റെ ആറ് പതിറ്റാണ്ട് നീളുന്ന കലാജീവിതം തുടരുകയാണ്. പുന്നപ്ര വടക്ക് ഭാവനാലയത്തിലാണ് താമസം. ഭാര്യ: സുബൈദ. മക്കൾ: റജീഷ്, സൗമ്യ, സുരമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.