കക്കോടി: സമയത്തിനെത്തില്ലെന്നോ കൂലിക്കനുസരിച്ച് ജോലിയെടുക്കില്ലെന്നോ ഉള്ള പരാതിക്കിടകൊടുക്കാതെ ജോലി ആരാധനയായി കരുതുന്ന ഒരുകൂട്ടം തൊഴിലാളികളാണ് വെള്ളിമാട്കുന്ന് സ്വദേശിയായ അൻജഷാക്കുകീഴിൽ. പെയിന്റിങ് തൊഴിലാളികളായ എട്ടുപേരടങ്ങുന്ന സംഘത്തിന് സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെങ്കിലും ഒരു പരാതിക്കും ഇടനൽകാതെ ജോലിചെയ്യാനറിയാം.
ഇവരുടെ ജോലിരീതി അടുത്തറിയുന്നവർ പുതിയൊരു തൊഴിൽസംസ്കാരം പരിചയപ്പെടുകയാണ്. ഉടമസ്ഥന്റെ പൂർണ തൃപ്തിയിലാണ് ഇവർ കൂലിവാങ്ങി വീട്ടിലേക്കുപോകുന്നത്. പയ്യാനക്കൽ സ്വദേശിയായ നിയാസ്, കക്കോടി സ്വദേശിയായ റസാഖ്, ചേളന്നൂർ സ്വദേശികളയ ഹാരിസ്, ഗഫൂർ, ഫറൂഖ് അബീൽ, പ്രമോദ്, ഒഡിഷ സ്വദേശിയായ നസീം എന്നിവരടങ്ങിയ സംഘമാണ് തൊഴിലെടുത്ത് ആളുകളുടെ പ്രീതി നേടുന്നത്. രാവിലെ ഏഴുമണിക്ക് ജോലിക്കെത്തുന്ന ഇവർ വൈകീട്ട് മൂന്നുവരെ ജോലി ചെയ്യും.
സാധാരണ കൂലിയായ 950 രൂപയാണ് ഇവർ വാങ്ങിക്കുന്നത്. മറ്റുള്ളവരെപോലെ ഫോൺ ചെയ്യാനോ സംസാരിച്ചിരിക്കാനോ ഇവർ ഒരു നിമിഷവും കളയില്ല. ഭിന്നശേഷിക്കാരാണെങ്കിലും ഏറ്റവും പുതിയ രീതികളിലും നിറങ്ങളിലുമാണ് കെട്ടിടങ്ങളെ അണിയിച്ചൊരുക്കുന്നത്.
കമ്പനികളുടെ എല്ലാ പുതിയ പരിശീലനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുന്നതിനാൽ ഏറ്റവും പുതിയ സാങ്കേതികത്തികവിലാണ് ജോലി ചെയ്യുന്നത്. ഉടമസ്ഥരുമായി ആശയവിനിമയവും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എഴുത്തിലൂടെയാണ്. എല്ലാവരും വിവാഹിതരാണ്. പ്രമോദ് ഒഴിച്ച് മറ്റെല്ലാവർക്കും കുട്ടികളുമുണ്ട്. ഇവരിൽ പലരുടെയും കൂട്ടുകെട്ടിന് 20 വർഷത്തിലേറെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.