ഹിമാലയത്തില്‍ ദേശീയപതാക പാറിച്ച് അർജുൻ പാണ്ഡ്യൻ

തൊടുപുഴ: കൊടുമുടികള്‍ കീഴടക്കാനുള്ള തന്റെ രണ്ടാം ദൗത്യം സ്വന്തം ജില്ലയുടെയും രാജ്യത്തിന്‍റെയും പിറന്നാള്‍ ഓര്‍മക്കായി സമര്‍പ്പിച്ച് യുവ ഐ.എ.എസ് ഓഫിസറും സംസ്ഥാന ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണറുമായ അര്‍ജുന്‍ പാണ്ഡ്യന്‍.

ഇത്തവണ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ലഡാക്കിലെ മൗണ്ട് നണ്‍ കൊടുമുടിയുടെ 6129 മീറ്റര്‍ (20,108 അടി) ഉയരത്തിലാണ് അര്‍ജുന്‍ ദേശീയപതാക സ്ഥാപിച്ചത്. ഇന്ത്യന്‍ മൗണ്ടനീയറിങ് ഫൗണ്ടേഷന്റെ (ഐ.എം.എഫ്) അംഗീകാരത്തോടെ നടത്തിയ 21 ദിവസത്തെ പര്‍വതാരോഹണ പര്യവേഷണത്തിന്റെ ഭാഗമായി ആഗസ്റ്റ് 17നാണ് മൗണ്ട് നണ്‍ കൊടുമുടിയിലേക്കുള്ള യാത്ര ആരംഭിച്ചത്.

തുടര്‍ച്ചയായി പര്‍വതാരോഹണം നടത്തുന്നയാളാണ് ഇടുക്കിയിലെ മലയോര മേഖലയായ ഏലപ്പാറ ബോണാമിയില്‍ ജനിച്ച് വളര്‍ന്ന അര്‍ജുന്‍ പാണ്ഡ്യന്‍. ഇക്കഴിഞ്ഞ മേയില്‍ സമുദ്രനിരപ്പില്‍നിന്ന് 5760 മീറ്റര്‍ ഉയരമുള്ള ഉത്തരഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 (ഡി.കെ.ഡി-2) അര്‍ജുന്‍ കീഴടക്കിയിരുന്നു. ഉത്തരകാശിയിലെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് (എന്‍.ഐ.എം), ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശീലനം.

മസൂറിയിലെ ഐ.എ.എസ് ട്രെയിനിങ് കാലഘട്ടത്തിലാണ് പര്‍വതാരോഹണത്തോട് ഭ്രമം തുടങ്ങിയതും ഹിമാലയം കീഴടക്കണമെന്ന മോഹം ഉദിച്ചതും. ഇതിനായി സര്‍ക്കാര്‍ അനുമതിയോടെ അവധിയെടുത്ത് സ്വന്തം ചെലവിലാണ് പര്‍വതാരോഹണ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതും പര്യവേഷണം നടത്തുന്നതും. എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തി ദേശീയപതാക നാട്ടുകയെന്ന സ്വപ്നവുമായാണ് ഈ യുവ ഐ.എ.എസ് ഓഫിസറുടെ ജൈത്രയാത്ര.

Tags:    
News Summary - Arjun Pandian hoists the national flag in the Himalayas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.