വൈക്കം: മാലിന്യസംസ്കരണം വീട്ടുകാർക്കും ഭരണകൂടത്തിനും പ്രതിസന്ധിയായി മാറുമ്പോൾ ലളിതവും കാര്യക്ഷമവുമായ രീതിയിൽ മാതൃക കാട്ടുകയാണ് വൈക്കം കൂട്ടുമ്മേൽ സ്വദേശി അശോക് കുമാർ. കുലശേഖരമംഗലം മണ്ഡവപ്പള്ളി വീടിനടുത്ത് നിർമിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിങ് സംവിധാനത്തിലാണ് കഴിഞ്ഞ നാലുവർഷത്തോളമായി വീട്ടിലെയും പുരയിടത്തിലെയും ജൈവ മാലിന്യങ്ങളെല്ലാം സംസ്കരിക്കുന്നത്.
1.2 മീറ്റർ വീതം നീളവും വീതിയും ഉയരവും കണക്കാക്കി വായുസഞ്ചാരം ഉറപ്പാക്കുന്ന തരത്തിൽ പാളികളോടെ നിർമിച്ച സമചതുരാകൃതിയിലുള്ള കാബിനുകളാണ് തുമ്പൂർമുഴി മോഡലിന്റെ പ്രധാന ഭാഗം. മഴ കൊള്ളാതിരിക്കാൻ മേൽക്കൂര ആവശ്യമാണ്. ദിവസേന 10 മുതൽ 15 വരെ കിലോഗ്രാം മാലിന്യം സംസ്കരിക്കേണ്ടിവരുന്ന സ്ഥാപനങ്ങൾക്ക് ഇത്തരം രണ്ടോ മൂന്നോ കാബിനുകൾ മതി. ചപ്പുചവറുകളും ആഹാര അവശിഷ്ടങ്ങളും സംസ്കരിക്കാം.
സംസ്കരണം ത്വരിതപ്പെടുത്താൻ ബാക്ടീരിയ അടങ്ങിയ ഇനോക്കുലമോ ഇ.എം സൊലൂഷനോ ചാണകപ്പൊടിയോ ഉപയോഗിക്കണം. കാബിന്റെ അടിത്തട്ടിൽ ഇനോക്കുലം വിതറിയ ശേഷമാണ് മാലിന്യം നിക്ഷേപിച്ചുതുടങ്ങേണ്ടത്. ഓരോതവണ മാലിന്യം ഇടുമ്പോഴും പുറമേ ഇനോക്കുലം വിതറണം. സംസ്കരണ സമയത്ത് ദുർഗന്ധം ഉണ്ടാകുന്നില്ലെന്നതാണ് ഇതിന്റെ മേന്മ. മാലിന്യം ചീയുമ്പോഴുണ്ടാകുന്ന ലീച്ചേറ്റ് (ലായനി) എടുക്കാനുള്ള സൗകര്യവും ഇതിനുണ്ട്.
പത്തിരട്ടി വരെ വെള്ളംചേർത്ത് നേർപ്പിച്ചാണ് ലീച്ചേറ്റ് ചെടികൾക്ക് വളമായി ഉപയോഗിക്കേണ്ടത്. ഒരു കാബിൻ നിറഞ്ഞുകഴിഞ്ഞാൽ അടുത്ത കാബിൻ നിറച്ചുതുടങ്ങാം. നിറഞ്ഞ കാബിനിലെ മാലിന്യം ഏകദേശം 45 ദിവസങ്ങൾക്കുള്ളിൽ വളമായി മാറും. ഇത് ചെടികൾക്ക് ഉപയോഗിക്കാം. മാർക്കറ്റുകൾ, കാർഷിക ഫാമുകൾ, ഫ്ലാറ്റുകൾ തുടങ്ങിയവിടങ്ങളിൽ ഈ രീതി പ്രയോജനകരമാണ്.
കാർഷികമേഖലയോടും പ്രകൃതിസൗഹൃദ രീതികളോടുമുള്ള താൽപര്യമാണ് ഈ പരീക്ഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് അശോക് കുമാർ പറയുന്നു. വായനയിലൂടെയും യുട്യൂബിലൂടെയും ലഭിച്ച അറിവുകൾ പ്രചോദനമായി. ശുചിത്വ മിഷൻ അംഗീകൃത സർവിസ് പ്രൊവൈഡറായ സഹൃദയ ടെക് മാനേജർ ജീസ് പി.പോൾ ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകി.
ഒന്നേകാൽ ഏക്കറോളം വരുന്ന പുരയിടത്തിലെ ചപ്പുചവറുകൾ ഉൾപ്പെടെയുള്ള മാലിന്യം ഈ രീതിയിലാണ് സംസ്കരിക്കുന്നത്. മത്സ്യകൃഷിയും ഇവിടെയുണ്ട്. വീട്ടിലെ കാർഷിക ആവശ്യങ്ങൾക്കായി രാസവളങ്ങൾ ഉപയോഗിക്കേണ്ടിവരുന്നില്ല. വീട്ടിലെത്തുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരെല്ലാം മികച്ച പ്രോത്സാഹനമാണ് നൽകുന്നതെന്നും ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.