അതിമനോഹരമായിരുന്നു ഖത്തർ. അവിസ്മരണീയ മുഹൂർത്തങ്ങളാണ് ആ നാട് എന്റെ ജീവിതത്തിൽ പകർന്നു നൽകിയത്. ഫുട്ബാളിന്റെ വിശ്വപോരാട്ടങ്ങൾക്ക് ഖത്തറിലെത്തി സാക്ഷിയാകാൻ കഴിഞ്ഞത് ജീവിതത്തിൽ എക്കാലവും കൂടെക്കൊണ്ടു നടക്കാൻ കഴിയുന്ന ഓർമകളാണ് സമ്മാനിച്ചത്. 2018ൽ റഷ്യയിലെ ലോകകപ്പ് മത്സരങ്ങൾക്കും ഞാൻ ദൃക്സാക്ഷിയായിരുന്നു. പക്ഷേ, ഖത്തർ അതിനേക്കാളൊക്കെ എത്രയോ മുകളിലായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും മികച്ച രീതിയിൽ നടത്തിയതും ഏറ്റവും ആവേശകരമായ മത്സരങ്ങൾ അരങ്ങേറിയതും ഖത്തർ ലോകകപ്പിലാണെന്ന് നിസ്സംശയം പറയാനാകും. എന്തൊരു കൈയടക്കത്തിലാണ് ഖത്തർ ആ വിശ്വമേള നടത്തിയത്! എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഒരു പിഴവുകളുമില്ലാതെ ഒരു ലോകകപ്പ് ഈ രീതിയിൽ സംഘടിപ്പിക്കുന്നതിന് നൂറിൽ നൂറ് മാർക്ക് തന്നെ നൽകണം.
കുറഞ്ഞ ദൈർഘ്യമുള്ള സ്ഥലത്ത് ഒരു ദിവസം നാലു മത്സരങ്ങൾ വരെ നടത്തിയിട്ടും ഒരു ഗതാഗതക്കുരുക്ക് പോലുമില്ലാതെ അവരതെല്ലാം എങ്ങനെ മാനേജ് ചെയ്തുവെന്നത് ഇന്നും എനിക്ക് അതിശയമാണ്. ഏറ്റവുമൊടുവിൽ, ചരിത്രം കണ്ട ഏറ്റവും വാശിയേറിയ കലാശക്കളിയിൽ ആ സ്വർണക്കപ്പിൽ ലയണൽ മെസ്സി മുത്തമിട്ടത് കളിയുടെ കാവ്യനീതിയായിരുന്നു. എല്ലാം കാൽക്കീഴിലൊതുക്കിയിട്ടും ലോകകപ്പ് മാത്രം മെസ്സിയിൽനിന്നകന്നുപോയാൽ ആ കരിയറിന്റെ തിളക്കത്തിന് അതൊരു കുറച്ചിലാവുമെന്ന കണക്കുകൂട്ടലുകളെയൊക്കെ ഖത്തറിൽ ഇതിഹാസ താരം കാറ്റിൽപറത്തി. ഖത്തറിലുണ്ടായിരുന്ന ആ നാളുകൾ ഇപ്പോഴും ഞാൻ ദിവസവുമെന്നോണം അയവിറക്കിക്കൊണ്ടിരിക്കുകയാണ്.
ഖത്തർ ലോകകായിക ഭൂപടത്തിൽ വളരെ തിളക്കത്തോടെ അടയാളപ്പെടുത്തുന്ന നാളുകളാണിത്. വരുംകാലങ്ങളിൽ അത് കൂടുതൽ ഉജ്ജ്വലമാകുമെന്നുറപ്പ്. ലോകകായിക ഭൂപടത്തിൽ ആഗോള മേളകളുടെ ഹബ്ബായി ഖത്തർ പേരെടുക്കുകയാണ്. ആ കുതിപ്പിൽ, ഖത്തറിൽ ചേക്കേറിയ ആയിരക്കണക്കിന് മലയാളികൾ ആവേശപൂർവം അടയാളപ്പെടുത്തുന്ന ഒന്നുണ്ട്. അത് ഗൾഫ് മാധ്യമം മൂന്നു പതിപ്പായി വിജയകരമായി സംഘടിപ്പിക്കുന്ന ‘ഖത്തർ റൺ’ ആണ്. ഖത്തറിന്റെ മഹത്തായ കായിക പാരമ്പര്യത്തിനും അതിന്റെ സംഘാടന മികവിനുമുള്ള സമീപകാല വിജയങ്ങളുടെ ഏറ്റവും വലിയ സാക്ഷ്യമായാണ് ലോകകപ്പിലെ എന്റെ അനുഭവങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞത്. ഈ സംഘാടന മികവിലും വിജയകരമായ പങ്കാളിത്തത്തിലുമുള്ള മലയാളിയുടെ പങ്കുചേരൽ കൂടിയാണ് ഖത്തർ റൺ എന്നാണ് അതിന്റെ അഭൂതപൂർവമായ സ്വീകാര്യത എന്നെ ബോധ്യപ്പെടുത്തുന്നത്.
അപ്പോൾ, പറഞ്ഞുവരുന്നത് ഇതാണ്. വിദേശികളും സ്വദേശികളും ഉൾപ്പെടെ ഖത്തറിലെ റണ്ണർമാർ ആവേശപൂർവം കാത്തിരിക്കുന്ന അൽസമാൻ എക്സ്ചേഞ്ച് റിയാമണി ‘ഖത്തർ റൺ’ നാലാം പതിപ്പ് ഫെബ്രുവരി 24ന് അരങ്ങേറുകയാണ്. ഒരുപാട് പ്രവാസി സുഹൃത്തുക്കളുള്ളയാളെന്ന നിലയിൽ, എന്റെ എല്ലാ കൂട്ടുകാരോടും പ്രവാസത്തിനിടയിലെ കടുത്ത തിരക്കുകൾക്കിടയിലും ആരോഗ്യപരിപാലനത്തിന്റെ ആവശ്യകത എപ്പോഴും ഞാൻ ഉണർത്താറുണ്ട്. സമയം കിട്ടുമ്പോൾ ഓടുകയോ നടക്കുകയോ ചെയ്യുന്നത് ശാരീരിക വിഷമതകളെ മറികടക്കാൻ മാത്രമല്ല, മാനസികമായി കരുത്താർജിക്കാനും നമ്മളെ സഹായിക്കും. ‘ഖത്തർ റണ്ണും’ മുന്നോട്ടുവെക്കുന്നത് ഈ ലക്ഷ്യമാണ്. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആളുകളെ വഴിനടത്തിക്കുകയെന്ന ആ ലക്ഷ്യം പ്രവാസ സമൂഹത്തോടുള്ള ഗൾഫ് മാധ്യമത്തിന്റെ പ്രതിബദ്ധത കൂടിയാണെന്ന് ഞാൻ കരുതുന്നു.
ഇക്കുറി 60ലേറെ രാജ്യങ്ങളിൽനിന്നായി 700ലേറെ താരങ്ങളാണ് ഖത്തർ റണ്ണിൽ ഓടാനിറങ്ങുന്നത്. നേരത്തേ, പറഞ്ഞതുപോലെ ഖത്തറിന്റെ കായിക സംഘാടനത്തിൽ മലയാളികളുടെ അഭിമാനവേദി കൂടിയാണിത്. അതുകൊണ്ട് ഈ ഉദ്യമത്തിൽ എല്ലാ മലയാളികളും പങ്കാളികളാകണം. വ്യക്തിപരമായ തിരക്കുകളില്ലെങ്കിൽ ഞാനുമുണ്ടാകും. ലോകകപ്പിന്റെ അവിസ്മരണീയ വേദിയിൽ വീണ്ടുമെത്താൻ എനിക്ക് അത്രയേറെ ആഗ്രഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.