പയ്യന്നൂർ: ഷെൽട്ടറായി സുരക്ഷയൊരുക്കുകയും ഒടുവിൽ അവിടെ തന്നെ പൊലീസിന്റെ പിടിയിലാവുകയും ചെയ്ത വീട് ഒരിക്കൽ കൂടി കണ്ടപ്പോൾ മുണ്ടൂർ രാവുണ്ണിയെന്ന വിപ്ലവകാരിയുടെ മനസ്സിലെത്തിയത് ഒളിവിലെ ഓർമകളുടെ അവിസ്മരണീയമായ സ്മൃതിയടയാളങ്ങൾ. 50 വർഷങ്ങളുടെ ഇടവേളക്കുശേഷമാണ് രാവുണ്ണി വീണ്ടും കരിവെള്ളൂർ കൊഴുമ്മലിലെ മഠത്തിൽ എത്തുന്നത്.
പാലക്കാട് കോങ്ങാട് നാരായണൻകുട്ടി നായർ വധക്കേസിൽ പിടിയിലായി റിമാൻഡിൽ വിയ്യൂർ ജയിലിൽ കഴിയുന്നതിനിടയിലാണ് രാവുണ്ണി ഉൾപ്പെടുന്ന തടവുകാർ ജയിൽ ചാടുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ട സംഘത്തിലെ വി.പി. ഭാസ്കരനോടൊപ്പമാണ് കണ്ണൂരിലെത്തിയതും കൊഴുമ്മലിലെ മഠത്തിൽ അജ്ഞാതവാസത്തിലേർപ്പെട്ടതും. നക്സൽബാരി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാൻ തയാറെടുത്ത സർക്കാർ ഇവരെ കണ്ടെത്താൻ വൻ സന്നാഹത്തെയാണ് നിയോഗിച്ചത്.
കൊഴുമ്മലിൽ സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ടി.എസ്. തിരുമുമ്പിന്റെ ബന്ധു നാരായണൻ തിരുമുമ്പിന്റെ മഠത്തിന്റെ മുകൾനിലയായിരുന്നു മുണ്ടൂരിന്റെ ഒളിവിടം. ഈ പ്രദേശത്തെ പ്രവർത്തകൻ ടി. ശങ്കരക്കുറുപ്പായിരുന്നു രാവുണ്ണിയുടെ സഹായി. രാവുണ്ണി പയ്യന്നൂർ സ്റ്റേഷൻ പരിധിയിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ശങ്കരക്കുറുപ്പിനെ അറസ്റ്റ് ചെയ്തു.
ഒരു ദിവസത്തെ ഭീകര മർദനത്തിനുശേഷമാണ് ശങ്കരക്കുറുപ്പ് രാവുണ്ണിയുടെ ഒളിയിടത്തെക്കുറിച്ച് പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഷെൽട്ടർ മാറുമെന്ന ധാരണയിലായിരുന്നു ഒരു ദിവസം മർദനം സഹിച്ച ശേഷം മാത്രം സത്യം പറഞ്ഞത്. എന്നാൽ ഷെൽട്ടർ മാറാൻ ഒരുങ്ങുന്നതിനിടെ പൊലീസ് മഠം വളയുകയും ഓടിളക്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുണ്ടൂരിനെ പിടികൂടുകയുമായിരുന്നു.
അറസ്റ്റ് ചെയ്ത് കൊഴുമ്മൽ ക്ഷേത്രമൈതാനത്തെത്തിച്ചു. കള്ളൻ എന്നാണ് തടിച്ചുകൂടിയ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ താൻ മുണ്ടൂർ രാവുണ്ണിയാണെന്നു പറഞ്ഞ് നക്സൽബാരി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതോടെ തങ്ങളുടെ നാട്ടിലെത്തിയ അതിഥിയെ നാട് തിരിച്ചറിയുകയായിരുന്നു.
മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് സ്വനപേടകമമർത്തി പൊട്ടിച്ചതായി രാവുണ്ണി പറഞ്ഞു. ഇതേ ദിവസം തന്നെ സി.വി. കുഞ്ഞിരാമൻ, പി. ദാമോദരൻ, കെ.പി. കൃഷ്ണൻ, മയീച്ച ഗോപാലൻ എന്നിവരെയും പയ്യന്നൂർ പൊലീസ് പരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സംഭവം മൂന്ന് മാസത്തോളം രേഖപ്പെടുത്താത്ത പൊലീസ് നടപടി ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
ഇപ്പോൾ നാരായണൻ തിരുമുമ്പിന്റെ മകൾ ലളിതയും അവരുടെ മകളുമാണ് മഠത്തിലെ താമസക്കാർ. കുടുംബവീട് ചരിത്രത്തോടൊപ്പം ചേർത്തുനിർത്തിയ വിപ്ലവകാരിയെ ഇവർ സ്വീകരിച്ചു. മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ പി.പി. രാജനും രാവുണ്ണിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.