പയ്യന്നൂർ: ഗാന്ധിമാർഗം ജീവിതചര്യയാക്കി 99ലും പയ്യന്നൂരിന്റെ സാമൂഹിക, സാംസ്കാരിക മണ്ഡലത്തിൽ സജീവ സാന്നിധ്യമായ വി.പി. അപ്പുക്കുട്ടൻ പൊതുവാളിലൂടെ ചരിത്രനഗരിക്ക് പത്മശ്രീ തിളക്കം. ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് ഈ മനുഷ്യസ്നേഹിയുടേത്.
അതുകൊണ്ടുതന്നെ പത്മശ്രീ അർഹിക്കുന്ന അംഗീകാരമായി.ഖാദി പ്രചാരണം, സർവോദയ മണ്ഡലം-മദ്യനിരോധന സമിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലയിൽ സജീവമാണ് ജീവിതസായാഹ്നത്തിലും ഈ സ്വാതന്ത്ര്യസമര സേനാനി. മതേതരത്വത്തിലൂടെയാണ് ഇന്ത്യയുടെ നിലനിൽപെന്ന് വിശ്വസിക്കുന്ന ഇദ്ദേഹത്തിന് എന്നും ഇന്ധനം ഗാന്ധിയും ഗീതയുമാണ്.
1934 ജനുവരി 12ന് ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനമാണ് ഈ വിപ്ലവകാരിയുടെ മനസ്സിൽ ദേശ സ്നേഹത്തിന്റെ ഊർജം വിതച്ചത്. സ്വാമി ആനന്ദതീർഥർ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം സന്ദർശിക്കാനായിരുന്നു ഗാന്ധിജിയെത്തിയത്.
ഹരിജനോദ്ധാരണമായിരുന്നു സന്ദർശന ദൗത്യം. ഗാന്ധിജിയുടെ പ്രസംഗം വെളുത്തുമെലിഞ്ഞ ബാലന്റെ ജീവിതത്തിൽ വഴിത്തിരിവായി. ആശ്രമവളപ്പിൽ മാവ് നട്ട് പന്തിഭോജനം കഴിച്ചതിനുശേഷമാണ് ഗാന്ധി പ്രസംഗവേദിയിലെത്തിയതെന്ന് ഇദ്ദേഹം ഓർക്കുന്നു. സഹോദരനൊപ്പമാണ് ഗാന്ധിയെ കണ്ടത്.
അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായ വി.പി. ശ്രീകണ്ഠപൊതുവാളാണ് ദേശീയ പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. ഇതിനുമുമ്പ് ഉപ്പു സത്യഗ്രഹ ജാഥയും ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന നാലാം സംസ്ഥാന കോൺഗ്രസ് സമ്മേളനവും അപ്പുക്കുട്ടൻ എന്ന ബാലന്റെ മനസ്സിൽ ബ്രിട്ടനെതിരായ പോരാട്ടത്തിന്റെ വിത്തിട്ടിരുന്നു.
1942ൽ വി.പി. ശ്രീകണ്ഠപൊതുവാളുടെ അറസ്റ്റോടെ സമരരംഗത്ത് സജീവമായി. വിദ്യാർഥികളെ സംഘടിപ്പിക്കാനായിരുന്നു നിയോഗം. 1943ൽ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് കണ്ണൂർ ജയിലിലടച്ചു. 1944ൽ അഖില ഭാരതീയ ചർക്ക സംഘത്തിൽ ചേർന്നു.
തുടർന്നാണ് പ്രവർത്തന മേഖല ഖാദി പ്രചാരണത്തിലേക്കു മാറ്റിയത്. 1947 മുതൽ മദിരാശി സർക്കാറിന്റെ കീഴിൽ പയ്യന്നൂർ ഖാദികേന്ദ്രത്തിന്റെ മുഖ്യചുമതലക്കാരനായി. 1962 മുതൽ ഖാദി ഗ്രാമോദ്യോഗ കമീഷൻ സീനിയർ ഓഡിറ്ററായി. ഈ സന്ദർഭത്തിൽതന്നെ ജയപ്രകാശ് നാരായണും വിനോബ ഭാവെക്കുമൊപ്പം ഭൂദാന പ്രസ്ഥാനത്തിൽ സജീവമായി.
പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവദ്ഗീത ആത്മവികാസത്തിന്റെ ശാസ്ത്രം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇപ്പോഴും പൊതുരംഗത്ത് സജീവമാണ് പൊതുവാൾ. ഭാര്യ ഭാരതിയമ്മയോടും മക്കളോടുമൊപ്പം പയ്യന്നൂർ തായിനേരിയിൽ ബൈപാസ് റോഡിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.