ഭാഷകളുടെ രാജകുമാരിയെന്ന് വിശേഷിക്കപ്പെടുന്ന അറബി ഭാഷയുടെ അനുപമ സൗന്ദര്യം കൂടുതൽ പ്രചരിപ്പിക്കുകയാണ് ഇമാറാത്തി മാധ്യമപ്രവർത്തകൻ അയൂബ് യൂസഫ്. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഭാഷയുടെ സൗന്ദര്യം പങ്കിടുന്നതിനും അയൂബ് യൂസഫിന്‍റെ പ്രവർത്തനങ്ങൾ ഇമാറാത്തികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. യഥാർഥ പദപ്രയോഗങ്ങളിലൂടെയും ആസ്വാദ്യകരമായ ശബ്ദ മധുരിമയിലൂടെയും പുസ്തക രചനകളിലൂടെയും ഈ ചെറുപ്പക്കാരൻ യു.എ.ഇയിലും അതിനപ്പുറത്തും അറബി ഭാഷയുടെ മികവുറ്റ വക്താവായി തിളങ്ങി നിൽക്കുന്നു.
അറബ് ഭാഷയുടെ തനതായ ശൈലി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രചരണപ്പെടുത്തിയതിന് 2016-ലെ വായന വർഷത്തിൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഏറ്റവും മികച്ച സോഷ്യൽ മീഡിയ വ്യക്തിത്വത്തിനുള്ള പയനിയർ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
1981ൽ ദുബൈയിൽ ജനിച്ച അയൂബ് ഭാഷയോടുള്ള ഇഷ്ടം ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഉന്നത പഠനത്തിനു ശേഷം അദ്ദേഹം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചെങ്കിലും അറബി ഭാഷയുടെ പ്രചാരണത്തിനുള്ള ദൗത്യം ജീവിതത്തിന്‍റെ പ്രധാന ഭാഗമായി മാറ്റി. റേഡിയോ, ടെലിവിഷൻ എന്നിവിടങ്ങളിലെ അവതാരകനായും, ‘ഇൻസ്പെക്ടർ ഫാസിഹ്’ എന്ന കഥാപാത്രത്തിലൂടെയും, ലഘു സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും അറബിക് ഭാഷാപഠനത്തെ രസകരവും പ്രായോഗികവുമാക്കി മാറ്റി.
ഭാഷാ പഠനവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്‍റെ പ്രയത്നങ്ങൾ അറബി ഭാഷയുടെ പരിധി അതിർത്തികൾ കടന്നുപോകാൻ സഹായിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തനത് അറബ് ഭാഷ പഠനത്തെ കുറിച്ച് പ്രചോദിപ്പിക്കുകയും ഭാഷയുടെ സാംസ്കാരിക പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഹൃദയസ്പർശിയായ വാക്കുകളുടെയും മിനി സ്ക്രീനിലെ അഭിനയങ്ങളിലൂടെയുമെല്ലാം പൊതുജനങ്ങൾ സംസാരത്തിൽ സാധാരണ വരുത്തുന്ന പിഴവുകളെ ചൂണ്ടിക്കാണിച്ചു. അതിന്‍റെ തനതായ പ്രയോഗം എങ്ങനെയെന്ന് അയൂബ് നിരന്തരം സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്നു.
അറബി ഭാഷ ഏറെ പ്രാധാന്യത്തോടെ സമീപിക്കുന്നവർക്ക് വലിയ സഹായകരമായ വിവിധ പുസ്തകങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട് അയൂബ് യൂസഫ്. അതിൽ ഫക്കിറുഫീഹാ, ഹത്തികലമുൻ എന്നീ രണ്ട് പുസ്തകങ്ങളാണ് ഏറെ ശ്രദ്ധേയം. വളരെ വ്യക്തമായും വിശദീകരിച്ചും വാചാലതയോടും ഈ ഭാഷയെ സമീപിക്കുന്നവര്‍ക്ക് ഈ രചനകള്‍ നല്‍കുന്ന ഗുണപാഠങ്ങള്‍ ഏറെ അതിശയപ്പെടുത്തുന്ന ചിന്തകളാണ് പകര്‍ന്ന് നല്‍കുന്നത്. ഫക്കിറു ഫീഹാ എന്ന ഗ്രന്ഥം ഭാഷ സൗന്ദര്യത്തിന്‍റെ ഏറ്റവും മികവാര്‍ന്ന അര്‍ഥതലങ്ങള്‍ പരിചയപ്പെടുത്തുന്നു.
സരസമായ എഴുത്തുകൾ ഉദാഹരണങ്ങള്‍ക്ക് ഒത്താണ് ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. കവിത, വാര്‍ത്ത റിപ്പോര്‍ട്ടുകള്‍,വിവിധ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, തുടങ്ങിയ വിവിധ മേഖലയ്ക്ക് ഏറെ ഗ്രഹിക്കാനും ഉപയോഗപ്പെടുത്താനും ഇതിലെ ഓരോ ഏടുകളും സഹായകരമാണ്. അയൂബിന്‍റെ സമൂഹമാധ്യമ അവതരണങ്ങളുടെ ഏകോപനമാണ് ഭാഷ പഠന മേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുന്ന കനപ്പെട്ട ഗ്രന്ഥങ്ങളായത്.
അറബി- മാതൃഭാഷയായിയുള്ളവർ പോലും തങ്ങളുടെ ഇടപെടലുകളിൽ വലിയ പിഴവുകള്‍ വരുത്തുന്നുവെന്ന് അയൂബ് പറയുന്നു. ഭാഷ കൈകാര്യം ചെയ്യുന്നവര്‍ രാജ്യാതിര്‍ത്തികള്‍ മാറിവരുപ്പോള്‍ പതിവ് രീതി പ്രയോഗിക്കരുത് എന്നാണ് ഇദ്ധേഹം ഇതില്‍ മുഖ്യമായും പറഞ്ഞുവരുന്നത് . ഒറ്റനോട്ടത്തിൽ കാണുമ്പോൾ സാമ്യത തോന്നുമെങ്കിലും വൈവിധ്യമായ പ്രാദേശിക വകതിരവുകൾ ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച ഭാഷയാണ് അറബി. കൈകാര്യം ചെയ്യുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കൂ എന്നാണ് അദ്ദേഹത്തിന്‍റെ പുസ്തകം പഠിതാക്കളെ ഓർമ്മപ്പെടുത്തുന്നത്.
വലത്തുനിന്ന് ഇടത്തോട്ട് എഴുതിത്തുടങ്ങുന്ന അറബിക്ക് കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ അർഥങ്ങള്‍ വരച്ചിടാനാവും. എന്നാല്‍ അതിന് അനുയോജ്യമായ പദങ്ങളുടെ ജ്ഞാന കുറവുകള്‍ നികത്താന്‍ ഫക്കിറുഫീഹായുടെ അക്ഷര തുടിപ്പുകള്‍ പൊതു-സമക്ഷത്തെ പിന്തുണക്കും. അറബി അക്ഷരങ്ങളെ കുറിച്ച് പഠിക്കുന്ന ഗ്രന്ഥമാണ് ഹത്തികലമുൻ. കൃത്യമായ അക്ഷര പ്രയോഗങ്ങളുടെ ശരിയും തെറ്റുമാണ് ഈ ചെറുപ്പക്കാരൻ ഈ പുസ്തകത്തിലുടെ പറഞ്ഞുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.