ഒമ്പതാം വയസ്സിൽ വീട്ടുമുറ്റത്ത് 'സ്കൂൾ' തുടങ്ങുകയും ബി.ബി.സിയുടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്മാസ്റ്റർ എന്ന വിശേഷണത്തിനർഹനാവുകയും ചെയ്തയാളാണ് ബാബർ അലി. ദാരിദ്ര്യവും വിദ്യാലയങ്ങളുടെ അപര്യാപ്തതയും കാരണം അക്ഷരവെളിച്ചം എത്താതിരുന്ന നാടിനെ അവൻ അക്ഷരം പഠിപ്പിച്ചതിനുപിന്നിൽ കഠിന പ്രയത്നത്തിന്റെയും സമർപ്പണത്തിന്‍റെയും കഥയുണ്ട്. സി.ബി.എസ്.ഇ യുടെയും കർണാടക സർക്കാറിന്‍റെയും പാഠപുസ്തകങ്ങളിൽ ഇടം നേടിയ ആ അസാധാരണ കഥ അദ്ദേഹം പങ്കുവെക്കുന്നു...
1993 മാർച്ച് 18ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബാബ്ത എന്ന കൊച്ചു ഗ്രാമത്തിലെ കുടിലിൽ ബാബർ അലി പിറന്നുവീഴുേമ്പാൾ മാതാപിതാക്കളായ എം.ഡി. നാസിറുദ്ദീൻ-ബനൗര ബീവി ദമ്പതികൾക്ക് ഒരേയൊരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ -അവനെ സ്കൂളിലയച്ച് പഠിപ്പിക്കണം. തങ്ങൾക്ക് ലഭിക്കാത്ത സൗഭാഗ്യം അവനെങ്കിലും ലഭിക്കാൻ രണ്ട് കിലോമീറ്റർ അകലെയുള്ള എൽ.പി സ്കൂളിലെത്തിച്ചു. നാലാം ക്ലാസ് പൂർത്തിയായപ്പോൾ തുടർപഠനത്തിന് എവിടെ പോകുമെന്നും എങ്ങനെ ചെലവ് കണ്ടെത്തുമെന്നുമുള്ള ആധിയായി.
അവസാനം 10 കി.മീറ്റർ അകലെയുള്ള ബെൽദാംഗ സി.ആർ.ജി.എസ് എന്ന സർക്കാർ സ്കൂളിൽ അവനുമൊരു സീറ്റുറപ്പിച്ചു. ബസിലും ഓട്ടോയിലും നടന്നുമൊക്കെയുള്ള സ്കൂൾ യാത്രകൾ ബാബറെന്ന ബാലെൻറ ചിന്തകളെ മാറ്റിമറിച്ചു. തെൻറ പ്രായത്തിലുള്ളവർ സ്കൂളിൽ പോകാതെ കാലികളെ മേയ്ക്കുന്നതും ശുചീകരണ ജോലികൾ ചെയ്യുന്നതും കൃഷിയിടങ്ങളിലെയും കടകളിലെയും സഹായികളായി കഴിയുന്നതും പഴയ വസ്തുക്കൾ പെറുക്കിനടക്കുന്നതും അവെൻറ മനസ്സിനെ പിടിച്ചുലച്ചു. അവരെ എങ്ങനെ തനിക്കൊപ്പം കൂട്ടാമെന്ന ചിന്തയായിരുന്നു അവനെ നിരന്തരം അലട്ടിയത്.
വർഷം 2002 ഒക്ടോബർ 19. ഒമ്പത് വയസ്സുകാരനായ ബാബർ തെൻറ കൂട്ടുകാരെ വീട്ടുമുറ്റത്തേക്ക് വിളിച്ചുവരുത്തി പേരമരച്ചുവട്ടിൽ ഒരു 'കളി' തുടങ്ങി. അക്ഷരങ്ങളുമായുള്ള പ്രണയത്തിെൻറ കളി. സ്കൂൾ കാണാത്ത എട്ടുപേരാണ് അതിൽ അവന് കൂട്ടായത്. ആദ്യം ചേർന്നുനിന്നത് സഹോദരി ആമിന ഖാത്തൂൻ. അക്ഷരങ്ങളുമായുള്ള ചങ്ങാത്തം ഇതൊരു ചെറിയ കളിയല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. അങ്ങനെ വെയിലും മഴയും വകവെക്കാതെ ആകാശവും മരച്ചില്ലകളും മേൽക്കൂരയാക്കി അവർ ചേർന്നിരുന്നു. പരസ്പരം സ്നേഹാക്ഷരങ്ങൾ പറഞ്ഞു പഠിച്ചു. കളിമണ്ണുകൊണ്ട് ബാബർ അവർക്ക് വേണ്ടിയൊരു ബ്ലാക്ക്ബോർഡ് പണിതു. സ്കൂളിൽനിന്ന് ഉപേക്ഷിച്ച ചോക്കുപൊട്ടുകൾ പെറുക്കിയെടുത്ത് ആ ബോർഡിലവൻ തിളക്കമുള്ള അക്ഷരങ്ങൾ കുറിച്ചുകൊണ്ടിരുന്നു.
ഇതറിഞ്ഞ അധ്യാപിക അവന് ആദ്യമായൊരു സമ്മാനം നൽകി -പൊട്ടുകളില്ലാത്തൊരു ചോക്കുപെട്ടി. ബാബറിെൻറ പ്രവർത്തനങ്ങൾക്ക് കിട്ടിയ ആദ്യ അംഗീകാരം. പാട്ടും ഡാൻസും കളികളുമൊക്കെയായി 'സിലബസ്' വിപുലീകരിച്ചതോടെ എല്ലാവർക്കും ആവേശവും കൂടി. സ്കൂൾ വിട്ടുവരുന്ന വഴികളിലെ കുട്ടികളെ അവൻ തെൻറ വീട്ടുപള്ളിക്കൂടത്തിലേക്ക് സ്നേഹത്തോടെ ക്ഷണിച്ചു. സമീപവീടുകളിലും അവനും കൂട്ടുകാരും 'കുട്ടികളെ പിടിക്കാൻ' ഇറങ്ങി. അതിന് ഫലവും കണ്ടുതുടങ്ങി. പഴയ വസ്തുക്കൾ വിൽക്കുന്ന കടകളിലെത്തി പകുതി ഉപയോഗിച്ച നോട്ട്ബുക്കുകൾ തേടിപ്പിടിച്ച് അവയിൽ ഓരോരുത്തരുടെയും കൈപ്പട പതിപ്പിച്ചു. വായിച്ചു പഠിക്കാൻ പത്രങ്ങളെ കൂട്ടുപിടിച്ചു. ഇടക്ക് തനിക്ക് കിട്ടിയ പോക്കറ്റ് മണി ഉപയോഗിച്ച് മിഠായി വാങ്ങിനൽകാനും ബന്ധുക്കളിൽനിന്ന് ശേഖരിച്ച അരി വിതരണം ചെയ്യാനുമുള്ള പാഠം ആരും അവനെ പഠിപ്പിക്കേണ്ടി വന്നില്ല. ക്രമേണ അന്നാട്ടിലെ രക്ഷിതാക്കളും ആ 'കളി'യിൽ ഒപ്പം കൂടി.
സ്വന്തമായി 'വിദ്യാലയം' തുടങ്ങിയതോടെ ബാബറിനു മുന്നിൽ വെല്ലുവിളികളേറെയായിരുന്നു. ഓരോ ദിവസവും സ്കൂൾ വിട്ട് ധൃതിയിൽ അവൻ വീട്ടിലേക്കോടി. സഹപാഠികൾ കളികളുടെ ആവേശത്തിലേക്ക് നീങ്ങുേമ്പാൾ അവൻ വീട്ടിൽ തൂക്കിയിട്ട മണി ഉച്ചത്തിലടിച്ച് 'ശിഷ്യരെ' വിളിച്ചു. ആ വിളി കേൾക്കുന്നവർ ആവേശത്തോടെ ഓടിയെത്തി. മണ്ണുതറയിൽ കൂടെയിരിക്കാൻ ചിലർക്കൊപ്പം ഇളയ സഹോദരങ്ങളുമുണ്ടാകും. മാതാപിതാക്കൾ പണിക്ക് പോകുേമ്പാൾ സംരക്ഷണമേൽപ്പിച്ചതാണ്. ഫുൾടൈം ജോലി കഴിഞ്ഞ് വരുന്നവരും അക്കൂട്ടത്തിലുണ്ടാകും. എല്ലാവരുമെത്തിയാൽ ബാബറിെൻറ ഊഴമാണ്. അന്ന് സ്കൂളിൽനിന്ന് പഠിച്ചതെല്ലാം അവർക്കായി പങ്കുവെക്കും.
സംശയങ്ങൾ ദൂരീകരിക്കുന്ന യഥാർഥ അധ്യാപകനായും എല്ലാം നിയന്ത്രിക്കുന്ന ഹെഡ്മാസ്റ്ററായും അവൻ അവർക്കു മുന്നിൽ നിന്നു. പേനയും പെൻസിലും നോട്ട്ബുക്കും വാങ്ങാൻ ഗതിയില്ലാത്തവരെ പരിഗണിക്കാൻ നിർബന്ധിതമായി. അങ്ങനെ പിതാവ് നൽകിയ 600 രൂപ ചെലവിട്ട് അത്യാവശ്യ സാധനങ്ങളൊരുക്കി. മുന്നോട്ടുപോകാനുള്ള സഹായം തേടി യൂനിഫോമുമിട്ട് ആ കൊച്ചു പയ്യൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി. ചിലരൊക്കെ ആവുംവിധം സഹായിച്ചു. മറ്റു ചിലർ കിറുക്കനെന്ന് പരിഹസിച്ചു. സ്വന്തം പഠനത്തിൽ ഉഴപ്പുമെന്ന് ആശങ്കപ്പെട്ട പിതാവ് സ്കൂൾ പൂട്ടാനും ഒരിക്കൽ ആവശ്യപ്പെട്ടു. എന്നാൽ, തോറ്റുകൊടുക്കാൻ ബാബർ ഒരുക്കമല്ലായിരുന്നു. 2003ൽ അവെൻറ സ്കൂൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. വൈകാതെ ഈ വിദ്യാലയത്തെ കുറിച്ച് പുറത്തറിഞ്ഞുതുടങ്ങി.
2008ൽ എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ അവനെ തേടി ഒരു വിളിയെത്തി; നൊബേൽ സമ്മാന ജേതാവായ അമർത്യ സെന്നിെൻറതായിരുന്നു അത്. രവീന്ദ്രനാഥ ടാഗോൾ സ്ഥാപിച്ച മഹാ വിദ്യാലയം ശാന്തിനികേതനിൽ വെച്ച് അവൻ തെൻറ സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. മുന്നോട്ടുള്ള പ്രയാണത്തിന് ആ കൂടിക്കാഴ്ച നൽകിയ ഊർജം ചെറുതായിരുന്നില്ല. ബി.ബി.സിയുടെ ദാരിദ്ര്യവുമായി ബന്ധപ്പെട്ട പഠനത്തിനിടെ ബാബറിെൻറ നാട്ടിലും സ്കൂളിലും പ്രതിനിധികളെത്തി. അങ്ങനെ ആ വിദ്യാലയത്തിെൻറ കഥ ബംഗാളിെൻറ അതിർത്തി കടന്നു.
പ്രശസ്തിയും അംഗീകാരങ്ങളും തേടിവരുേമ്പാഴും ബാബറിനു മുന്നിൽ ചെയ്തുതീർക്കാർ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. പ്രാദേശിക ഭരണകൂടങ്ങളിൽനിന്ന് വിദ്യാർഥികൾക്ക് എല്ലാ മാസവും അരി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും അത് വിജയത്തിലെത്തുകയും ചെയ്തു. പിന്നെ വിദ്യാലയത്തിനു ചേർന്നൊരു പേരും കണ്ടെത്തി -ആനന്ദ ശിക്ഷ നികേതൻ (ആനന്ദകരമായ പഠനത്തിെൻറ ഭവനം). 2011ൽ ഇതൊരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. 2015 ആയപ്പോഴേക്കും ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമായി. ആനന്ദ ശിക്ഷ നികേതന് സ്വന്തമായി ഒരു കെട്ടിടം ഒരുങ്ങുന്നത് ആ വർഷമാണ്.
2009ൽ ലഭിച്ച സി.എൻ.എൻ-ഐ.ബി.എൻ റിയൽ ഹീറോസ് അവാർഡിെൻറ സമ്മാനത്തുക ഉപയോഗിച്ച് വീടിനടുത്തുള്ള ചതുപ്പുനിലം സ്കൂൾ പണിയാനായി വാങ്ങിയിരുന്നു. എന്നാൽ, കെട്ടിടം പണിയാൻ തികയാത്തതിനാൽ സ്ഥലം പഴയതുപോെല കിടന്നു. 2013ൽ അൽമിത്ര പട്ടേൽ സംഭാവനയായി നൽകിയ 10 ലക്ഷം രൂപ വിനിയോഗിച്ച് ആദ്യ സ്കൂളിന് മൂന്ന് കിലോമീറ്റർ അകെല ശങ്കർപറയിൽ 7200 ചതുരശ്ര അടി സ്ഥലം വാങ്ങുകയും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി പേരുടെ സംഭാവനയിലൂടെ രണ്ടു നിലകളിലായി സ്കൂൾ യാഥാർഥ്യമാക്കുകയുമായിരുന്നു. യാത്രപ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്കായി സ്കൂൾ ബസും ഒരുക്കി.
പശ്ചിമ ബംഗാൾ വിദ്യാഭ്യാസ വകുപ്പിെൻറ അംഗീകാരമുള്ള ഒരു അൺഎയ്ഡഡ് സ്ഥാപനമാണ് ഇന്ന് ആനന്ദ ശിക്ഷ നികേതൻ. സംഭാവനകൾ മാത്രമാണ് പാവപ്പെട്ടവർക്കായുള്ള ഈ സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നത്. അധ്യാപകരെല്ലം പൂർവ വിദ്യാർഥികൾ. അതിനാൽ അധ്യാപനം ഇവർക്കുമൊരു സേവനമാണ്. ഇതിലൊരാൾ ബാബറിെൻറ സഹോദരിയും ആദ്യ വിദ്യാർഥിനിയുമായ ആമിന ഖാത്തൂനാണ്. രാമകൃഷ്ണ മിഷനാണ് പുസ്തകങ്ങൾ നൽകുന്നത്. സ്കൂളിൽ അധ്യാപകരല്ലാത്ത ഒരേയൊരു സ്റ്റാഫാണുള്ളത്. അവരുടെ പേര് ദുലു മാശി.
മീൻ വിറ്റു നടന്നിരുന്ന അവർ ഇടക്കിടെ സ്കൂളിൽ എന്ത് നടക്കുന്നുവെന്നറിയാൻ എത്തുമായിരുന്നു. പിന്നെ ബെല്ലടിക്കാനും കുട്ടികളുടെ കാര്യങ്ങൾ നോക്കാനുമുള്ള ചുമതല ഇവർക്കായി. ഇന്ന് എട്ടാം ക്ലാസ് വരെയുള്ള സ്കൂളിൽ 300ലധികം കുട്ടികൾ പഠിക്കുന്നു. ഇതിൽ 60 ശതമാനത്തിലധികം പെൺകുട്ടികളാണ്. ഇതിനകം 6000ത്തിലധികം പേർ ഇവിടെനിന്ന് വിദ്യ അഭ്യസിച്ചു. ' ഈ കുറഞ്ഞ ജീവിത കാലത്തിനുള്ളിൽ അസാധാരണമായി എന്തെങ്കിലും ചെയ്യുക' എന്ന വാചകം കുറിച്ചുവെച്ചാണ് ഈ വിദ്യാലയത്തിെൻറ പ്രയാണം. ഇവിടെ എത്തുന്നവർക്കെല്ലാം ആനന്ദം പകർന്ന് പേരിനെ അവർ അന്വർഥമാക്കുന്നു.
2009 ബാബറിെൻറ ജീവിതത്തിലെ ഏറ്റവും നിർണായക വർഷമായിരുന്നു. ആദ്യം അവനെ തേടി ബി.ബി.സിയുടെ 'ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്മാസ്റ്റർ' എന്ന വിശേഷണമെത്തി. പ്രമുഖ ഇംഗ്ലീഷ് ചാനലായ സി.എൻ.എൻ-ഐ.ബി.എൻ ആ 16കാരനെ റിയൽ ഹീറോസ് അവാർഡിന് തെരഞ്ഞെടുത്തതും ഇതേ വർഷം തന്നെ. പിന്നെയങ്ങോട്ട് അംഗീകാരങ്ങളുടെ പ്രവാഹമായിരുന്നു. 2010ൽ എൻ.ഡി ടി.വിയുടെ 'ഇന്ത്യൻ ഓഫ് ദി ഇയർ' ബഹുമതിയെത്തി. 2012ൽ നടൻ ആമിർ ഖാൻ അവതാരകനായ 'സത്യമേവ ജയതേ' ഷോയിൽ ബാബർ എന്ന കുട്ടി ഹെഡ്മാസ്റ്ററെ പരിചയപ്പെടുത്തി.
2015ൽ റോട്ടറി ഇന്ത്യ ലിറ്ററസി മിഷെൻറ 'ലിറ്ററസി ഹീറോ'യായും തെരഞ്ഞെടുക്കപ്പെട്ടു. അതേവർഷം ഇങ്ക് (INK) ഫെലോ അവാർഡ്, 2016ൽ ഇൻറർനാഷനൽ ലിറ്ററസി അസോസിയേഷൻ പുരസ്കാരം, ബി.ബി.സി നോളജിെൻറ എജുക്കേഷൻ ലീഡർഷിപ് അവാർഡ് എന്നീ നേട്ടങ്ങൾക്കു പുറമെ ഫോബ്സ് ഏഷ്യയുടെ 30 വയസ്സിൽ താഴെയുള്ളവർക്കുള്ള സോഷ്യൽ എൻറർപ്രണർ പട്ടികയിലും ഇടം നേടി. നേട്ടങ്ങളേറെ തേടി വന്നപ്പോഴും തെൻറ പ്രവർത്തനങ്ങളും സ്വന്തം പഠനവും മുടങ്ങാതിരിക്കാൻ കരുതലെടുത്തു.
പശ്ചിമ ബംഗാളിലെ കല്യാണി സർവകലാശാലക്കു കീഴിലെ ബെർഹാംപൂർ കൃഷ്ണത്ത് കോളജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ ബാബർ ഇംഗ്ലീഷിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 2020 ജനുവരി 25ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ പ്രശംസിച്ച പേരുകളിലൊന്ന് ബാബർ അലിയുടേതായിരുന്നു. ജീവിതത്തിലെ വലിയ അംഗീകാരമായി ബാബർ അതിനെ കാണുന്നു. രാഷ്ട്രപതിയെ നേരിൽ കാണാനും അവസരമൊത്തു.
ഒരു സർക്കാർ സ്കൂളോ എയ്ഡഡ് വിദ്യാലയമോ ഇല്ലാത്ത തെൻറ ഗ്രാമത്തിലെ നിരക്ഷരതക്കെതിരായ പോരാട്ടത്തിൽ ബാബറിെൻറ ആനന്ദ ശിക്ഷ നികേതൻ വഹിച്ച പങ്ക് ഒരൽപം അത്ഭുതത്തോടെ തന്നെ കാണേണ്ടി വരും. സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തനിക്ക് എന്നും പ്രചോദനമാകുന്നത് സ്വാമി വിവേകാനന്ദെൻറ അധ്യാപനങ്ങളാണെന്ന് അദ്ദേഹം പറയുന്നു. 'മനുഷ്യരോടുള്ള സേവനം ദൈവത്തോടുള്ള സേവനമാണ്' എന്ന വിവേകാനന്ദ വചനം 28കാരൻ നെഞ്ചോട് ചേർക്കുന്നു. സർക്കാറുകളിൽനിന്ന് കാര്യമായ സഹായമൊന്നും കിട്ടിയില്ലെങ്കിലും സുമനസ്സുകൾ കൂടെയുണ്ട്.
അതാണ് മുന്നോട്ടുള്ള പ്രയാണം സാധ്യമാക്കുന്നത്. വിവിധ രാജ്യങ്ങളിൽ തെൻറ കഥ പറയാൻ ബാബർ എത്തിയിട്ടുണ്ട്. പല കഥകളും കേട്ടിട്ടുമുണ്ട്. കേട്ടതിൽ കേരളത്തിെൻറ വൈജ്ഞാനിക കുതിപ്പുമുണ്ട്. എല്ലാവർക്കും തുല്യ അവസരത്തോടെ വിദ്യാഭ്യാസം എന്നതാണ് ലക്ഷ്യം. അതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്നും തെൻറ സ്കൂളിനോട് ചേർന്ന് കോളജ് കൂടി സ്ഥാപിക്കണമെന്നും ഈ യുവാവ് സ്വപ്നം കാണുന്നു. രാജ്യത്തിെൻറ നല്ല ഭാവിക്കായി നാട്ടുകാരെ പഠിപ്പിക്കൽ തെൻറ നിയോഗമാണെന്ന് അയാൾ ഉറച്ചുവിശ്വസിക്കുന്നു.
ബാബർ അലിയുെടത് വെറുമൊരു കഥയല്ല. ദാരിദ്ര്യത്താലും സൗകര്യങ്ങളില്ലാത്തതിനാലും പഠനം നിഷേധിക്കപ്പെട്ടിരുന്ന ഒരു നാടിെൻറ കൂടി കഥയാണ്, അവരുടെ അതിജീവന കഥയാണ്. കുടുംബത്തിൽനിന്ന് ആദ്യമായി സ്കൂളിെൻറ പടി കയറാൻ ഭാഗ്യം ലഭിച്ച അയാൾ തെൻറ ദൗത്യമെന്താണെന്ന് ഒമ്പതാം വയസ്സിൽ തിരിച്ചറിഞ്ഞതാണ്. സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് ഇംഗ്ലീഷ് ടെക്സ്റ്റിലും കർണാടക സർക്കാറിെൻറ ഹയർ സെക്കൻഡറി പാഠപുസ്തകത്തിലും ഈ യുവാവിന്‍റെ പോരാട്ടങ്ങളെ പരിചയപ്പെടുത്തുന്നത് വെറുതെയല്ല. തെൻറ വഴിയിൽ ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന ബോധ്യത്തോടെയാണ് അയാൾ നടന്നു നീങ്ങുന്നത്. ആ വഴികൾ അടച്ചുകെട്ടാൻ ശ്രമിച്ചവരുണ്ട്, നേട്ടങ്ങളിൽ അസൂയപ്പെട്ടവരുണ്ട്, വധഭീഷണി വരെ മുഴക്കിയവരുണ്ട്. അതിനാലയാൾക്ക് കോളജിൽ പരീക്ഷയെഴുതാൻ പൊലീസ് സംരക്ഷണം വേണ്ടിവന്നിട്ടുണ്ട്. പേക്ഷ ആരോടും പരിഭവമില്ല. താനേറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ പിന്തുണയുമായി ഒരു കൂട്ടം മനുഷ്യർ എന്നുമുണ്ടാവുമെന്ന ധൈര്യമാണയാൾക്ക് കൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.