തൊടുപുഴ: ആനകളുടെ ചിത്രമെടുക്കാനാണ് അലൻ ബാബു ചിന്നാറിലെത്തിയത്. മണിക്കൂറുകളായി കാമറയുമായി കാത്തിരിപ്പ് തുടരുകയാണ്. പെട്ടെന്നാണ് മുന്നിലേക്ക് കാട്ടാന അലറിപ്പാഞ്ഞ് വരുന്നത്. ഒരു നിമിഷം ഞെട്ടിയെങ്കിലും തിരിഞ്ഞോടി. ഓട്ടത്തിനിടെ തെറിച്ചുവീണു.
ആനയുടെ കണ്ണിൽനിന്ന് രക്ഷപ്പെട്ടെങ്കിലും വീഴ്ചയിൽ കാലിന് പരിക്കേൽക്കുകയും കൈയിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ ചെലവ് വരുന്ന കാമറ താഴെ വീണ് തകരുകയും ചെയ്തു. ഇത്തരം പല സംഭവങ്ങളും കാട്ടിൽവെച്ച് നേരിട്ടെങ്കിലും വന്യജീവി ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടത്തിന് 51ാം വയസ്സിലും ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് അലൻസ് ബാബു പറയുന്നു.
രാജാക്കാട് സ്റ്റുഡിയോ നടത്തുന്ന പുല്ലുവെട്ടത്ത് അലൻസ് ബാബുവെന്ന ബാബു തോമസ് രാജാക്കാട്ടെ മലയോര ഗ്രാമത്തിൽനിന്ന് വാങ്ങിക്കൂട്ടിയ അവാർഡുകളുടെ എണ്ണം നൂറിനടുത്താണ്. വീടിനടുത്ത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റുഡിയോയിൽ കയറി ഇറങ്ങി നടക്കുന്നതിനിടെയാണ് ബാബുവെന്ന 10 വയസ്സുകാരന് ഫോട്ടോഗ്രഫിയോട് മോഹം കയറുന്നത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റുഡിയോയിൽ സഹായിയായി എത്തി. പിന്നീട് സ്വന്തമായി സ്റ്റുഡിയോയും തുടങ്ങി. ചെറുപ്രായത്തില്‍തന്നെ പ്രകൃതിയും പക്ഷികളും എല്ലാം മനസ്സിന്‍റെ കാമറയില്‍ പകര്‍ത്തിയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോട് പ്രണയം തുടങ്ങുന്നത്. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ കൂടാതെ വാൽപാറ, മസിനഗുഡി, കബനി, ബന്ദിപ്പുർ എന്നിവിടങ്ങളിലെ മിക്ക വനത്തിലൂടെയും ബാബു മാസങ്ങളോളം ചിത്രങ്ങൾക്കായി അലഞ്ഞിട്ടുണ്ട്.
മൂന്ന് വര്‍ഷത്തെ യാത്രക്കൊടുവിൽ പകർത്തിയ കൂട്ടിലേക്ക് പറന്നിറങ്ങുന്ന വേഴാമ്പലിന്‍റെ ചിത്രത്തിന് ദേശീയ അവാര്‍ഡും സ്വന്തമാക്കാനായി. ഫോട്ടോവൈഡ് പുരസ്കാരം, സംസ്ഥാന പി.ആര്‍.ഡി അവാര്‍ഡ്, കേരള ബയോഡൈവേഴ്‌സിറ്റി അവാര്‍ഡ്, അഗ്രികള്‍ചര്‍ അവാര്‍ഡുകള്‍, ഇന്ത്യന്‍ ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ് എക്‌സ്‌പോ അവാര്‍ഡ് തുടങ്ങിയവ ബാബുവിന് ലഭിച്ച അംഗീകാരങ്ങളിൽ ചിലത് മാത്രം.
കാടിനെ പകർത്താൻ ബാബു വീട് വിട്ടിറങ്ങുമ്പോൾ വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നത് ഭാര്യ എലിസബത്താണ്. ബാബുവിന്‍റെ ചിത്രങ്ങൾ ആദ്യം കണ്ട് അഭിപ്രായം പറയുന്നവരും ഭാര്യയും മക്കളായ മെറ്റിൽഡയും അലനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.