160 രാജ്യങ്ങളുടെ കറൻസി, 140 ദേശങ്ങളുടെ സ്റ്റാമ്പ്, 100ൽ അധികം രാഷ്ടട്രങ്ങളുടെ 3000ഓളം കോയിൻ, വിവിധ കമ്പനികളുടെ ടെലഫോൺ കാർഡ്... തൃശൂർ ഒരുമനയൂർ സ്വദേശി ടി.പി. ബഷീറിന്റെ കൗതുക ലോകത്തിലെ കാഴ്ചകളാണിത്. മൂന്നര പതിറ്റാണ്ടിലേറെയായി നിധിപോലെ കാത്ത് സൂക്ഷിക്കുകയാണ് ബഷീർ ഈ ശേഖരം. പ്രവാസ ജീവിതത്തിനിടയിലും തന്റെ ശേഖരം വിപുലമാക്കുന്നുണ്ട് ബഷീർ.
1986ൽ ഒമാനിലെ പ്രവാസകാലത്താണ് ബഷീറിന് പഴമയോട് പ്രണയം തുടങ്ങിയത്. 1998ൽ യു.എ.ഇയിലെത്തിയപ്പോഴും ഈ ഇഷ്ടം കൂടെത്തന്നെയുണ്ടായിരുന്നു. ഇടക്കാലത്ത് നിലച്ച് പോയെങ്കിലും പൂർവാധികം ശക്തിയോടെയാണ് ഇപ്പോൾ ശേഖരങ്ങൾ എത്തിപ്പിടിക്കുന്നത്. ചിലത് പണം കൊടുത്ത് വാങ്ങും, ചിലത് സുഹൃത്തുക്കൾ സമ്മാനിക്കും. 1973ൽ പുറത്തിറങ്ങിയ യു.എ.ഇ ദിർഹം മുതൽ ഏറ്റവും പുതിയ നോട്ട് വരെ ബഷീറിന്റെ കലക്ഷനിൽ ഇടംപിടിച്ചിട്ടുണ്ട്. യു.എ.ഇ ദേശീയ ദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ എല്ലാ സ്റ്റാമ്പുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. എല്ലാ എമിറേറ്റുകളുടെയും ഭരണാധികാരികളുടെ ചിത്രം വെച്ച സ്റ്റാമ്പും ചിത്രങ്ങളുമെല്ലാമുണ്ട്. 32 രാജ്യങ്ങളുടെ പോളിമർ കറൻസികളും അദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തിയാൽ കാണാം.
ഈ കലക്ഷനിലേക്ക് ഏറ്റവുമൊടുവിൽ എത്തിയത് ഖത്തർ ലോകകപ്പിന്റെ സ്റ്റാമ്പുകളാണ്. ലോകകപ്പിന്റെ ഭാഗമായി പുറത്തിറക്കിയ എല്ലാ സ്റ്റാമ്പുകളും അദ്ദേഹം സ്വന്തമാക്കി. ലോകകപ്പ് കളിക്കുന്ന 32 ടീമുകളുടെയും പേരിൽ ഖത്തർ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ഓരു ഷീറ്റിൽ രണ്ട് ഗ്രൂപ്പുകളെ ഉൾപടുത്തി നാല് ഷീറ്റ് സ്റ്റാമ്പാണ് പുറത്തിറക്കിയത്. ഇതിന് പുറമെ, എട്ട് സ്റ്റേഡിയത്തിന്റെ സ്റ്റാമ്പുമുണ്ട്. ലോകകപ്പിന്റെ ഭാഗമായി പുറത്തിറക്കിയ 22 റിയാലിന്റെ സ്പെഷ്യൽ കറൻസിയും ബഷീർ സ്വന്തമാക്കി. ഖത്തറിലെ സുഹൃത്തുക്കൾ വഴിയാണ് ബഷീർ ഇവ ശേഖരിച്ചത്. ഫുട്ബാളിനോട് താൽപര്യമുള്ള ബഷീർ മുൻകാല ലോകകപ്പുകളുടെ സ്റ്റാമ്പുകളും സംഘടിപിച്ചു. പെലെ ഉൾപെടെയുള്ള താരങ്ങളുടെ ചിത്രമുള്ള സ്റ്റാമ്പുകളുമുണ്ട്. ദുബൈയിൽ നടന്ന എക്സ്പോ 2020 മഹാ മേളയിലെ എല്ലാ പവലിയനുകളിലും പറന്നെത്തി എല്ലാ രാജ്യങ്ങളുടെയും സ്റ്റാമ്പ് എക്സ്പോ പാസ്പോർട്ടിൽ പതിപ്പിച്ചിരുന്നു.
മനാഫ് ട്രേഡിങിൽ ജോലി ചെയ്യുന്ന ബഷീർ ജോലിക്കിടെ കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് കലക്ഷന് പിന്നാലെ ഇറങ്ങുന്നത്. ഷാർജയിൽ താമസിക്കുന്ന ബഷീറിന് ഇതെല്ലാം പ്രദർശനത്തിന് വെക്കണമെന്നുണ്ട്. വൈകാതെ അത് സാധ്യമാക്കണമെന്നാണ് ആഗ്രഹം.
സാമൂഹിക മാധ്യമങ്ങൾ സജീവമായതോടെയാണ് കൂടുതൽ ശേഖരങ്ങളിലേക്ക് എത്തിപ്പെട്ടതെന്ന് ബഷീർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി ക്ലബ്ബുകളുണ്ട്. അതിൽ ചിലതിൽ അംഗമാണ് ബഷീർ. സുഹൃത്തുക്കൾ വഴി ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും തേടിപ്പിടിച്ച് ഇവ സ്വന്തമാക്കാറുണ്ട്. ഭാര്യ ഷമീറ, മക്കളായ മർവ, അമൽ, ആസിം എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.