തൃശൂർ: ബാഗിലൊതുങ്ങുന്ന സൈക്കിളുമായി ലോകം ചുറ്റാനിറങ്ങിയതാണ് 65കാരനായ കാനഡ സ്വദേശി ജാക്ക്. 20 ഇഞ്ച് ചക്ര വലിപ്പം വരുന്ന സൈക്കിൾ ആറു മടക്കുകളായി ബാഗിലിട്ടാണ് ഇന്ത്യയിലെത്തിയത്. മുംബൈയിൽനിന്ന് ഗോവ വഴിയെത്തി തൃശൂരിൽ സൈക്കിളിൽ പര്യടനം നടത്തുകയാണ് ഇദ്ദേഹം. കൂടെ സൈക്കിളിസ്റ്റായ തൃശൂർ സ്വദേശി ഹരി പാമ്പൂരുമുണ്ട്.
തിരുനെല്ലി കാട്ടിൽ മൃഗങ്ങൾക്കായുള്ള കുളം വൃത്തിയാക്കൽ കഴിഞ്ഞ് സൈക്കിളിൽ മടങ്ങവേ കോഴിക്കോട് വെച്ചാണ് ജാക്കിനെ ഹരി പാമ്പൂർ കണ്ടുമുട്ടിയത്. കൊച്ചി വഴി കന്യാകുമാരിയിലേക്കായിരുന്നു ജാക്കിന്റെ ലക്ഷ്യം. തുടർന്ന് ഇരുവരും ചേർന്ന് സൈക്കിളിൽ തൃശൂരിലെത്തി ഹരിയുടെ വീട്ടിൽ തങ്ങി. രാജ്യത്തെ സൈക്ലിസ്റ്റുകൾക്ക് സൗജന്യമായി തങ്ങാനുള്ള ഇടമാണ് ഹരിയുടെ പാമ്പൂരിലെ വീട്. തുടർന്ന് ഗുരുവായൂർ ആനക്കോട്ടയും ക്ഷേത്ര പരിസരവും സന്ദർശിച്ചു.
10 കിലോയിൽ താഴെ മാത്രം തൂക്കം വരുന്ന സൈക്കിൾ നിവർത്തി സൈക്ലിസ്റ്റുകളെപ്പോലെ ആഞ്ഞുചവിട്ടുന്ന ജാക്ക് നഗരത്തിലെ അദ്ഭുത കാഴ്ചയായിരുന്നു. 25 കിലോമീറ്ററിലധികം വേഗതയോടെയാണ് 30 കിലോയോളം വരുന്ന ലഗേജുമായി 65കാരനായ ജാക്ക് സൈക്കിൾ ചവിട്ടുന്നതെന്ന് ഹരി പറഞ്ഞു. ബംഗ്ലാദേശിൽ നിന്നാണ് ജാക്ക് ഇന്ത്യയിലെത്തിയത്. കന്യാകുമാരിയിൽനിന്ന് പോണ്ടിച്ചേരിയിലേക്കാണ് പോകുന്നത്. നാട്ടുകാരുമായി കൊച്ചുവർത്തമാനം പറഞ്ഞ് ഇടക്ക് വിശ്രമിച്ചാണ് യാത്ര. കേരളീയ ആതിഥേയത്വം അവിസ്മരണീയമാെണന്ന് ജാക്ക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.