കുറ്റിപ്പുറം: ലോഗോ രൂപകല്പനയില് നൂറ് പിന്നിട്ട് ഒരു അധ്യാപകന്. തിരൂര്‍ തുമരക്കാവ് എ.എല്‍.പി സ്കൂളിലെ അറബിക് അധ്യാപകൻ അസ്ലമാണ് നേട്ടത്തിന്റെ ഉടമ. കുറ്റിപ്പുറത്ത് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായികമേളക്കായി തയാറാക്കിയ ലോഗോയാണ് അസ്ലമിന്റെ ഭാവനയില്‍ പിറന്ന 101ാമത്തെ ലോഗോ.
ഏതാനും വര്‍ഷം മുമ്പ് സഹ അധ്യാപകന് മുകുന്ദന്റെ പ്രേരണയില്‍ സ്കൂളിനായി ഒരു ലോഗോ തയാറാക്കിയായിരുന്നു ലോഗോ രൂപകൽപനയിലേക്ക് അസ്ലമിന്റെ ചുവടുവെപ്പ്. തൊട്ടുപിന്നാലെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിനായി തയാറാക്കി അയച്ച ലോഗോ തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീടങ്ങോട്ട് ലോഗോകളുടെ ചങ്ങാതിയായി മാറി അസ്ലം. ദേശീയ, സംസ്ഥാന മേളകള്‍ക്കും സ്കൂള്‍ കലോത്സവങ്ങള്‍ക്കുമായി ലോഗോ ക്ഷണിച്ചുള്ള അറിയിപ്പുകള് കണ്ടാല്‍ അസ്ലം കലാകാരന്റെ റോളിലേക്ക് മാറും. അതോടെ മികച്ച ലോഗോ പിറക്കുകയായി.
ലോഗോ രൂപകല്പനക്കൊപ്പം ചിത്രരചന, കവിത, മാപ്പിള ഗാനരചന രംഗങ്ങളിലും അസ്ലം സജീവമാണ്. രേഖാചിത്രങ്ങള്‍ കൂടാതെ ജലച്ചായം, അക്രിലിക്, എണ്ണച്ചായം തുടങ്ങിയ മാധ്യമങ്ങളുപയോഗിച്ചും ചിത്രരചന നടത്തുന്നു. നേരത്തേ സ്കൂളില്‍ നിന്ന് നാലാംതരം കഴിഞ്ഞു പോകുന്ന മുഴുവന്‍ കുട്ടികളുടെയും ഛായാചിത്രങ്ങള്‍ വരച്ച് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് വാര്‍ത്തയായിരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകങ്ങള്‍ക്കു വേണ്ടി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
ആദ്യകാലങ്ങളില്‍ ലോഗോകള്‍ സ്വന്തമായി വരച്ചാണ് തയാറാക്കിയിരുന്നത്. പിന്നീട് തിരൂരില്‍ പരസ്യ സ്ഥാപനം നടത്തുന്ന സുഹൃത്ത് അനില്‍ പഞ്ചമി ലോഗോകള്‍ കോറല്‍ ഡ്രോയില്‍ രൂപകല്പന ചെയ്യാന്‍ പഠിപ്പിച്ചു. ഇത് ഈ രംഗത്ത് മുന്നേറാന്‍ ഏറെ സഹായകരമായി.
മീനടത്തൂരിലെ എം. മൊയ്തീന് കുട്ടിയുടേയും കോടിയേരി ഫാത്തിമയുടേയും മകനാണ്. ലോഗോ രചനയില്‍ ഭാര്യ ശബ്ന മെഹ്റ, മകന് ജസീം അസ്ലം, മരുമകള്‍ ഹിദായ എന്നിവരുടെ പിന്തുണയാണ് അസ്ലമിന്റെ കരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.