കൊച്ചി: ലോക്ഡൗണിൽ വീട്ടകങ്ങളിൽ ഒതുങ്ങുന്ന സെറിബ്രൽ പാൾസി ബാധിതർ നൊമ്പരക്കാഴ്ചയാകുേമ്പാൾ വേറിട്ട അനുഭവം പറഞ്ഞുതരും അനിരുദ്ധ് ഗോപകുമാർ. സ്കൂളുകൾ തുറക്കാതെ എല്ലാ സാമൂഹിക ഇടപെടലുകളും ഇല്ലാതായപ്പോൾ ഈ 11കാരൻ വായിച്ചുകൂട്ടിയത് 58 പുസ്തകങ്ങൾ. ഇതിൽ നോവലും സ്പോർട്സും കവിതകളും ആത്മകഥകളും ഒക്കെയുണ്ട്.
എറണാകുളം കളമശ്ശേരി എൻ.എ.ഡി കേന്ദ്രീയ വിദ്യാലയത്തിൽ ആറാം ക്ലാസുകാരനാണ് അനിരുദ്ധ്. ഒന്നാം വയസ്സിൽ സെറിബ്രൽ പാൾസി ബാധിച്ചുവെന്ന് കണ്ടെത്തി കുട്ടി നടക്കില്ലെന്ന് വിധിയെഴുതി ഡോക്ടർ. എന്നാൽ, അതുകേട്ട് തളരാൻ നിന്നില്ല കോളജ് ലെക്ചററായ പിതാവ് ഗോപകുമാർ. മറ്റ് ഡോക്ടർമാരുടെ ഉപദേശങ്ങൾ അനുസരിച്ച് ഫിസിയോ തെറപ്പിയും മകനെയും കൊണ്ട് യാത്രകളും തുടങ്ങി. വീട്ടിലെ ടി.വി കണക്ഷൻ വേണ്ടെന്നുവെച്ച് വായനയിലേക്ക് മാതാവ് ധന്യ ഉൾപ്പെടെ മാറി. പിന്നീട്, കുട്ടി സ്കൂളിൽ പോകാൻ തുടങ്ങിയതോടെ കൂട്ടുകാർക്കൊപ്പം അവേൻറത് സാധാരണ ജീവിതവുമായി.
കോവിഡ് ലോക്ഡൗണിൽ സ്കൂൾ അടഞ്ഞതോടെ അനിരുദ്ധിെൻറ ഭാഷയിൽ ഇപ്പോൾ 'ജയിൽ ജീവിത'മാണ്. മൊബൈൽ ഫോൺ അധികം ഉപയോഗിക്കാനും താൽപര്യമില്ലാതായതോടെ വായനയുടെ ലഹരിയിലായി അവൻ.
ആർ.കെ. നാരായണെൻറ 'മാൽഗുഡി ഡെയ്സി'ൽ തുടങ്ങി ആൻഫ്രാങ്കിെൻറ ഡയറിക്കുറിപ്പുകൾ, എം.എസ്. ധോണി, സചിൻ ടെണ്ടുൽകർ എന്നിവരുടെ ആത്മകഥകൾ എന്നിങ്ങനെ പുസ്തകങ്ങളായി പിന്നെ കൂട്ടുകാർ. വീട്ടിൽ കാണുന്നിടത്തെല്ലാം പുസ്തകങ്ങളുമായി.
ഫുട്ബാളും ക്രിക്കറ്റും ഇഷ്ടവിനോദമായ കുട്ടി കളിക്കാരുടെ പേരും േജഴ്സി നമ്പറും വരെ മനസ്സിൽ കുറിച്ചിട്ടുതുടങ്ങി. 2017-18 ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ കളി കാണാൻ എത്തിയ അനിരുദ്ധ് ടീമംഗങ്ങളുമായും അടുത്തു. സി.കെ. വിനീതും ഹ്യൂമുമൊക്കെ അനിരുദ്ധുമൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഹിന്ദിയും ഇംഗ്ലീഷും മലയാളവും അനായാസം സംസാരിക്കും കുട്ടി.
'മാതാപിതാക്കൾ ഒപ്പം തന്നെ നിൽക്കണം സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളുടെ കൂടെ. സ്കൂൾ കാണണമെന്ന് അവൻ പറഞ്ഞപ്പോൾ അടുത്തിടെ കൊണ്ടുപോയി കാണിച്ചു. ഫിസിയോ തെറപ്പി നൽകിയും വായനപോലുള്ളവയിൽ ഇഷ്ടം വരുത്തിയും ശ്രദ്ധകൊടുത്താൽ ലോക്ഡൗൺ നാളുകളിലും ഈ കുട്ടികളുടെ മനസ്സ് തളരാതെ നോക്കാം'- പിതാവ് ഗോപകുമാർ പറയുന്നു. ഏകമകനുവേണ്ടി ജോലി ഉപേക്ഷിച്ച അദ്ദേഹം ഇപ്പോൾ പാർട്ട്ടൈം ലെക്ചററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.