പാറശ്ശാല: തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് ചാര്‍ളി ചാപ്ലിനെ നിർമിച്ച് മഞ്ഞാലുംമൂട് തിടുമണ്‍തോട്ടം വീട്ടില്‍ എസ്. ശ്രീരാജാണ് (34) ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടി. 3,57,216 തീപ്പെട്ടിക്കൊള്ളികൾ ഉപയോഗിച്ച് 24 ചതുരശ്രയടി മൊസൈക് ആര്‍ട്ടിലുള്ള ചിത്രരചന രീതിയിലാണ് ചാര്‍ളി ചാപ്ലിനെ അണിയിച്ചൊരുക്കിയത്.
പെയിന്റോ മറ്റ് അസംസ്‌കൃത വസ്തുക്കളോ ഉപയോഗിച്ചിട്ടില്ല. ഇവ മുറിച്ചിട്ടില്ല. ശ്രമകരമായിരുന്നിട്ടും സൂക്ഷ്മതയോടെയാണ് ചാര്‍ളി ചാപ്ലിനെ ഒരുക്കിയത്. തമിഴ്‌നാട് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ 15-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാര്‍ത്താണ്ഡത്ത് നടന്ന എക്‌സിബിഷനിൽ പ്രദര്‍ശിപ്പിച്ചിരുന്നു.
ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ല. ചിത്രരചനയിലും ശിൽപകലയിലും പ്രകൃതിസ്‌നേഹം കലര്‍ന്ന ശ്രീരാജിന്റെ ഓരോ സൃഷ്ടിയും പത്തരമാറ്റ് അഴകാണ്. കല്‍ക്കരി, ഓല, തടി, പേപ്പര്‍, കുപ്പിച്ചില്ല്, കാര്‍ഡ്‌ബോര്‍ഡ്, പാഴ് വസ്തുക്കള്‍ എന്നിവയെല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി മാറ്റാൻ കഴിവുണ്ട്.
2013ല്‍ 109 ചാര്‍ട്ട് പേപ്പര്‍ ഉപയോഗിച്ച് 25 അടി ഉയരത്തിലും 20 അടി വീതിയിലുമുള്ള അബ്ദുൽ കലാമിന്റെ ചിത്രത്തിന് അസി. വേള്‍ഡ് റെക്കോഡ് ലഭിച്ചിരുന്നു. ഏഴ് മണിക്കൂര്‍ കൊണ്ടാണ് കല്‍ക്കരിയില്‍ ചാര്‍ക്കോള്‍ പെന്‍സില്‍ കൊണ്ട് ഇത് വരച്ചെടുത്തത്.
2017ല്‍ ഒരു ലക്ഷം ഗ്ലാസ് കഷണങ്ങളും കാര്‍ഡ് ബോര്‍ഡും തടി കഷണങ്ങളുമുപയോഗിച്ച് 42 അടി ഉയരത്തിലും 16 അടി വീതിയിലും നിർമിച്ച കൂറ്റന്‍ സാന്താക്ലോസിന്റെ രൂപം യു.ആര്‍.എഫ് ലോക റെക്കോഡില്‍ ഇടം പിടിച്ചിരുന്നു. ലോകത്തിലെതന്നെ ഏറ്റവും നീളം കൂടിയതും 80 കിലോ ഭാരമുള്ളതുമായ ബ്രഷ് സ്വന്തമായി നിർമിച്ച് ചിത്രം വരച്ച നേട്ടത്തിനുടമ കൂടിയാണ് ശ്രീരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.