നെല്ലറിവിന്‍റെ വേരുകൾ

പരമ്പരാഗത നെൽവിത്തുകളും അവയെക്കുറിച്ച് സൂക്ഷ്മമായ അറിവുകളും സൂക്ഷിക്കുന്ന പൈതൃക കർഷകനാണ് വയനാട് ജില്ലയിലെ മാനന്തവാടി കമ്മന സ്വദേശി ചെറുവയല്‍ രാമന്‍. അന്യം നിന്നുപോയ വിത്തുകളുടെ കാവൽക്കാരനായാണ് ചെറുവയൽ രാമനെ ലോകം അറിയുന്നത്. എഴുപത്തി ഒന്നാം വയസ്സിൽ പത്മശ്രീ തേടിയെത്തിയപ്പോഴും തന്റെ കൃഷിയിടത്തിൽ തിരക്കിലായിരുന്നു മണ്ണിനെ തൊട്ടറിഞ്ഞ ഈ മനുഷ്യൻ.

നെല്ലറിവിന്റെ പേര്

2011ൽ ഹൈദരാബാദിൽ ജൈവവൈവിധ്യ സംരക്ഷണത്തിനായി നടത്തിയ 150 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധാനംചെയ്തത് ചെറുവയൽ രാമനായിരുന്നു. വിദ്യാർഥികളും ഗവേഷകരും കർഷകരും പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കാൻ രാമനെത്തേടി എത്തിക്കൊണ്ടിരിക്കുന്നു. 22 ഏക്കർ വയലും 18 ഏക്കർ കരഭൂമിയുമുള്ള കൂട്ടുകുടുംബത്തിലാണ് ജനിച്ചതെങ്കിലും ഒന്നര നൂറ്റാണ്ടോളം പഴക്കം വരുന്ന പുല്ലുമേഞ്ഞ കുടിലിലാണ് താമസം. പാരമ്പര്യ നെല്ലിനങ്ങളുടെ ജീൻബാങ്കറായി അറിയപ്പെടുന്ന ഇദ്ദേഹം 51 ഇനങ്ങളിൽപെട്ട പൈതൃക നെൽവിത്തുകൾ സംരക്ഷിക്കുന്നുണ്ട്. കാർഷിക ജീവിതത്തിൽ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും സങ്കരയിനം വിത്തുകൾ ഉപയോഗിക്കാൻ അദ്ദേഹം തയാറല്ല.

 

ചെറുവയൽ കുറിച്യ തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952ലാണ് രാമന്റെ ജനനം. കമ്മന നവോദയ എൽ.പി സ്‌കൂളിൽ അഞ്ചാം തരം വരെ പഠിച്ച അദ്ദേഹത്തിന് പിന്നീട് കൃഷിയിടങ്ങളായിരുന്നു പഠനകേന്ദ്രം. പട്ടിണിയും ദാരിദ്ര്യവും പ്രതികൂല ഘടകങ്ങളും ഒത്തുചേർന്നുവന്നപ്പോൾ കന്നുകാലി പരിചരണത്തിലേക്കും കൃഷിപ്പണിയിലേക്കും കടന്നുചെന്ന ബാല്യകാലം. പതിനേഴാം വയസ്സിൽ അമ്മാവന്റെ മരണത്തോടെയാണ് വലിയ ഉത്തരവാദിത്തങ്ങൾ രാമനിൽ വന്നുചേർന്നത്.

മണ്ണിനെയറിഞ്ഞ്

കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്ന കുറിച്യത്തറവാട്ടില്‍ അമ്മാവന്‍ ഏല്‍പിച്ച നെല്‍വിത്തുകളും കന്നുകാലികളും ഏക്കർകണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം ഉന്നത വിദ്യാഭ്യാസമെന്നത് വിദൂര സ്വപ്‌നമായി അവശേഷിച്ചു.1969ൽ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കണ്ണൂർ ഡി.എം.ഒ ഓഫിസിൽ വാർഡനായി ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവെച്ചു. ഈ സമയത്താണ് കൃഷി കൂടുതൽ ഗൗരവമായി ചെയ്യാൻ തുടങ്ങിയത്.

കാലം പുരോഗമിച്ചപ്പോൾ കൃഷിയിലും ഹൈബ്രിഡ് വെറൈറ്റികളും ജനിതക വിത്തുകളും വിപണിയിലെത്തിയെങ്കിലും രാമേട്ടൻ തനതു കൃഷിരീതിയിൽ ഉറച്ചുനിന്നു. പൈതൃകമായി ചെയ്തുപോരുന്ന കൃഷിരീതികളും വിത്തിനങ്ങൾ സൂക്ഷിച്ചുവെച്ചുമാണ് ഇദ്ദേഹത്തിന്റെ കൃഷിരീതി. ഓരോ വിളവെടുപ്പിനുശേഷവും അടുത്തതവണക്കുള്ള വിത്തുകൾ പത്തായത്തിൽ സൂക്ഷിച്ചുവെച്ചാണ് അദ്ദേഹം കൃഷിയിറക്കിയത്. വളപ്രയോഗത്തിന്റെയോ കീടനാശിനി പ്രയോഗത്തിന്റെയോ സംരക്ഷണമില്ലാതെയുള്ള കൃഷിരീതിയാണ് അവലംബിക്കുന്നത്.

 

ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ ശബ്ദമായി മാറിയ ആൾകൂടിയാണ് ചെറുവയൽ രാമൻ. തൃശൂർ കാർഷിക സർവകലാശാലാ സെനറ്റ് അംഗമായ ഇദ്ദേഹത്തിന്റെ കാർഷിക അനുഭവങ്ങൾ അറിയാനും വിത്തിനങ്ങളെക്കുറിച്ച് പഠിക്കാനും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ആളുകൾ എത്തുന്നുണ്ട്. പുതുതലമുറക്ക് കേട്ടറിവുപോലുമില്ലാത്ത നിരവധി നെൽവിത്തുകൾ അദ്ദേഹത്തിന്റെ ധാന്യശേഖരത്തിലുണ്ട്. അവയിൽ കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം കുന്നുകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര തുടങ്ങി അന്യംനിന്നുപോയ നിരവധി നെൽവിത്തുകളുൾപ്പെടും. തന്റെ കൈവശമുള്ള നെൽവിത്തുകൾ വാങ്ങാനെത്തുന്നവരിൽനിന്നും അദ്ദേഹം പ്രതിഫലംപോലും വാങ്ങാറില്ല.

പ്രകൃതിവീട്

ചെളിമണ്ണും വയ്‌ക്കോലും ചൂരലും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് വീടിന്റെ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. ഈട്ടിയും മുളയും കൊണ്ടുള്ള മേൽക്കൂര. കാറ്റിനെയും മഴയെയും വെയിലിനെയും പ്രളയങ്ങളെയുമെല്ലാം അതിജീവിച്ചുള്ള നിൽപ്പാണ് ഈ കുടിൽ. മണ്ണിനോടും പ്രകൃതിയോടും പടപൊരുതി പൊന്നുവിളയിച്ച കുറേ തലമുറകള്‍ ഈ വീടിന്റെ പൈതൃകം വിളിച്ചു പറയുന്നുണ്ട്. ഭാര്യ ഗീതയും മക്കളായ രമേശനും രാജേഷും രമണിയും അജിതയുമെല്ലാം അച്ഛന്റെ കൃഷിരീതികൾക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജിനോം സേവ്യർ പുരസ്‌കാരം, ജനിതക സംരക്ഷണ പുരസ്‌കാരം, പി.കെ. കാളൻ സ്മാരക പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - cheruvayal rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.