‘ദേവദൂതർ പാടി, സ്നേഹദൂതർ പാടി ഈ ഒലിവിൻ പൂക്കൾ ചൂടിവരും നിലാവിൽ...’
ന്യൂഡൽഹിയിലെ എക്യുമിനിക്കൽ ക്രിസ്മസ് കരോൾ മത്സരത്തിൽ എന്റെ ദേവാലയത്തിന് ഒന്നാം സമ്മാനം വാങ്ങിത്തന്നത് മനോഹരമായ ഈ ഗാനമായിരുന്നു. അത് ആലപിച്ചതാകട്ടെ, ഗംഗാറാം ഹോസ്പിറ്റലിൽ നഴ്സായി ജോലിചെയ്തിരുന്ന സൂസൻ റോയിയും. എല്ലാ ക്രിസ്മസ് ദിനത്തിലും ഞാൻ പോലുമറിയാതെ ഈ ഗാനം എന്റെ മനസ്സിലേക്ക് ഓടിയെത്തും. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഈ ഗാനമാലപിച്ച സൂസന്റെ ചിത്രം എന്റെ മനസ്സിൽനിന്നു മാഞ്ഞുപോകുന്നില്ല. നൊമ്പരമുണർത്തുന്ന ഒരു ക്രിസ്മസ് പൂവായി സൂസൻ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.
ഒരു ഉൾക്കിടിലത്തോടു കൂടിയായിരുന്നു ഞാൻ സൂസന്റെ മരണവാർത്ത കേട്ടത്. സൂസൻ എന്റെ ദേവാലയത്തിലെ അംഗമായിരുന്നു. കരോൾ ഗാനമത്സരത്തിൽ വിജയിയായതിന് ഏതാനും ദിവസങ്ങൾക്കകം അവൾ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. ഐ.സി.യുവിൽ ഞാൻ കാണാനെത്തിയപ്പോൾ സഹപാഠികളും സഹപ്രവർത്തകരുമായി ഒരു വലിയ കൂട്ടം അവിടെയുണ്ട്.
അവർ ഒരുക്കിത്തന്ന വഴിയിലൂടെ മുന്നോട്ടു കയറിയ ഞാൻ സൂസനെ ഒന്നുനോക്കി. കരോൾ മത്സരത്തിൽ മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങി നിന്ന ആ പെൺകുട്ടിയുമായി അവൾക്കൊരു സാമ്യവുമില്ല. എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു. വിളറിയ ചുണ്ടുകൾ ചലിച്ചു. ചെറിയൊരു പുഞ്ചിരി മുഖത്തു വിടർന്നു. എന്തോ അവ്യക്തമായി അവൾ ശബ്ദിച്ചു. പ്രാർഥിക്കാനാണ് ആവശ്യപ്പെട്ടതെന്നു മനസ്സിലായി. പ്രാർഥനക്കു ശേഷം കൈകൾ ഉയർത്തി കട്ടിലിൽ ഇരിക്കാൻ ആംഗ്യം കാട്ടി. അവ്യക്തമായി എന്തോ പറയുന്നുണ്ടായിരുന്നു.
പിറ്റേന്നു വരാമെന്നു പറഞ്ഞ് ഞാൻ മടങ്ങി. പിറ്റേന്നു രാവിലെ ഇടവക വിശ്വാസികളുടെ കൂട്ടത്തിൽ ഞാൻ ആശുപത്രിയിലേക്കു പോകാൻ ഒരുങ്ങുമ്പോൾ ഒരു ഫോൺകോൾ വന്നു, ‘സൂസൻ റോയ് മരിച്ചു’... എല്ലാ ക്രിസ്മസ് കാലങ്ങളെയും കണ്ണീരണിയിക്കുന്നു സൂസൻ...
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.