മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്വന്തം രോഗം മറന്ന് ചികിത്സക്കെത്തിയ ഡോക്ടർ നവജാത ശിശുവിന്റെ ജീവൻ രക്ഷിച്ചു. ഗുരുതരാവസ്ഥയിൽ രാത്രി ആശുപത്രിയിലെത്തിച്ച 31 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് രക്ഷിച്ചത്.
ഒരാഴ്ച മുമ്പ് നടന്നതാണെങ്കിലും നന്ദി സൂചകമായി എഴുതിയ കുറിപ്പിലൂടെയാണ് പുറംലോകം ഡോക്ടറുടെ നന്മ അറിഞ്ഞത്. മെഡിക്കൽ കോളജ് ശിശുരോഗ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ബിജോൺ ജോൺസനാണ് അസുഖാവസ്ഥയിലും രാത്രി എത്തി ശസ്ത്രക്രിയ നടത്തിയത്. ഡോ. ബിജോണിന് അടുത്തിടെ ആൻജിയോഗ്രാം പരിശോധനയിൽ ബൈപാസ് ശസ്ത്രക്രിയ നിർദേശിച്ചിരുന്നു.
പാലക്കാട് മലമ്പുഴ അകത്തേത്തറ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. ഛർദിയെതുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ തിരിച്ചറിയുകയും ഉടൻ ഡോ. ബിജോണിനെ അറിയിക്കുകയായിരുന്നു.
ശസ്ത്രക്രിയയെ തുടർന്ന് സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു. ശിശുരോഗ ചികിത്സ വിഭാഗത്തിൽ ഡോക്ടർമാർ കുറവായതിനാൽ അവധിയെടുക്കാതെ ഡോക്ടർ ജോലിക്കെത്തുന്നുണ്ട്. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. നീതു, ഡോ. ഡാരിസ് എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.