മനുഷ്യരുടെ സർവാത്മനായുള്ള മാറ്റമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, അനുദിനം മാറ്റങ്ങൾക്കും വിധേയമാണ് ഇന്ന് വിദ്യാഭ്യാസരംഗം. മാത്രമല്ല, കോവിഡ് കാലം വന്നതോടെ പരമ്പരാഗതരീതികളും പാടെ മാറി. ഇവയെല്ലാം വിരൽചൂണ്ടുന്നത് കാലോചിതമായ പരിഷ്കരണത്തിലൂടെ മാത്രമേ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സാധ്യമാകൂ എന്നതുതന്നെയാണ്. ഇതു മുന്നിൽകണ്ട് കൃത്യമായ ചുവടുകളിലൂടെ യു.എ.ഇയിലെ വിദ്യാഭ്യാസരംഗത്ത് വലിയൊരു വിപ്ലവത്തിന് നാന്ദികുറിക്കുന്നവരിലൊരു മലയാളിയുമുണ്ട് -ജീവിതത്തിൻെറ ഓരോ ചലനങ്ങളിൽനിന്നും അറിവ് ആർജിച്ച് വിദ്യാഭ്യാസരംഗത്ത് മികവിൻെറ കൊടിയടയാളം തീർത്ത കെ.കെ. അഷ്റഫ്.
യു.എ.ഇയിലെ ബ്രിട്ടീഷ് സ്കൂളുകൾക്ക് പുതുമോടി പകർന്ന് രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്ന തരത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തിയാണ് കെ.കെ എന്നറിയപ്പെടുന്ന കെ.കെ. അഷ്റഫ് യു.എ.ഇയിലെ വിദ്യാഭ്യാസരംഗത്ത് സ്വന്തം പേരെഴുതിച്ചേർത്തത്. സ്കൂൾ നിർമാണവും നടത്തിപ്പും ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനായി യു.എ.ഇയിൽ ഇദ്ദേഹംതന്നെ ആരംഭിച്ച ക്രിയേറ്റിവ് എജുക്കേഷൻ സൊല്യൂഷൻസ് (സി.ഇ.എസ്) വഴി ഇപ്പോഴും വിജയഗാഥ തുടർന്നുകൊണ്ടിരിക്കുകയാണ്.
കണ്ടുമറന്നും കേട്ടുശീലിച്ചതുമായ രീതികൾക്കു പകരം നിർമിതബുദ്ധിയും റോബോട്ടിക്സും സ്മാർട്ട് ലേണിങ്ങുമെല്ലാം അടക്കിവാഴുന്ന ഇന്നത്തെ വിദ്യാഭ്യാസരംഗത്ത്, അത്തരം നൂതന സാങ്കേതികവിദ്യകളെ സമന്വയിപ്പിച്ച് പുതിയകാലം ആവശ്യപ്പെടുന്ന അറിവ് പുതുതലമുറക്ക് ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് ഇന്ന് ഇദ്ദേഹം. അബൂദബിയിൽ പ്രവർത്തിക്കുന്ന അൽ ബാസ്മ ബ്രിട്ടീഷ് സ്കൂളിൽ ഇതിൻെറ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനവും റോബോട്ടിക്സ് ലാബും ഒപ്പം STEM ക്ലാസ്റൂമുകളും (Science, Technology, English, Maths) ഒരുക്കിയാണ് ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പഠനത്തിന് സർവകലാശാലതന്നെ ആരംഭിച്ച അബൂദബിയിൽ ഇൗ മലയാളി വലിയ വിജയങ്ങൾക്കായി നിലമൊരുക്കുന്നത്.
കേവലമൊരു ബാങ്ക് ക്ലർക്കായി പ്രവാസമണ്ണിലെത്തിയ കെ.കെ. അഷ്റഫ്, കഠിനപ്രയത്നവും നവീനമായ ആശയങ്ങളും ആത്മാർഥതയോടെയുള്ള ഇടപെടലുംകൊണ്ടാണ് പടിപടിയായി ഉന്നതങ്ങളിലെത്തിയത്. നേടാവുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയശേഷം ബാങ്കിങ് കരിയർ വിട്ട കെ.കെ യാദൃച്ഛികമായാണ് പൂട്ടിപ്പോകുന്ന വില്ല സ്കൂളുകളെക്കുറിച്ച് കേൾക്കുന്നത്. പുതിയ സ്കൂളുകളുടെ ആവശ്യകത തിരിച്ചറിഞ്ഞ കെ.കെ 2010ൽ അബൂദബിയിൽ ആരംഭിച്ച ഭാരതീയ വിദ്യാഭവൻ സ്കൂൾ നിർമാണ സംരംഭത്തിൽ പങ്കാളിയായതോടെയാണ് ഇൗ രംഗത്ത് തനിക്ക് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് കെ.കെ തിരിച്ചറിയുന്നത്. ഇന്ന് ഒരു പതിറ്റാണ്ടുകാലം പിന്നിടുമ്പോൾ അബൂദബിയിൽ അൽ ബാസ്മ, അജ്യാൽ എന്നീ പേരുകളിലുള്ള രണ്ടു ബ്രിട്ടീഷ് സ്കൂളുകൾ, അൽഐനിൽ ഗാർഡൻ സിറ്റി ബ്രിട്ടീഷ് സ്കൂൾ, ഇരു എമിറേറ്റുകളിലായിതന്നെ മൂന്നോളം നഴ്സറി സ്കൂൾ എന്നിവ കെ.കെയുടെ മേൽനോട്ടത്തിലും ഉപദേശത്തിലുമാണ് പ്രവർത്തിക്കുന്നത്. ഒപ്പം 2012ൽ കേരളത്തിൽ ആരംഭിച്ച ഓറ അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻ കമ്പനിക്ക് കീഴിൽ പെരിന്തൽമണ്ണയിലും കൊടുങ്ങല്ലൂരിലും തുടങ്ങിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകളും മികവിൻെറ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
വിദ്യാഭ്യാസരംഗത്തെ കുതിപ്പുകൾക്കൊപ്പം ആതുരശുശ്രൂഷ മേഖലയിലും നിർധനർക്കും നിരാലംബർക്കും താങ്ങാവാനും ഇൗ വിദ്യാഭ്യാസ വിചക്ഷണൻ സദാ സന്നദ്ധനാണ്. പണമില്ലാത്തതിൻെറ പേരിൽ മെച്ചപ്പെട്ട ചികിത്സ നിഷേധിക്കപ്പെടരുതെന്ന നിശ്ചയദാർഢ്യത്തിൽ 1993ൽ പിറവിയെടുത്ത കൊടുങ്ങല്ലൂർ മോഡേൺ സ്പെഷാലിറ്റി ആശുപത്രി, ആയിരക്കണക്കിന് വൃക്കരോഗികളുൾപ്പെടെ നിരവധി രോഗികളുടെ ആശ്രയകേന്ദ്രമാണിന്ന്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.