മസ്കത്ത്: സൈക്കിളിൽ കേരളത്തിൽനിന്ന് ലണ്ടനിലേക്ക് ഒറ്റക്ക് യാത്രതിരിച്ച കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലി (34) ഒമാനിലുമെത്തി. തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങിയ ഫായിസ് മുംബൈയിൽനിന്ന് വിമാന മാർഗമാണ് സുൽത്താനേറ്റിലെത്തിയത്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ സൂർ, മത്ര തുടങ്ങി വിവിധ സ്ഥലങ്ങളിൽ സ്വീകരണവും നൽകി. ഒമാനിലെ പര്യടനം പൂർത്തിയാക്കി ചൊവ്വാഴ്ചയോടെ
സൈക്കിളിൽ യു.എ.ഇയിലേക്ക് തിരിക്കുകയും ചെയ്തു. മുംബൈയിൽനിന്നും സൈക്കിൾ അഴിച്ച് കഷ്ണങ്ങളാക്കി ബാഗിലാക്കിലാണ് ഒമാനിൽ കൊണ്ടുവന്നതെന്ന് ഫായിസ് പറഞ്ഞു. ലോക സമാധാനം, സീറോ കാർബൺ, മയക്ക് മരുന്നിനെതിരെയുള്ള ബോധവത്കരണം തുടങ്ങിയവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 25 സര്‍വകലാശാലകളും 150 സ്‌കൂളുകളും യാത്രക്കിടെ സന്ദര്‍ശിക്കും. ഇന്ത്യയിൽ ഒരു ദിവസം 150 കിലോമീറ്റർവരെ സഞ്ചരിച്ചിരുന്നു. എന്നാൽ, ജി.സി.സി രാജ്യങ്ങളിൽ 80 കി.മീറ്റർവരെ യാത്ര ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസംകൊണ്ട് ഇംഗ്ലണ്ടിൽ എത്തിച്ചേരുന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ഒമാനിൽനിന്നും സൈക്കിളിൽ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കി, അവിടെ നിന്ന് ബൾഗേറിയ, റുമേനിയ, മാൾഡോവ, യുെക്രയ്ൻ, പോളണ്ട്, ചെക്കേസ്ലാവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക.
അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക് ട്രക്കർ സൈക്കിളിലാണ് സഞ്ചാരം. യു.എ.ഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയാണ് സൈക്കിൾ സ്പോൺസർ ചെയ്തത്. പാകിസ്താൻ, ചൈന എന്നി രാജ്യങ്ങളിലെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര. ഏതാനും ജോഡി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, കാമറ തുടങ്ങിയവയൊക്കെയാണ് ഒപ്പം കരുതുന്നത്.
ഇത്തരമൊരു വലിയ യാത്രക്ക് സാമ്പത്തികം വലിയ ഒരു ഘടകമാണെന്ന് ഫായിസ് പറഞ്ഞു. 'മുഖ്യ സ്പോൺസർമാെര ഇതുവരെ ലഭിച്ചിട്ടില്ല, ക്രൗഡ് ഫണ്ടിങ്ങിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തടസ്സങ്ങൾ പറഞ്ഞ് യാത്ര ചെയ്യാതിരിക്കുന്നത് ശരിയല്ല. യാത്ര ചെയ്യാനുള്ള മനസ്സാണ് ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത്. ബാക്കിയെല്ലാം പിന്നാലെ വരും' -ഫായിസ് പറഞ്ഞു. ലണ്ടനിലേക്കുള്ള ഫായിസിന്‍റെ യാത്ര തിരുവനന്തപുരത്ത് ആഗസ്റ്റ് 15ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
സൈക്കിളിൽ നേരത്തേയും ഇദ്ദേഹം ഉലകം ചുറ്റിയിരുന്നു. വിപ്രോ കമ്പനിയിലെ ജോലി രാജിവെച്ച് 2019ൽ കോഴിക്കോട്നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാൾ, ബൂട്ടാൻ, മ്യാന്മർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്. കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണയാണ് യാത്രക്ക് കൂടുതൽ കരുത്തു നൽകുന്നതെന്ന് ഫായിസ് പറഞ്ഞു. ഭാര്യ അസ്മിന്‍ ഫായിസും മക്കള്‍ ഫഹ്സിന്‍ ഉമറും അയ്സിന്‍ നഹേലും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.