റിയാദ്: സൗദി തലസ്ഥാന നഗരിയുടെ ഭരണസിരാകേന്ദ്രത്തോടുചേർന്നുള്ള ദീര സൂഖിലൊരു പാട്ടുകച്ചവടക്കാരനുണ്ട്, അബു രദ. ഈ സൂഖിലെ സായാഹ്ന കാറ്റിനൊപ്പം സംഗീത ഇതിഹാസം മൈക്കിൾ ജാക്സെൻറ ‘ബില്ലി ജീൻ’ ആൽബത്തിലെ ‘ഇറ്റ്സ് ദി ഫാൾ ഇൻ ലൗ, ദാറ്റ്സ് മേക്കിങ് മി ഹൈ’ എന്ന ഇടിവെട്ട് പാട്ടൊഴുകി വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അബു രദയുടെ പാട്ടു കടക്ക് തിരി തെളിഞ്ഞിട്ടുണ്ടെന്ന്. മുഹമ്മദ് അബ്ദു, അബ്ദുൽ മജീദ് അബ്ദുല്ല, ഫഹദ് ബിൻ സഈദ്, ഖാലിദ് അബ്ദുറഹ്മാൻ തുടങ്ങിയ വിഖ്യാത സൗദി ഗായകരുടെ പാട്ടുകൾക്കൊപ്പം ദിവസം ഒരു തവണയെങ്കിലും മൈക്കിൾ ജാക്സനെ കേൾപ്പിക്കും.
ഗ്രാമഫോണിെൻറ ഗൃഹാതുര സ്വര സ്ഥായിയിൽ അങ്ങനെ മൈക്കിൾ ജാക്സണും മുഹമ്മദ് അബ്ദുമെല്ലാം അന്തരീക്ഷത്തിലൊഴുകി പടരും. സംഗീതലോകത്തെ മൺമറഞ്ഞ ഇതിഹാസങ്ങളെല്ലാം ദീര സൂഖിൽ പുനർജനിക്കും. ഗ്രാമഫോൺ ഡിസ്കുകൾ, ഓഡിയോ കാസറ്റുകൾ, വയലിൻ, ഹാർപ്പ്, പിക്കോലോ, ഡ്രം തുടങ്ങി 1980കളിൽ പ്രചാരത്തിലുണ്ടായിരുന്ന സംഗീതവുമായി ബന്ധപ്പെട്ട സകല വസ്തുക്കളും വാങ്ങാനും വിൽക്കാനും ഈ തെരുവുകച്ചവടക്കാരനെ സമീപിക്കാം. സംഗീതോപകരണങ്ങൾ മാത്രമല്ല പഴയ ടെലിവിഷൻ, റേഡിയോ എന്നിവയും ഇവിടെയുണ്ട്.
മൈക്കിൾ ജാക്സെൻറ ഏതാണ്ട് എല്ലാ ആൽബങ്ങളുടെയും വലിയ ഗ്രാമഫോൺ സീഡികൾ അബു രദയുടെ ശേഖരത്തിലുണ്ട്. വാണിജ്യ താൽപര്യത്തിനപ്പുറം പാട്ടുകച്ചവടം തെൻറ അഭിനിവേശമാണെന്ന് അബു രദ പറയുന്നു. സൗദി പൗരനായ ഈ സംഗീതപ്രേമി റിയാദ് സ്വദേശിയാണ്. കാൽ നൂറ്റാണ്ടിലേറെയായി സംഗീതസാമഗ്രികളുടെ വിൽപനയല്ലാതെ മറ്റൊരു തൊഴിലിനെ കുറിച്ച് ആലോചിച്ചിട്ടില്ല. 13 വർഷക്കാലത്തോളം റിയാദിലെ പഴയ സാധനങ്ങളുടെ കച്ചവടകേന്ദ്രമായ ഹറാജ് മാർക്കറ്റിലായിരുന്നു തെരുവിലെ ഈ കട പ്രവർത്തിച്ചിരുന്നത്.
ഇപ്പോൾ 12 വർഷത്തിലേറെയായി ദീര അൽസാൽ സൂഖിലാണ് വ്യാപാര കേന്ദ്രം. മസ്മക് കോട്ടയുൾപ്പെടെ സ്ഥിതിചെയ്യുന്ന റിയാദിലെ പ്രധാന വിനോദസഞ്ചാര മേഖലയോട് ചേർന്നുള്ള സൂഖിലെ രദയുടെ കടയിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ സ്വദേശികളും വിദേശികളുമുണ്ട്.
ഒന്നും വാങ്ങിയില്ലെങ്കിലും അൽപനേരം അവിടെ നിന്ന് ഗ്രാമഫോൺ ഒഴുക്കിവിടുന്ന പാട്ടുകൾ കേൾക്കുന്നതും പഴയ മ്യൂസിക് ആൽബങ്ങളും കാസറ്റുകളും മറ്റ് വസ്തുക്കളും നോക്കിക്കാണുന്നതും തന്നെ മനസ്സിനെ ആർദ്രമാക്കുന്ന ഗൃഹാതുരത്വമാർന്നൊരു അനുഭവമാണ്. അതുകൊണ്ട് തന്നെ അബു രദയുടെ സ്റ്റാളിന് മുന്നിൽ എപ്പോഴും വലിയ ആൾക്കൂട്ടമുണ്ടാകും. ആരും ഒന്നും വാങ്ങിയില്ലെങ്കിലും അദ്ദേഹത്തിന് പരിഭവമില്ല.
സന്ദർശകരുടെ അഭിരുചിക്കനുസരിച്ച് പ്ലെയറിൽ സീഡികൾ മാറ്റിമാറ്റിയിട്ട് പാട്ടുകൾ കേൾപ്പിക്കും. ആ വരികൾക്കൊപ്പം അബു രദയും ഉറക്കെ പാടും. ഏതാണ്ട് എല്ലാ പാട്ടുകളും അദ്ദേഹത്തിന് ഹൃദിസ്ഥമാണെന്ന് തോന്നും. വിൽപനക്കല്ലാത്ത ഒരു പെട്ടിനിറയെ സീഡികളും ഉപകരണങ്ങളും പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്. മൈക്കിൾ ജാക്സെൻറ സീഡികൾ അതിൽപെട്ടതാണ്. ആളുകൾ അവരുടെ പുരാവസ്തു ശേഖരത്തിലേക്കായി മൈക്കിൾ ജാക്സെൻറ സീഡികൾ ചോദിച്ചാലും പൊന്നിൻ വില പറഞ്ഞാലും അബു രദയുടെ മനസ്സിന് ചാഞ്ചല്യമുണ്ടാവില്ല, അത് കൊടുക്കാനല്ല എന്നങ്ങ് തീർത്ത് പറയും.
അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളിൽ നിന്ന് വരുന്ന സന്ദർശകരെ കണ്ടാൽ ബില്ലി ജീനിലെ വരികൾ സൂഖിെൻറ അന്തരീക്ഷത്തിൽ പടരും. അറേബ്യൻ ഊദുകൾ, അറേബ്യൻ കല്യാണ വസ്ത്രങ്ങൾ, ജപമാലകൾ, അബായ തുടങ്ങി വ്യത്യസ്ത വസ്തുക്കൾ വിൽക്കുന്ന നൂറിലേറെ സ്ഥാപനങ്ങളുള്ള സൂഖിലെ മറ്റ് കടകളിൽനിന്ന് സഞ്ചാരികളെ തെൻറ സൂഖിലേക്ക് ആകർഷിക്കാനുള്ള അബു രദയുടെ കച്ചവടതന്ത്രമാണ് ഈ പാട്ട് കേൾപ്പിക്കൽ.
പാട്ടൊഴുകുമ്പോൾ അതിെൻറ വഴിയേ ആളുകളെത്തുമെന്നും ഇതിനപ്പുറം മറ്റ് മാർക്കറ്റിങ് വഴികൾ വേറെ സ്വീകരിക്കേണ്ടതില്ലെന്നും അബു രദ പറയുന്നു. സൂഖിലെ തുറന്ന മൈതാനിയിൽ കെട്ടിയുണ്ടാക്കിയ താൽക്കാലിക കടയാണ്. അതുകൊണ്ട് തന്നെ വിശാലമായ സ്ഥലം കടക്ക് മുന്നിലുണ്ട്. ഇവിടെ തെൻറ അപൂർവ ശേഖരത്തിന് മുന്നിൽ കൂടിനിൽക്കുന്ന സ്വദേശികളും വിദേശികളുമായ ആളുകളുടെ അഭിരുചിയെന്തായാലും അതിനെ ഉദ്ദീപിപ്പിക്കാൻ പോന്ന സൂത്രം തെൻറ കടയിലുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് പാട്ടുപെട്ടികളിൽ സീഡികൾ മാറ്റിയിട്ടും വോളിയം കൂട്ടിയും കുറച്ചും കൂടെ പാടിയും അബു രദ ആളുകളെ പിടിച്ചുനിർത്തുന്നത്, കച്ചവടം പൊടിപൊടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.