ദുബൈ: സാമൂഹിക പ്രവർത്തനത്തിൽ സജീവമാകുന്ന കുട്ടികൾക്ക് ഡയാന രാജകുമാരിയുടെ സ്മരണാർഥം നൽകുന്ന ഡയാന അവാർഡ് മലയാളി വിദ്യാർഥി ഇർഫാൻ മുഹമ്മദിന്. വർച്വൽ ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ടീം ഇഫ്താറുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജൂറി വിലയിരുത്തി.
ഇർഫാനും സുഹൃത്തുക്കളും ടീം ഇഫ്താർ ഭാരവാഹികളുമായി ചേർന്ന് ലേബർ ക്യാമ്പുകളിൽ 1000 സൗജന്യ ഇഫ്താർ കിറ്റുകൾ എത്തിച്ചിരുന്നു. കൗമാരക്കാർക്കായി 'ബാലകൗതുകം' എന്ന പേരിൽ ക്ലബ് രൂപവത്കരിക്കാനും ഇർഫാൻ മുൻകൈയെടുത്തു. ചെസ്, ചർച്ചകൾ, ശിൽപശാലകൾ തുടങ്ങിയവ ഇതിന് കീഴിൽ നടപ്പാക്കി. പാവപ്പെട്ടവർക്കായി വസ്ത്രങ്ങൾ ശേഖരിച്ച് വിതരണംചെയ്തു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളും സൈക്കിളിൽ ചുറ്റിയടിച്ച ഇർഫാനെ കുറിച്ച് അടുത്തയിടെ 'ഗൾഫ് മാധ്യമം' വാർത്ത നൽകിയിരുന്നു.
സുഹൃത്ത് മുഹമ്മദ് ബിൻ ഷമീറിനൊപ്പം 800 കിലോമീറ്ററാണ് താണ്ടിയത്. ഡി.എക്സ്.ബി റൈഡേഴ്സിനൊപ്പം ചേർന്ന് കേരളം മുഴുവൻ കറങ്ങാനാണ് അടുത്ത ലക്ഷ്യം. പ്രഫഷനൽ സൈക്ലിസ്റ്റുകളും സ്ഥിരമായി പരിശീലിക്കുന്നവരും എല്ലാ എമിറേറ്റുകളിലും ഇടക്കിടെ സൈക്കിളുമായി എത്താറുണ്ട്. എന്നാൽ, ആഗ്രഹംകൊണ്ട് മാത്രം യു.എ.ഇ മുഴുവൻ സൈക്കിളിൽ കറങ്ങുന്നത് അപൂർവമാണ്. ഷാർജ അവർ ഓൺ ബോയ്സ് സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയാണ് ഇർഫാൻ. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ഇസ്മയിലിന്റെയും ജംഷിയുടെയും മകനാണ് ഇർഫാൻ. സഹ്വ, വസീം എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.