ഫാഷൻ-ലൈഫ് സ്റ്റൈൽ വ്ലോഗുകളും റീലുകളും ഒന്നിനൊന്നായി മത്സരത്തിലേർപ്പെടുന്നതിനിടക്കാണ് സ്വൽപം ‘ആനക്കാര്യങ്ങളു’മായി ഡോ. ഫസൽ സോഷ്യൽ മീഡിയയിൽ രംഗപ്രവേശനം ചെയ്യുന്നത്. മെഡിക്കൽ മേഖലയിലെ അറിവുകളും ആശങ്കകളും അതിസമൃദ്ധമായി നർമ്മം കലർത്തി ഡോക്ടറും കുടുംബവും അവതരിപ്പിക്കുമ്പോൾ ആളുകൾ അവയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. രോഗവും ചികിത്സകളും അതിനോടനുബന്ധിച്ചുള്ള മിത്തുകളും ദൈർഘ്യമേറിയ സമയമെടുത്ത് വായിക്കാനും കേൾക്കാനും പുതിയ തലമുറ തയാറാകില്ലെന്ന് ഉറപ്പ്.
ഈ പശ്ചാത്തലത്തിലാണ് നമുക്കിടയിലേക്ക് ആരോഗ്യപരമായ ക്യാപ്സ്യൂൾ റീലുകൾ ഡോക്ടറും ഭാര്യയും ചിട്ടപ്പെടുത്തിയെടുക്കുന്നത്. അബൂദബി എൽ.എൽ.എച്ച് ഹോസ്പിറ്റലിൽ എമർജൻസി ആൻഡ് ഫാമിലി മെഡിസിനിൽ ജനറൽ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചുവരികയാണ് ഡോക്ടർ. ഒന്നരമിനിറ്റ് മാത്രമുള്ള ‘ആന മണ്ടത്തരങ്ങളെ’ന്ന സീരീസാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചെറുപ്രായം മുതൽ എഴുത്തിൽ തൽപരനായിരുന്ന ഡോക്ടറുടെ പല ഫേസ്ബുക്ക് എഴുത്തുകളും പലപ്പോഴായി വൈറലായിട്ടുണ്ട്.
സിനിമ എഴുത്തും മറ്റുമായിരുന്നു കുട്ടിക്കാലത്തെ പ്രധാന സ്വപ്നം. എന്നാൽ ജോലിത്തിരക്കിനിടക്ക് എഴുത്തിൽ കാര്യമായി ഇടപെടലുകൾ നടത്താൻ സാധ്യമാകാതെ വന്നു. ഇടക്കാലത്ത് ഖത്തർ ലോകകപ്പിൽ തന്റെ തത്തയെക്കൊണ്ട് പ്രവചനം നടത്തി ജനശ്രദ്ധ നേടിയ ഡോക്ടർക്ക് അതിനോടൊപ്പം തന്നെ താൻ ചെയ്ത ഒരു മെഡിക്കൽ വീഡിയോ കൂടുതൽ ജനപ്രീതി നേടിക്കൊടുത്തു. അതായിരുന്നു ഇൻസ്റ്റഗ്രാമിലെ കാതലുള്ള ചുവടുവെപ്പ്.
പിന്നീട് ‘ആന മണ്ടത്തരങ്ങളു’ടെ ഓരോ റീലും അപ്രതീക്ഷിത വ്യൂവേഴ്സിനെ ഡോക്ടർക്കു സമ്മാനിച്ചു. ആളുകൾക്ക് കേൾക്കാനും അറിയാനും ആഗ്രഹമുള്ള ആരോഗ്യ രഹസ്യങ്ങൾ ഏറെ ഭംഗിയോടെയാണ് ഇവർ സൃഷ്ടിക്കുന്നത്. ഭാര്യ തസ് ലീനയും മക്കളായ ഇഹാൻ ഫയെകും ഇൽഹാം ഫയെകും ‘ആന മണ്ടത്തരങ്ങളു’ടെ സ്ക്രീൻ സാന്നിധ്യത്തിൽ ഏറിയ പങ്കുവഹിക്കുന്നുണ്ട്. ഒരു കുടുംബത്തിന്റെ ആരോഗ്യരംഗത്തേക്കുള്ള ഏകീകൃത ബോധവൽക്കരണ പ്രയത്നം കൂടിയാണ് ഡോക്ടർ കരുതിവെക്കുന്നത്. ഏറ്റവും ശക്തവും എളുപ്പവുമായ ഒരു മാർഗത്തിലൂടെ റഫറൻസുകൾ നടത്തി പൂർണമായ ആധികാരികതയോട് കൂടിയവയാണ് ഓരോ കണ്ടന്റുകളും.
ആരോഗ്യമേഖലയിലും സാമൂഹിക വിഷയങ്ങളിലും കാര്യമാത്രമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഈ തിരക്കുകൾക്കിടയിലും ഡോക്ടർ സമയം കണ്ടെത്തുന്നുണ്ട്. ഒരു പരിപൂർണ്ണ ഉത്തരവാദിത്വമുള്ള, കാഴ്ചക്കാരുടെ വിശ്വസ്തനായ ഒരു ഡോക്ടറായി മാറുക എന്നതാണ് ഈ ‘മോഡേൺ വൈദ്യന്റെ’ ലക്ഷ്യം. കുടുംബസമേതം അബൂദബിയിലാണ് ഇവർ താമസം. ഭാര്യ ഡോക്ടർ തസ്ലീന ബുർജീൽ മെഡിക്കൽ സിറ്റിയിൽ ജനറൽ പ്രാക്ടീഷണറായി പ്രവർത്തിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.