മത്സ്യബന്ധനം നടത്തുന്ന ജ്യോതിഷ്

ഡോക്ടറേറ്റ് കിട്ടിയിട്ടും ജ്യോതിഷിന് ജീവിക്കാൻ മത്സ്യബന്ധനം നടത്തണം

അരൂർ: ഡോ. ജോതിഷിന് ജീവിക്കാൻ ഒരു സർക്കാർ ജോലി വേണം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഇപ്പോൾ ഡോക്ടറേറ്റും നേടിയ ജ്യോതിഷ്, കുടുംബം പുലർത്താൻ ഇപ്പോഴും വേമ്പനാട്ടുകായലിൽ മത്സ്യബന്ധനം നടത്തണം. സാമ്പത്തിക ശാസ്ത്രത്തിൽ ഒരു ഗവേഷകൻ ആകാനും അതിനൊപ്പം ജീവിക്കാൻ ഒരു സർക്കാർ ജോലി നേടാനുമാണ് ആഗ്രഹം.

ലാസ്റ്റ് ഗ്രേഡ് സർവെന്‍റ് തസ്തികയിൽ റാങ്ക് ലിസ്റ്റിൽ പേരു വന്നിട്ടും ജോലി ലഭിക്കാത്തതിൽ വിഷമമുണ്ട് ജ്യോതിഷിന്. 37 വയസായി. പി.എസ്.സി ടെസ്റ്റ് എഴുതാൻ രണ്ടുവർഷം കൂടിയേ ബാക്കിയുള്ളൂ. അരൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മത്സ്യത്തൊഴിലാളിയായ കാവലുങ്കൽ തങ്കപ്പന്‍റെയും വിലാസിനിയുടെ നാലു ആൺമക്കളിൽ ഇളയവനാണ് ജ്യോതിഷ്.

കോട്ടപ്പുറത്തുള്ള ഫിഷറീസ് ഗവൺമെന്‍റ് എൽ.പി സ്കൂളിൽ നാലുവരെ പഠിച്ചു. തുടർന്ന് അരൂർ ഗവൺമെന്‍റ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസ്സായി. പ്രീഡിഗ്രിയും ബി.എയും പഠിച്ചത് പാരലൽ കോളജിൽ തുടർന്ന് ചേർത്തല എൻ.എസ്.എസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ പാസ്സായതിനു ശേഷമാണ് ഡോക്ടറേറ്റ് മോഹമുദിച്ചത്.

ഗവേഷണവിഷയം സ്വന്തം തൊഴിൽ മേഖല തന്നെ തെരഞ്ഞെടുത്തു. 'ആലപ്പുഴ ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ ഘടകങ്ങൾ' എന്ന വിഷയത്തിൽ നാട്ടകം ഗുഡ്ഷെപ്പേർഡ് കോളജ് ചെയർമാൻ പ്രഫ. ആർ.വി ജോസഫിന്‍റെ മേൽനോട്ടത്തിൽ 9 വർഷം കഠിന പരിശ്രമം നടത്തി, ഗവേഷണ പ്രബന്ധം തയ്യാറാക്കിയാണ് മഹാത്മ ഗാന്ധി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്.

അരൂർ, അരൂക്കുറ്റി, അന്ധകാരനഴി എന്നിവിടങ്ങളിലെ 150ഓളം മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠന ആവശ്യത്തിനുവേണ്ടി ഒരു ലാപ്ടോപ്പ് തന്ന് സഹായിക്കുവാൻ അരൂർ ഗ്രാമപഞ്ചായത്തിനോട് അപേക്ഷിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയത് ജ്യോതിഷിന് വിങ്ങുന്ന വേദനയാണ്.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച പത്താം ക്ലാസുകാർക്ക് അരികിൽ പോലും ജനപ്രതിനിധികൾ ഓടിയെത്തുന്ന ഇക്കാലത്ത് ഡോക്ടറേറ്റ് ലഭിച്ചിട്ടു പോലും പോലും നാടിന്‍റെ അംഗീകാരം അറിയിക്കാൻ ജനപ്രതിനിധികൾ എത്തിയില്ലെന്ന് ജ്യോതിഷ് പറയുന്നു.

Tags:    
News Summary - Doctorate Holder Jyothish turn to Fishing for Family Needs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.