ഭിന്നങ്ങളായ സംസ്കാരങ്ങൾ ഒരേ ദിശയിലേക്ക് സമാന്തരമായി ഒഴുകുന്ന ഒരു പുഴ പോലെയാണ് പ്രവാസ ലോകം. വൈവിധ്യങ്ങളുടെ ഒരു സംഗമ ഭൂമിയെന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. വിത്യസ്തമായ കഴിവുകൾ ലോകത്തിന് മുമ്പിൽ പ്രകടിപ്പിക്കാനുള്ള ഒരു വലിയ കാൻവാസും കൂടിയാണിത്. സ്നേഹാടിത്തറയിൽ പുതിയ സൗഹൃദങ്ങൾ പിറവിയെടുക്കുന്ന മനോഹരമായ കാഴ്ചയും നമുക്ക് ഇവിടെ കാണാനാവും.
ഡൂഡിൽ ആർട്ട് എന്ന കലയിലൂടെ പ്രവാസ ലോകത്തെ സ്നേഹത്തിന്റെയും സൗഹൃദങ്ങളുടെയും സുന്ദരമായ മുഖം വലിയ കാൻവാസിലേക്ക് പകർത്താനുള്ള ശ്രമത്തിലാണ് പ്രവാസി മലയാളിയായ സിജിൻ ഗോപിനാഥൻ. ഒരു ക്യാൻവാസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300ലധികം വിത്യസ്തരായ മനുഷ്യരുടെ മുഖങ്ങൾ ഉൾക്കൊള്ളുന്ന ശ്രദ്ധേയമായ കലാസൃഷ്ടിയുടെ പിറവിക്കായുള്ള കഠിന പരിശ്രമത്തിലാണീ കലാകാരൻ. വിത്യസ്തമായ ഈ കലാസൃഷ്ടിയിലൂടെ മനുഷ്യർക്കിടയിൽ ഐക്യവും ആർദ്രതയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശമായി അത് വർത്തിക്കുമെന്നാണ് സിജിൻ വിശ്വസിക്കുന്നത്.
അതിനായി മരുഭൂവിന്റെ ഏഴു ദിക്കുകളിലൂടെ ഒഴുകുന്ന വിവിധ ദേശീയതയുടെ സത്തകൾ കാൻവാസിലേക്ക് ആവാഹിച്ചെടുക്കാനുള്ള യാത്ര സജിൻ ആരംഭിച്ചു കഴിഞ്ഞു. എട്ട് മാസത്തോളമായി ഭിന്നിപ്പും സംഘർഷങ്ങളും അഭിമുഖീകരിക്കുന്ന ഒരു ലോകത്ത് പ്രതീക്ഷയുടെ വെളിച്ചമായി ഈ കലാസൃഷ്ടി മാറുമെന്ന് പ്രതീക്ഷിക്കാം. തിരുവനന്തപുരം സ്വദേശിയായ സിജിൻ ഡൂഡിൽ ആർട്ടിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിലാണ് പ്രവാസം തെരഞ്ഞെടുക്കുന്നത്. ദുബൈയിൽ പ്രമുഖരുടെ ഭവനങ്ങളും ആഡംബര വാഹനങ്ങളും ഈ കലാകാരന്റെ ഡൂഡിൽ ആർട്ടിൽ ഇതിനോടകം വിസ്മയകരമായിത്തീർന്നിട്ടുണ്ട്. തിരുവനന്തപുരം ടെക്നോ പാർക്കിൽ വെബ്ഡിസൈനറായിരുന്നു സിജിൻ. ഡൂഡിൽ ആർട്ട് ഔദ്യോഗികമായി പഠിച്ചിട്ടില്ല.
പക്ഷെ, ജന്മസിദ്ധമായ കഴിവുകൾ നാലു ഐ.ടി ചുവരുകളിൽ ഒതുങ്ങേതില്ലെന്ന തീരുമാനം 2013ൽ സിജിനെ പ്രവാസ ലോകത്ത് എത്തിച്ചു. തന്റെ കഴിവുകൾ പുതു തലമുറക്ക് പകർന്നു നൽകുന്നതിനൊപ്പം ഡൂഡിൽ ആർട്ടിന്റെ ഏറ്റവും പുതിയ അപ്ഡേഷനുകളിലൂടെ പുതു വഴികൾ ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്താനും ഈ കലാകാരൻ ശ്രമിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 300 പേരുടെ മുഖങ്ങൾ ഡൂഡിൽ ആർട്ടിലൂടെ ഒരു കാൻവാസിലേക്ക് പരന്നൊഴുകുമ്പോൾ അപൂർവമായ ഒരു കലാസൃഷ്ടി പിറവിയെടുക്കും.
ലോകത്തു തന്നെ ഇത്തരമൊരു ശ്രമം ആദ്യമായതിനാൽ അത് ഗിന്നസ് വേൾഡ് റെകോർഡിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് സിജിൻ. അതേസമയം, സകല മേഖലകൾക്കും നിർമിത ബുദ്ധിയുടെ കടന്നുവരവ് വെല്ലുവിളി ഉയർത്തുന്നത് പോലെ കലാരംഗത്തും ആശയങ്കയുടെ നിഴലുകൾ പരക്കുന്നുണ്ട്. എന്നാൽ, കാലത്തിനൊപ്പം ഓടിയെത്താനുള്ള ആത്മവിശ്വാസവും നിരന്തരമായ അപ്ഡേഷനുകളും കൈമുതലായുണ്ടെങ്കിൽ ഈ വെല്ലുവിളിയെ മറികടക്കാമെന്നാണ് ഷിജിന്റെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.