വയനാട്ടിൽ എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ പുതുതായി ആരംഭിച്ച സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്രത്തിൽ ഗവേഷകനായി 1998ൽ ഇൻറർവ്യൂവിന് എത്തിയപ്പോഴാണ് ഡോ. എം.എസ്. സ്വാമിനാഥനെ ആദ്യമായി നേരിൽ കാണുന്നത്. വയനാട്ടിലെ പുത്തൂർവയലിൽ സ്വന്തം കുടുംബവകയിൽ ലഭിച്ച 45 ഏക്കർ സ്ഥലത്ത് പുതുതായി ആരംഭിക്കാൻ പോകുന്ന ഗവേഷണ സ്ഥാപനത്തിനുവേണ്ടിയുള്ള കെട്ടിടസ്ഥലത്തുനിന്ന് കാപ്പിത്തോട്ടത്തിനിടയിലൂടെ നടന്നുവരുന്ന പ്രഫസർ സ്വാമിനാഥനാണ് എന്റെ ആദ്യ കാഴ്ച.
സ്വാമിനാഥൻ ദമ്പതികൾ (പത്നി മീന സ്വാമിനാഥൻ പ്രശസ്ത ജെൻഡർ എക്സ്പെർട്ട്) അച്ഛനമ്മമാരെപ്പോലെ, മുത്തച്ഛനും മുത്തശ്ശിയെയുംപോലെ കരുതലിന്റെ ആൾരൂപങ്ങളായിരുന്നു.
തുടർന്നങ്ങോട്ട് ഹരംപിടിച്ച പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളും ആദിവാസി ഉന്നമനത്തിനുവേണ്ടിയുള്ള വൈവിധ്യമാർന്ന ഗവേഷണങ്ങളും ആദിവാസികളുടെ കൂടെയുള്ള പഠനപ്രവർത്തനങ്ങളും പാർട്ടിസിപ്പേറ്ററി റിസർച് എന്ന രീതിയിലുള്ള നൂതന ആശയം നടപ്പാക്കുന്ന പലവിധ ഗവേഷണ വികസന മാതൃകകളും സൃഷ്ടിക്കാനുള്ള നെട്ടോട്ടമായിരുന്നു. ജെൻഡർ ഇക്വിറ്റിയും സ്ത്രീകളും ഭക്ഷ്യസുരക്ഷയും എന്ന വിഷയം ഇത്രയും വലുതാണ് എന്ന് ബോധ്യപ്പെട്ട ഓരോ പ്രവർത്തനവും നാടിന്റെയും രാജ്യത്തിന്റെയും വികസനം ഭക്ഷ്യസുരക്ഷയിലൂടെ എന്ന് വ്യക്തമായി ചിത്രീകരിക്കുന്ന ഉത്തമ മാതൃകകൾ സൃഷ്ടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമായി തുടർന്നുള്ള നാളുകളിൽ. ഫൗണ്ടേഷനിൽ ജോലി ചെയ്യുമ്പോൾതന്നെ പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാൻ അവസരം ലഭിച്ചു. വയനാട് ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. എൻ. അനിൽകുമാറായിരുന്നു നിമിത്തമായത്. മദ്രാസിലെ ഫൗണ്ടേഷന്റെ ഓഫിസിൽ എത്തിയാൽ ചായ കുടിക്കുന്ന സമയത്തോ ചോറുണ്ണുന്ന സമയത്തോ ആണ് പ്രഫ. സ്വാമിനാഥനുമായി ഗവേഷണ പ്രബന്ധത്തെപ്പറ്റി സംസാരിക്കാൻ അവസരം കിട്ടുക. അതുതന്നെ കാത്തിരുന്ന് കഷ്ടപ്പെട്ട് ആലോചിച്ചുറച്ചു വേണം. കാരണം, ഇതിലേറെ എത്രയോ വലിയ വലിയ കാര്യങ്ങൾ രാജ്യത്തിനും ലോകത്തിനുംവേണ്ടി ചിന്തിച്ചുകൂട്ടി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും വിദഗ്ധരുമായും പല രാഷ്ട്രതന്ത്രജ്ഞരുമായും നിരന്തരം ഇടപെടുകയും ചെയ്യുന്ന ആ വലിയ മനുഷ്യന്റെ അരികിൽ പോയി എങ്ങനെ ചെറിയൊരു കാര്യത്തിന് സമയം ചോദിക്കാൻ സാധിക്കും? അതുകൊണ്ട് കിട്ടിയ അവസരം അഞ്ചു മിനിറ്റായാലും ഒരു മിനിറ്റായാലും ഉപകാരപ്രദമാക്കുകയായിരുന്നു രീതി.
2003ല് പൊലീസിലേക്കു വന്നപ്പോഴും ശേഷവും ഞാൻ ആത്മബന്ധം തുടർന്നുകൊണ്ടേയിരുന്നു. 1998ൽ തുടങ്ങിയ പിഎച്ച്.ഡി ഗവേഷണം 2008ൽ പത്തു വർഷത്തിനുശേഷം വിജയകരമായി സമാപിച്ചു. പിഎച്ച്.ഡി ബിരുദദാന ചടങ്ങിൽ ഗൈഡും അന്നത്തെ മദ്രാസ് യൂനിവേഴ്സിറ്റിയുടെ വിശിഷ്ടാതിഥിയും ഒരാളായത് അത്യപൂർവം, ഒപ്പം എന്റെ മഹാഭാഗ്യം. തിരിച്ച് വീണ്ടും പൊലീസിലേക്കു പോയെങ്കിലും 2016ൽ എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയത്തിന്റെ വയനാട് കേന്ദ്രീകരിച്ചുള്ള സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്രത്തിന്റെ മേധാവിയാകാൻ എനിക്ക് അവസരം ലഭിച്ചു. മീന ആൻറിയുടെ വിയോഗം പ്രഫസറെ ഒന്ന് തളർത്തിയിരുന്നു, ശാരീരിക അവശതകൾക്കിടയിലും ചെന്നൈ ഓഫിസിലേക്ക് സ്ഥിരമായി വന്ന് ഊർജം പകരുമായിരുന്നു അദ്ദേഹം. അവസാനമായി കണ്ടത് ഈ ആഗസ്റ്റ് മാസം ഏഴിന് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ചെന്നൈയിലെ വീട്ടിൽവെച്ചായിരുന്നു. കഴിഞ്ഞവർഷം ഡോ. അനിൽകുമാറിന്റെയും കണ്ണൂർ യൂനിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ ഡോ. സാബുവിന്റെയും കൂടെ ഇതേപോലെ പിറന്നാൾദിനത്തിൽ ചെന്നു കണ്ടപ്പോൾ എന്നെ പൊലീസ് ആയാണ് തിരിച്ചറിഞ്ഞത്. പണ്ട് ഐ.പി.എസ് നേടിയ പ്രഫസർ സ്വാമിനാഥൻ പിന്നീട് കാർഷിക ഗവേഷണ രംഗത്തും ലോകസമാധാനത്തിനും വേണ്ടി അർപ്പിച്ച സംഭാവനകൾ അവസാനിക്കുന്നില്ല, അവസാനിക്കുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.