ജീവിതത്തിൽ പലവിധ ട്വിസ്റ്റുകളുണ്ടായ വ്യക്തിയാണ് എം.എസ്. സ്വാമിനാഥൻ. അദ്ദേഹം വൈദ്യരംഗത്തേക്ക് തിരിയുമെന്നായിരുന്നു കുടുംബത്തിലൊക്കെ പലരും കരുതിയിരുന്നത്. 1942ൽ ഗാന്ധിജിയുടെ ‘ക്വിറ്റ് ഇന്ത്യ’ ആഹ്വാനം വന്നതോടെ യുവാക്കളിൽ ദേശീയതയും ആദർശധീരതയും ആവേശമായി വളർന്നു. അതേ കാലത്തുതന്നെയാണ് ലക്ഷക്കണക്കിനാളുടെ മരണത്തിന് കാരണമായ ബംഗാൾ ക്ഷാമം ഉണ്ടാകുന്നത്. അക്കാലത്തെ ബ്രിട്ടീഷ് നയങ്ങളുടെ അനന്തരഫലമായിരുന്നു ബംഗാൾ ക്ഷാമം. ആ സാഹചര്യത്തിൽ ഇന്ത്യക്കായി എന്തുചെയ്യാനാകുമെന്ന് സ്വയം ചോദിച്ച ചോദ്യമാണ് അദ്ദേഹത്തെ കാർഷിക പഠനമേഖലയിലേക്ക് എത്തിച്ചത്.
മെഡിക്കൽ കോളജിൽ പോകുന്നതിനു പകരം അദ്ദേഹം കോയമ്പത്തൂരിലെ കാർഷിക കോളജിൽ പോയി. ഹരിതവിപ്ലവം ശാസ്ത്ര നേട്ടവും അതോടൊപ്പം അതിജീവന തന്ത്രവുമായിരുന്നുവെന്ന് സ്വാമിനാഥൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കേവല ബിരുദങ്ങൾക്കപ്പുറം, കാർഷിക ഗവേഷണത്തിലേക്ക് തിരിയാൻ അദ്ദേഹം തീരുമാനിച്ചു. ജനിതക ശാസ്ത്രത്തിലായിരുന്നു ഏറെ താൽപര്യം. കുടുംബത്തിൽനിന്നുള്ള സമ്മർദം മൂലം സിവിൽ സർവിസ് പരീക്ഷയെഴുതി ഐ.പി.എസ് കിട്ടിയെങ്കിലും അതേ സമയംതന്നെ കിട്ടിയ യുനെസ്കോയുടെ ജനിതകശാസ്ത്ര ഗവേഷണ ഫെലോഷിപുമായി പോകാനായിരുന്നു അദ്ദേഹം ഉറപ്പിച്ചത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ കൃഷി അത്ര ഉൽപാദനക്ഷമമായിരുന്നില്ല. നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണം പലവിധത്തിൽ കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഭക്ഷണത്തിനാവശ്യമായ വസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു.
ഇന്ത്യയിലെ പരമ്പരാഗത ഗോതമ്പ്- നെല്ലിനങ്ങൾ ഉയരമുള്ളതും മെലിഞ്ഞതുമായിരുന്നു. ഇവ വളക്കൂറുള്ള മണ്ണിൽ വളർന്ന് നല്ല കതിരുണ്ടാകുമ്പോൾ ഭാരം കൂടി നിലത്തുവീഴുന്നതായിരുന്നു പതിവ്. നെല്ല് ഗവേഷണത്തിലൂടെ ചെടികളുടെ ഉയരം കുറക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതിനായുള്ള ആദ്യ ശ്രമങ്ങൾ വിജയിച്ചില്ല. ചെടികളുടെ ഉയരം കുറയുന്നത് ധാന്യത്തിന്റെ വലുപ്പം കുറയുന്നതിന് കാരണമായി.
ഈ പ്രശ്നങ്ങൾ പരിഹരിക്കാനും ഗവേഷണം വിജയത്തിലെത്തിക്കാനുമുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് സ്വാമിനാഥൻ അമേരിക്കൻ ശാസ്ത്രജ്ഞനായ ഓർവിൽ വോഗലുമായി ബന്ധപ്പെടുന്നത്. ഉയർന്ന വിളവ് നൽകുന്ന ഗെയ്ൻസ് എന്ന ‘കുള്ളൻ ഗോതമ്പ്’ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് അദ്ദേഹം. അതിൽ ‘നോറിൻ -10’ എന്ന കുള്ളൻ ഗോതമ്പിൽനിന്നുള്ള ജീനുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ കാലാവസ്ഥയിൽ ഈ ഗോതമ്പിന്റെ സാധ്യത എന്താകുമെന്ന് ഒരു ഉറപ്പില്ലായിരുന്നു.
വോഗൽ സ്വാമിനാഥനോട് ലോകപ്രശസ്ത അമേരിക്കൻ കൃഷിശാസ്ത്രജ്ഞൻ നോർമൻ ബോർലോഗിനെ സമീപിക്കാൻ ആവശ്യപ്പെട്ടു. ബോർലോഗ് കുള്ളൻ ജീനുകൾ മെക്സിക്കൻ ഗോതമ്പിൽ പരീക്ഷിച്ചതാണ്. അത് ഇന്ത്യക്ക് അനുയോജ്യമാകും എന്ന് ഉറപ്പായിരുന്നു. കൂടുതൽ സഹായത്തിനായി ഇന്ത്യയിലെത്താമെന്നും ബോർലോഗ് ഉറപ്പുനൽകി.
1963ൽ സ്വാമിനാഥന്റെ നേതൃത്വത്തിൽ കുള്ളൻ ഗോതമ്പ് പ്രജനന പദ്ധതി സജീവമാക്കി. തുടർന്ന് അഞ്ച് വർഷത്തിനുള്ളിൽ ‘ഗോതമ്പ് വിപ്ലവം’ എന്ന് വിളിക്കപ്പെട്ട ഉൽപാദന നേട്ടം കൈവരിക്കാൻ രാജ്യത്തിനായി. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ഈ നേട്ടത്തോടുള്ള ആദരവ് അടയാളപ്പെടുത്താൻ പ്രത്യേക സ്റ്റാമ്പുതന്നെ പുറത്തിറക്കാൻ നിർദേശിച്ചു.
പുതിയ ഗോതമ്പിനായൊരുക്കിയ പരീക്ഷണ പാടത്തെ വിള തന്നെ ആവേശകരമായിരുന്നു. ഉയർന്ന വിളവിനൊപ്പം ഗുണമേന്മയും രോഗബാധയില്ലാത്തതും ഇതിന്റെ പ്രത്യേകതയായിരുന്നു. എന്നാൽ, പുതിയ ഇനം ഗോതമ്പ് സ്വീകരിക്കാൻ കർഷകർ ആദ്യം മടിച്ചു. ഇത്തരം ഉത്കണ്ഠകൾ മാറ്റാനും പരീക്ഷണങ്ങൾക്കുമായി 150 പ്രദർശന പ്ലോട്ടുകളിൽ ഗോതമ്പു നട്ടു. അവിടെയെല്ലാം ഗോതമ്പ് വൻ വിളവ് നൽകി. കർഷകരുടെ ഉത്കണ്ഠ കുറയുകയുംചെയ്തു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായി ധാന്യങ്ങളിൽ കൂടുതൽ പരിഷ്കരണങ്ങൾ വരുത്തി. പുതിയ ഗോതമ്പ് ഇനങ്ങൾ വിതച്ചതോടെ 1968ൽ രാജ്യത്തെ ഉൽപാദനം 17 ദശലക്ഷം ടണ്ണായി.
1970ൽ നൊേബൽ സമ്മാനം ലഭിക്കുന്നതിന് തൊട്ടുമുമ്പ് നോർമൻ ബോർലോഗ് സ്വാമിനാഥന് ഇങ്ങനെ എഴുതി:
ഹരിതവിപ്ലവം ഒരു കൂട്ടായ പരിശ്രമമാണ്. അതിന്റെ അതിശയകരമായ നേട്ടങ്ങളുടെ ഒട്ടുമിക്കവാറും ക്രെഡിറ്റും ഇന്ത്യൻ ഉദ്യോഗസ്ഥർ, സംഘടനകൾ, ശാസ്ത്രജ്ഞർ, കർഷകർ എന്നിവർക്കായിരിക്കണം. എന്നിരുന്നാലും, ഡോ. സ്വാമിനാഥൻ, നിങ്ങളാണ് ‘മെക്സിക്കൻ കുള്ളൻ’ ഇനങ്ങളുടെ സാധ്യത ആദ്യം തിരിച്ചറിഞ്ഞത്. അത് ഒരു വലിയ കാര്യമാണ്. ഇത് സംഭവിച്ചില്ലായിരുtന്നുവെങ്കിൽ, ഏഷ്യയിൽ ഹരിതവിപ്ലവം തന്നെ ഉണ്ടാകുമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.