കളരി അഭ്യാസത്തിന്റെ മേന്മയും പ്രയോജനങ്ങളും ലോകത്തിന് പരിചയപ്പെടുത്താനും പരമാവധി ആളുകൾക്ക് പരിശീലനത്തിന് അവസരമൊരുക്കാനും കച്ചകെട്ടിയിറങ്ങിയൊരു കളരി ആശാനുണ്ട് ദുബൈയിൽ, പൊന്നാനി സ്വദേശി ഡോ. റഹീസ് ഗുരുക്കൾ
കേരളത്തിന്റെ പരമ്പരാഗതവും സാംസ്കാരികവുമായ ആയോധനകലയായ കളരിപ്പയറ്റിന് സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയാനുണ്ട്. കളരിപ്പയറ്റിനെക്കുറിച്ച് പഠിക്കാനും പരിശീലനത്തിനുമായി വിദേശങ്ങളിൽനിന്നടക്കം ധാരാളമാളുകൾ കേരളത്തിലെത്താറുണ്ട്. കളരി അഭ്യാസത്തിന്റെ മേന്മയും പ്രയോജനങ്ങളും ലോകത്തിന് പരിചയപ്പെടുത്താനും പരമാവധി ആളുകൾക്ക് പരിശീലനത്തിന് അവസരമൊരുക്കാനും കച്ചകെട്ടിയിറങ്ങിയൊരു കളരി ആശാനുണ്ട് ദുബൈയിൽ, പൊന്നാനി സ്വദേശിയായ ഡോ. റഹീസ് ഗുരുക്കൾ .
കേരളത്തിന്റെ അഭിമാനമായ ഈ ആയോധനകലയെ ലോക ജനതയുടെ സ്വപ്നഭൂമിയായ ദുബൈയുടെ മണ്ണിൽ പരിപാലിച്ചു വളർത്താൻ കളരി ക്ലബ് എന്നപേരിൽ സ്വന്തമായൊരു കേന്ദ്രം തുടങ്ങിയിരിക്കുകയാണ് ഇദ്ദേഹം.
കളരിപ്പയറ്റിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മഹാ ആചാര്യൻ വേളയാട്ട് കളരിക്കൽ മാധവപ്പണിക്കർ പൊന്നാനിയിൽ സ്ഥാപിച്ച വി.കെ.എം കളരിയിൽനിന്ന് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ കെ.ജി. പത്മനാഭൻ ഗുരുക്കളുടെ ശിക്ഷണത്തിൽ അടവുംചുവടും സ്വയത്തമാക്കുകയും, പരിശീലനത്തോടൊപ്പം കളരി അഭ്യാസവുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണ പഠനത്തിനും സമയം കണ്ടെത്തിയ റഹീസ് ഗുരുക്കൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും ഈ കലയെ കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കുന്നതിനുമുള്ള കഠിന പ്രയത്നത്തിലാണിന്ന്.
കളരി അഭ്യാസത്തിലൂടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യമുള്ള ശരീരം നിലനിർത്താനും സ്വയം പ്രതിരോധനത്തിനും മാനസിക സംതൃപ്തി നേടാനും കഴിയുമെന്നതിനപ്പുറം ജീവിതത്തിൽ മറ്റനേകം പ്രയോജനങ്ങളുണ്ടെന്ന് ഡോ. റഹീസ് പറയുന്നു. വ്യക്തിത്വവികാസവും, ആത്മവിശ്വാസവും ഉയർന്ന രോഗപ്രതിരോധശേഷിയുമെല്ലാം ചേർന്ന സന്തുലിത ജീവിതം കൈവരിക്കാനാവുന്നു എന്നതാണ് പ്രധാന നേട്ടം.
ആരോഗ്യപരിപാലനത്തിൽ ഏറെ പിറകിലായ പ്രവാസികൾക്ക് കൃത്യമായ പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള നല്ലൊരു മാർഗമായിട്ടാണ് കളരിയെ ഡോ. റഹീസ് പരിചയപ്പെടുത്തുന്നത്. മുതിർന്നവർ - കുട്ടികൾ, ആൺ-പെൺ വ്യത്യാസമില്ലാതെ ഒരുപാട് പേർ കളരി ക്ലബിൽ പരിശീലനത്തിനെത്തുന്നതും കളരിയഭ്യാസത്തിന്റെ ഈ ഗുണങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്.
പ്രവാസികളുടെ അനാരോഗ്യകരമായ ജീവിതശൈലിയിലൂടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കും സ്ത്രീകൾക്കുമെല്ലാം ശരിയായ ആരോഗ്യപരിപാലന മാർഗമെന്ന നിലയിൽ കളരി ക്ലബ്ബിനെ സമീപിക്കുന്നു. തന്റെ കീഴിൽ പരിശീലനം നേടുന്ന മൂന്നര വയസ്സുമുതൽ 65 വയസ്സുവരെയുള്ള ഓരോരുത്തർക്കും ഏറ്റവും അനുയോജ്യമായ കളരി അഭ്യാസ മുറകളാണ് കളരി ക്ലബിൽ ഡോ. റഹീസ് പരിശീലിപ്പിക്കുന്നത്.
മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറും കൈ തുടങ്ങിയ എല്ലാ മുറകളും കളരിയിൽ പരിശീലിപ്പിക്കുന്നുണ്ട്. 2020ൽ ദുബൈയിൽ കളരിശീലനത്തിനായി ഒരു ക്ലബ് എന്ന ആശയവുമായി അധികാരികളെ സമീപിച്ച തനിക്ക് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചതെന്ന് ഡോ. റഹീസ് നന്ദിയോടെ സ്മരിക്കുന്നു. ദുബൈ മിനിസ്ട്രി ഓഫ് യൂത്ത് ആൻറ് സ്പോർട്സ്, യു.എ.ഇ കരാത്തെ ഫെഡറേഷൻ എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ ആധികാരിക കളരി പരിശീലന കേന്ദ്രമാണ് കളരി ക്ലബ് എന്ന് ഡോ. റഹീസ് പറയുന്നു.
ദുബൈ പൊലീസ്, സ്പോർഡ്സ് കൗൺസിൽ, മിനിസ്ട്രി ഓഫ് യൂത്ത് ആൻഡ് സ്പോർട്സ് തുടങ്ങിയ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഔദ്യോഗിക ആയോധന പരിശീലന പരിപാടികളിലും ദുബൈ എക്സ്പോ 2020, ദുബൈ ഫിറ്റ്നസ് ചലഞ്ച്, വേൾഡ് ബയോഹാക്ക് സമ്മിറ്റ് 2023 ദുബൈ, ഇന്ത്യൻ കോൺസുലേറ്റ് ദുബൈ, ഗ്ലോബൽ വില്ലേജ് - ഇന്ത്യൻ പവലിയൻ, അജ്മാൻ ഫെസ്റ്റിവൽ ലാൻഡ്, ജെ.കെ.എസ് കപ്പ് 2022 (യു.എ.ഇ നാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പ്), ദുബൈ ഇലക്ട്രിസിറ്റി & വാട്ടർ അതോറിറ്റി തുടങ്ങി നിരവധി വേദികളിലും കേരളീയ കളരിയെ പരിചയപ്പെടുത്താനും പ്രദർശിപ്പിക്കാനും അവസരം നൽകുന്നതിലൂടെ യു.എ.ഇ തങ്ങൾക്ക് നൽകുന്ന പിന്തുണയും പ്രോത്സാഹനവും ഏറെ വലുതാണെന്നും റഹീസ് പറയുന്നു.
കണ്ണൂരിൽ പൊന്ന്യത്തങ്കം വേദിയിലും, ശബരിമലയിലും അവതരിപ്പിച്ച കളരിപ്പയറ്റ് ഏറെ ജനശ്രദ്ധ നേടി. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ പൊലീസിന്റെ ഔദ്യോഗിക രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിന് കളരിപ്പയറ്റിനുള്ള ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടാൻ കഴിഞ്ഞതും ഇന്ത്യൻ പ്രധാനമന്ത്രിയുടെ മൻകി ബാത്ത് പ്രഭാഷണത്തിൽ ഈ നേട്ടത്തെക്കുറിച്ച പരാമർശവും തൻറെ കളരി ജീവിതത്തിലെ ഏറ്റവു മനോഹര നേട്ടമായി ഡോ. റഹീസ് വിലയിരുത്തുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കോൺസുൽ ജനറലിൻറെ ഔദ്യോഗിക മേൽനോട്ടത്തിനുകീഴിൽ സംഘടിപ്പിക്കപ്പെട്ട കളരിപ്പയറ്റ് പ്രദർശനത്തിന് നേരത്തെ ഇന്ത്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡും ഡോ. റഹീസും സംഘവും നേടിയിട്ടുണ്ട്.
കളരി ക്ലബ്ബിലെ പരിശീലകരായ ശരത് മാസ്റ്റർ, വിഷ്ണു മാസ്റ്റർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും അർപ്പണവുമില്ലായിരുന്നെങ്കിൽ തനിക്ക് ഈ നിലയിൽ ക്ലബിനെ എത്തിക്കാനാ വുമായിരുന്നില്ലെന്നാണ് റഹീസ് ഗുരുക്കളുടെ പക്ഷം.
പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും സ്ത്രീകൾക്കും കൃത്യമായ നിർദേശങ്ങൾ നൽകിയും അവർക്കനുയോജ്യമായ മുറകൾ അഭ്യസിപ്പിച്ചും ശിഷ്യരുടെ മനം കവർന്ന കോച്ച് അഹല്യയും കളരി ക്ലബിൻറെ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അങ്കത്തറയിൽ വിജയച്ചുവടുകൾ ഓരോന്നായി കീഴടക്കുമ്പോഴും ചുവടു പിഴക്കാതെ മുന്നേറാൻ മാതാപിതാക്കളായ അലവിയും നഫീസുവും ഭാര്യ ആയിഷ ശംസിയയും പൂർണ പിന്തുണയും പ്രോത്സാഹനവുമായി ഡോ. റഹീസ് ഗുരുക്കൾക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.