ഷൊർണൂർ: ഇടയ്ക്ക വാദനത്തിൽ വേറിട്ട അസ്തിത്വവും ശൈലിയും ഉരുത്തിരിച്ചെടുത്ത ഡോ. തൃശൂർ കൃഷ്ണകുമാറിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം വൈകിക്കിട്ടിയ അംഗീകാരമാണ്. സംഗീതം, നൃത്തം, കഥകളി, ഓട്ടന്തുള്ളൽ, ഫ്യൂഷൻ എന്നിവക്കെല്ലാം ഇടയ്ക്കയിൽ അകമ്പടി സേവിക്കുന്ന കൃഷ്ണകുമാർ കളരിപ്പയറ്റിനും ഇടയ്ക്കയിൽ പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടിൽ ഇടയ്ക്ക വായിച്ചും വിസ്മയം ജനിപ്പിച്ചിട്ടുണ്ട്.
ദക്ഷിണാമൂർത്തി, ദേവരാജൻ, കെ. രാഘവൻ, എം.കെ. അർജുനൻ മുതൽ പുതുതലമുറയിൽപ്പെട്ട കൈതപ്രം ദീപാങ്കുരൻ വരെയുള്ളവരുടെ സംവിധാനത്തിൽ ഇടയ്ക്ക വാദനം നടത്തിയിട്ടുണ്ട്. യേശുദാസ്, ജയചന്ദ്രൻ എന്നിവർ തൊട്ട് പുതു തലമുറക്കാർക്കൊപ്പം വരെ റെക്കോർഡിങിലും സ്റ്റേജ് പരിപാടികളിലും ഭാഗമാകാറുണ്ട്. 1986ൽ ബർലിനിലെ ലോക മലയാള സമ്മേളനത്തിൽ തകഴി, പ്രേംനസീർ എന്നിവർക്കൊപ്പം പങ്കെടുത്തു. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാം കൃഷ്ണകുമാറിനെ പ്രശംസിക്കുകയും ഇടയ്ക്ക വാങ്ങി കൊട്ടിനോക്കുകയും ചെയ്തിട്ടുണ്ട്.
അക്കിത്തം, ഇടശ്ശേരി എന്നിവരുടേത് മുതൽ ആധുനിക കവികളുടെ വരെ കവിതകൾക്ക് ഈണം നൽകി. ഡോ.സുകുമാർ അഴീക്കോടിന്റെ രാമകഥ പരിപാടിക്ക് ഇടയ്ക്ക കൊട്ടി അരങ്ങുണർത്തിയിരുന്നത് ഇദ്ദേഹമാണ്. സിനിമ, നൃത്തം, ഭക്തി, ഉത്സവഗാനങ്ങൾ എന്നീ വിഭാഗങ്ങളിലായി അരലക്ഷത്തിലധികം പാട്ടുകൾക്ക് ഇടയ്ക്ക വായിച്ചു. ഇടയ്ക്കയിൽ ചരിത്രത്തിലാദ്യമായി ദേശീയഗാനം വായിച്ച ഇദ്ദേഹത്തിന് അമേരിക്കയിലെ ഇന്റർനാഷനൽ തമിഴ് യൂനിവേഴ്സിറ്റി ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.