കക്കോടി: ഇംഗ്ലീഷ് അധ്യാപകനായതുകൊണ്ട് ക്ലാസിൽ മലയാളം പറയില്ല എന്ന നിർബന്ധ ബുദ്ധിയായിരുന്നു ബാലൻ മാസ്റ്റർക്ക്. തീരുമാനം എടുത്തത് 26 കൊല്ലം മുമ്പായിരുന്നതിനാൽ പിന്നെ അധ്യാപകനായി പിരിയുന്നതുവരെയും അത് തുടർന്നു. കുട്ടികൾക്ക് മുന്നിൽ മാത്രമല്ല ഇംഗ്ലീഷ് സംസാരം, പി.ടി.എ മീറ്റിങ്ങുകളിൽപോലും ഭാഷ ഇംഗ്ലീഷ് തന്നെ. ഇങ്ങനെയൊക്കെ നിർബന്ധം പിടിച്ചിട്ട് കാര്യമുണ്ടായോ എന്ന് ചോദിച്ചാൽ യെസ് എന്നു പറയും ആയിരക്കണക്കിനു വിദ്യാർഥികൾ.
ഡിഗ്രി കഴിഞ്ഞവർക്കുപോലും നേരാംവണ്ണം ഇംഗ്ലീഷ് പറയാൻ പ്രയാസമുണ്ടാകും. എന്നാൽ, ബാലൻ മാസ്റ്ററുടെ ഒന്നര മാസത്തെ ക്ലാസ് മതി ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ. ഒന്നാം ക്ലാസ് വിദ്യാർഥികൾ മുതൽ പൊലീസ് ഓഫിസർമാർ വരെയുള്ളവർക്ക് ഇപ്പോൾ ബാലൻ മാസ്റ്റർ ക്ലാസ് നൽകുന്നു. ‘ബാലപാഠം’ പഠിപ്പിച്ചാൽ പിന്നെ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാം. സംസാരിച്ചു മികവു തേടുന്നതിനായി വിദേശത്തുള്ളവരുമായി ഫോണിൽ സംസാരിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. നാട്ടിലും വിദേശത്തുമുള്ള നിരവധി പേരുൾപ്പെടുന്ന ഔട്ട് ഓഫ് സിലബസ് എന്ന സംവാദവേദി മാഷ് രൂപീകരിച്ചിടടുണ്ട്. ഇതുവഴി ലോകത്തിലെ വിവിധ രാജ്യങ്ങളിലുമുള്ള ഇംഗ്ലീഷ് ഭാഷാ വിദഗ്ധരുമായി കുട്ടികൾക്ക് ആശയവിനിമയം നടത്താനാകും. സംസാരിച്ചുപഠിക്കുന്നതിന് ഇത് ഏറെ സഹായകരമാകുന്നു.
സ്കൂളിൽ ഒരുവാക്കുപോലും മലയാളം ഉപയോഗിക്കാതിരുന്നതിനാൽ ആദ്യമൊക്കെ വിമർശനത്തിനിടയാക്കിയിരുന്നു. പിന്നെ ക്രമേണ അത് സംസ്ഥാനത്തെ മലയാളം സംസാരിക്കാത്ത ഏക ഇംഗ്ലീഷ് അധ്യാപകൻ എന്ന അംഗീകാരമായി. കോഴിക്കോട് ജില്ല ഇംഗ്ലീഷ് പഠനകേന്ദ്രം മേധാവിയായിരുന്നു. സിലബസ് അനുസരിച്ചുള്ള പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കി പരീക്ഷ പാസായി വരുന്ന കുട്ടികൾ ജീവിത സാഹചര്യങ്ങളിൽ ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നതിൽ പൂർണ പരാജയമാണെന്ന തിരിച്ചറിവിൽനിന്നാണ് അദ്ദേഹം ഔട്ട് ഓഫ് സിലബസ് എന്ന അന്താരാഷ്ട്ര ഇംഗ്ലീഷ് സംവാദവേദിക്കു രൂപം നൽകിയത്.
സംസ്ഥാനത്തെ വിവിധ കോളജുകളിൽ ‘വാക് വിത് എ സ്കോളർ’ എന്ന പരിപാടിയും, ഗവ. എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക് കോളജുകൾ, ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സോഫ്റ്റ് സ്കിൽ ട്രെയിനിങ്ങും സംഘടിപ്പിക്കാറുണ്ട്.
ഇംഗ്ലീഷ് പഠനത്തിന് പ്രായമില്ലെന്നാണ് ബാലുശ്ശേരി സ്വദേശിയായ ബാലൻ മാസ്റ്റർ പറയുന്നത്. ബിരുദാനന്തരധാരികൾപോലും പൊതു പരീക്ഷകളിലും അഭിമുഖങ്ങളിലും പരാജയപ്പെടാനുള്ള കാരണം മാതൃഭാഷയിലൂടെ അന്യഭാഷകൾ പഠിക്കുന്ന അശാസ്ത്രീയ രീതി മൂലമാണെന്നാണ് ബാലൻ മാസ്റ്റർ പറയുന്നത്.
കോക്കല്ലൂർ ഹയർസെക്കൻഡറിയിൽ നിന്ന് കഴിഞ്ഞ മാർച്ചിൽ വിരമിച്ച മാഷ് തന്റെ പഠനരീതി നാട്ടിൻപുറങ്ങളിൽ ഏറെ പ്രചാരമാക്കുന്നതിനുള്ള നീക്കത്തിലാണ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.