saudയാദ്: റിയാദ് അൽഖൈറിലെ അൽഉവൈദ ഫാമിൽ പ്രമുഖ നാടകകൃത്ത് ജയൻ തിരുമനയുടെ '1921: ഖിലാഫത്ത്' എന്ന നാടകം അരങ്ങേറിയപ്പോൾ ഖാൻ ബഹദൂർ ചേക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാരോൺ ഷെരീഫിനെ ആർക്കും മറക്കാൻ കഴിയില്ല. റിയാദിൽ പ്രവാസികൾക്കിടയിൽ സജീവസാന്നിധ്യമാണ് ആ കലാകാരൻ. നാടകരചന, സംവിധാനം, മിമിക്രി, ഡബ്ബിങ്, സ്റ്റേജ് ഷോ, അവതാരകൻ തുടങ്ങി എന്തു വേഷവും വഴങ്ങും അദ്ദേഹത്തിന്.
റിയാദിൽ അരങ്ങേറിയ മറ്റൊരു നാടകമായ 'ടിപ്പു സുൽത്താനി'ലെ ആദിവാസി മൂപ്പൻ, മിർസാദിഖ് എന്ന സൂത്രശാലിയായ വില്ലൻ, '1001 രാവുകളി'ലെ മയ്യിത്ത് കുളിപ്പിക്കുന്ന സുലൈമാൻ, കച്ചവട ബ്രോക്കർ പോലെയുള്ള മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച പ്രതിഭാശാലിയാണ് ഷാരോൺ ഷെരീഫ്. നിരവധി ടെലിഫിലിമുകളിലും ആൽബങ്ങളിലും തിരശ്ശീലക്കു മുന്നിലും പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം ചാത്തന്നൂരാണ് സ്വദേശം. 19ാമത്തെ വയസ്സിലാണ് പ്രഫഷനൽ കലാപ്രവർത്തനത്തിലേക്കു പ്രവേശിക്കുന്നത്. കോവിഡ് കാലത്ത് ഒരുപാട് പേരെ സഹായിക്കാൻ മുന്നിട്ടിറങ്ങി സാമൂഹികപ്രവർത്തനത്തിലും സജീവമായി. 20 വർഷമായി റിയാദിൽ പ്രവാസിയാണ്. പ്രവാസം തുടങ്ങി നാലഞ്ചു വർഷത്തിനുശേഷമാണ് കലാപ്രവർത്തനങ്ങളിലേക്കു കടന്നത്. മ്യൂസിക്കൽ ആൽബങ്ങൾ തൊട്ട് സിനിമ വരെ ചെയ്തു.
ക്രിസ്ത്യൻ സഭകളുടെ നിരവധി നാടകങ്ങൾ, പയ്യന്നൂർ സൗഹൃദവേദിക്കുവേണ്ടി 'ഷഡ്പദങ്ങൾ', റിയാദ് കലാഭവനുവേണ്ടി 'അവർ പറയട്ടെ' എന്നീ നാടകങ്ങളും സംവിധാനം ചെയ്തു. എട്ടു വർഷം മുമ്പ് സൗദിയിൽ സിനിമ ചിത്രീകരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ സംവിധാനം ചെയ്ത സംഗീത ആൽബമാണ് രവി റാഫിയുടെ രചനയിൽ ഫഹദ് കോഴിക്കോട് പാടിയ 'മൗനം'.
പ്രമുഖ മലയാള ചാനലുകളിലെ 'സന്മനസ്സുള്ളവർക്ക് സമാധാനം' എന്ന സീരിയലിൽ 57 എപ്പിസോഡുകൾ, 'അളിയൻ വേഴ്സസ് അളിയനി'ൽ ഏതാനും എപ്പിസോഡുകൾ എന്നിവയിലും അഭിനയിച്ചു. ഇപ്പോൾ മിമിക്രി താരങ്ങളെ സംയോജിപ്പിച്ച് 'തങ്കോത്സവം' എന്ന പേരിൽ ഒരു മിമിക്സ് പരിപാടി ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ്. റിയാദിൽ നെസ്റ്റോ ഹൈപർ മാർക്കറ്റിൽ ജീവനക്കാരനാണ്. ഭാര്യ: റഫീഖ. മക്കൾ: ഷെഹ്ന, ഷെരീഫ്, ഷെമിൻ ഷാരോൺ. മരുമക്കൾ: ഷൈൻ ഹുസൈൻ, ജുബൈരിയ. ഐറ മറിയം, മെഹ്റിൻഷൈൻ, മെഹബിൻ ഷൈൻ എന്നിവർ ചെറുമക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.