കുവൈത്ത് സിറ്റി: സൈക്കിളിൽ രാജ്യാതിർത്തികൾ ഒന്നൊന്നായി പിന്നിട്ട് ഫായിസ് യാത്ര തുടരുന്നു. ഇതിനകം ഏഴ് രാജ്യങ്ങൾ പിന്നിട്ട കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലി വെള്ളിയാഴ്ച കുവൈത്തിൽനിന്ന് ഇറാഖിലേക്ക് സൈക്കിൾ ചവിട്ട് ആരംഭിക്കും. ഇന്ത്യയിൽനിന്ന് ഒമാൻ, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ എന്നിവ പിന്നിട്ടാണ് ഫായിസ് കുവൈത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ഡിസംബർ 24ന് കുവൈത്തിൽ പ്രവേശിച്ച ഫായിസിന് മറ്റു രാജ്യങ്ങളിലെ വിസ നടപടികൾ പൂർത്തിയാകാത്തതിനാൽ യാത്ര തടസ്സപ്പെട്ടിരുന്നു. തുടർന്ന് നാട്ടിലേക്ക് തിരിച്ചുപോയി നടപടികൾ പൂർത്തിയാക്കി തിരിച്ചെത്തുകയായിരുന്നു.
ഇറാഖ്, ഇറാൻ വിസകളും യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള ഷെംഗെൻ വിസയും നിലവിൽ ലഭിച്ചിട്ടുണ്ടെന്ന് ഫായിസ് പറഞ്ഞു. യാത്രക്കുമുമ്പ് സൈക്കിൾ അറ്റകുറ്റപ്പണിക്ക് നൽകിയിട്ടുണ്ട്. എംബസിയിൽനിന്നുള്ള നടപടികളും പൂർത്തിയായി. വെള്ളിയാഴ്ച പുലർച്ച യാത്ര തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ഫായിസ് പറഞ്ഞു. ഇറാഖിൽ അഞ്ചുദിവസത്തെ യാത്രയുണ്ടാകും. അതിനിടെ അവിടത്തെ സ്ഥലങ്ങളും സന്ദർശിക്കും. തുടർന്ന് ഇറാനിലേക്ക് പ്രവേശിക്കും. റമദാൻ ആയതിനാൽ രാവിലെയാകും യാത്രക്ക് തിരഞ്ഞെടുക്കുക. ദിവസം 50 കി.മീ. എന്നതിലേക്ക് യാത്ര ചുരുക്കുകയും ചെയ്യും.
35 രാജ്യങ്ങളിലൂടെ 30,000 കി.മീ. സഞ്ചരിച്ച് രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടി ലണ്ടനിലെത്തുകയാണ് ഫായിസിന്റെ സ്വപ്നം. കഴിഞ്ഞ ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്ര മുംബൈയിലെത്തിയശേഷം വിമാനമാർഗം ഒമാനിലിറങ്ങി. അവിടെനിന്ന് റോഡ് മാർഗം യു.എ.ഇയും ഖത്തറും ബഹ്റൈനും സൗദിയും പിന്നിട്ടാണ് കുവൈത്തിൽ എത്തിയത്. ഇനി ഇറാഖിലും തുടർന്ന് ഇറാനിലും പ്രവേശിക്കുന്ന ഫായിസ് അസർബൈജാനും ജോർജിയയും തുർക്കിയയും മറികടന്ന് യൂറോപ്പിലേക്ക് പ്രവേശിക്കും. യാത്ര 450 ദിവസം പിന്നിടുമ്പോൾ ലണ്ടനിൽ എത്താനാകുമെന്നാണ് പ്രതീക്ഷ. അതിനിടയിൽ 28 രാജ്യങ്ങൾ പിന്നിടാനുണ്ട്.
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ലോകരാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സന്ദേശത്തോടെ ‘ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്’ എന്ന ആപ്തവാക്യവുമായി ടീം എക്കോ വീലേഴ്സിന്റെ നേതൃത്വത്തിൽ റോട്ടറി ഇന്റർനാഷനലിന്റെ പിന്തുണയോടെയാണ് ഫായിസ് ഭൂഖണ്ഡങ്ങൾ ചുറ്റാനിറങ്ങിയത്. ലോക സമാധാനം, സീറോ കാർബൺ, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം എന്നിവയും ലക്ഷ്യങ്ങളാണ്. അമേരിക്കൻ കമ്പനിയുടെ സർലി ഡിസ്ക് ട്രക്കർ സൈക്കിളിലാണ് സഞ്ചാരം.
കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ ഫായിസ് വിപ്രോയിലെ ജോലി രാജിവെച്ചാണ് സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിയത്. 2019ൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യയാത്ര. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കി.മീ. സഞ്ചരിച്ച് അന്ന് വിജയകരമായി സിംഗപ്പൂരിലെത്തി.
ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, കാമറ തുടങ്ങിയവയാണ് യാത്രയിൽ കൂട്ട്. ഭാര്യ ഡോ. അസ്മിന് ഫായിസ് യാത്രക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നു. മക്കളായ ഫഹ്സിന്‍ ഉമർ, അയ്സിന് നഹേൽ എന്നിവരും പിതാവിന്റെ യാത്ര ഇഷ്ടപ്പെടുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.