കുവൈത്ത് സിറ്റി: സൈക്കിളിൽ ലോകംചുറ്റുന്ന കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലി ഒരു രാജ്യംകൂടി പിന്നിട്ടു. കുവൈത്തിൽനിന്ന് ഈ മാസം ഏഴിന് ഇറാഖിലേക്ക് സൈക്കിൾ ചവിട്ടിയ ഫായിസ് 12 ദിവസത്തെ യാത്രക്കുശേഷം ഇറാനിൽ പ്രവേശിച്ചു.
റമദാൻ ആയതിനാലാണ് ഇറാഖിൽ ഇത്രയും ദിവസങ്ങൾ എടുത്തതെന്ന് ഫായിസ് പറഞ്ഞു. പ്രഭാതസമയങ്ങളാണ് യാത്രക്ക് തിരഞ്ഞെടുത്തത്. ഇറാഖിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും കെട്ടിടങ്ങളും സന്ദർശിക്കാനും സമയം കണ്ടെത്തി. ദിവസം 50 കിലോമീറ്റർ എന്നതിലേക്ക് യാത്ര ചുരുക്കിയിരുന്നു.
ഈ മാസം 20ന് ഇറാനിൽ പ്രവേശിച്ച ഫായിസ് അവിടെയാണ് പെരുന്നാൾ ആഘോഷിച്ചത്. മേയ് 15 വരെ ഇറാനിൽ തുടരും. അതിനിടെ, ഇറാനിലെ കാഴ്ചകൾ കാണാനും ജനങ്ങളെയും സംസ്കാരവും പഠിക്കാനും വിനിയോഗിക്കും. ഇറാനിൽ ഇപ്പോൾ സുന്ദരമായ കാലാവസ്ഥയാണെന്നും ജനങ്ങളും അധികൃതരും ഏറെ സഹകരിക്കുന്നതായും ഫായിസ് പറഞ്ഞു.
ഇറാനിൽനിന്ന് അസർബൈജാനാണ് ഫായിസിന്റെ അടുത്ത ലക്ഷ്യം. പിന്നീട് ജോർജിയയും തുർക്കിയയും മറികടന്ന് യൂറോപ്പിലേക്ക് പ്രവേശിക്കും. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് രണ്ടു ഭൂഖണ്ഡങ്ങൾ താണ്ടി ലണ്ടനിലെത്തുകയാണ് ഫായിസിന്റെ സ്വപ്നം.
ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരത്തുനിന്നാണ് യാത്ര തുടങ്ങിയത്. ഇന്ത്യയിൽനിന്ന് ഒമാൻ, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ എന്നിവ പിന്നിട്ട് കുവൈത്തിൽ പ്രവേശിച്ച ഫായിസ് ഇറാഖും കടന്നാണ് ഇറാനിലെത്തിയത്.
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ലോകരാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹസന്ദേശത്തോടെ ‘ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്ക്’ എന്ന ആപ്തവാക്യവുമായി ടീം എക്കോ വീലേഴ്സിന്റെ നേതൃത്വത്തിൽ റോട്ടറി ഇന്റർനാഷനലിന്റെ പിന്തുണയോടെയാണ് ഫായിസ് സൈക്കിളിൽ ഭൂഖണ്ഡങ്ങൾ ചുറ്റാനിറങ്ങിയത്.
ലോക സമാധാനം, സീറോ കാർബൺ, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണം എന്നിവയും യാത്രാലക്ഷ്യങ്ങളാണ്. അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക് ട്രക്കർ സൈക്കിളിലാണ്
സഞ്ചാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.