സുഹാർ: നീണ്ടകാലത്തെ പ്രവാസജീവിതം മതിയാക്കി കണ്ണൂർ സ്വദേശി വിൻസന്റ് സന്തോഷ് നാടണയുന്നു. 31 വർഷം കുവൈത്തിലും ഒമാനിലുമായാണ് പ്രവാസജീവിതം നയിച്ചത്. ഇതിൽ 23 വർഷം സുഹാറിലെ ഓയിൽ ഫീൽഡ് മേഖലയിലായിരുന്നു പ്രവർത്തിച്ചത്. മലയാള മിഷൻ ഒമാൻ ചാപ്റ്റർ സുഹാർ കോഓഡിനേറ്ററായ വിൻസന്റ് നാടണയുമ്പോൾ അത് മലയാള ഭാഷാപഠന രംഗത്തുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു നഷ്ടം തന്നെയാണ്.
സുഹാറിൽ മലയാള മിഷൻ ആരംഭിക്കുമ്പോൾ ഇദ്ദേഹവും അധ്യാപികയായ ഭാര്യ ലീലയും അതിന്റെ കൂടെനിന്ന് പ്രവർത്തിച്ചു. ഇന്നത് 130 കുട്ടികൾ പഠിക്കുന്ന നിലയിലേക്ക് വളർത്താൻ കഴിഞ്ഞു എന്നത് സന്തോഷം നൽകുന്നതാണെന്ന് വിൻസന്റ് പറഞ്ഞു. കുറച്ചു കുട്ടികളെവെച്ച് ഫ്ലാറ്റിൽ തുടങ്ങിയ പഠനക്കളരി കുട്ടികളുടെ വർധന കണക്കിലെടുത്ത് പഠനം കിൻഡർ ഗാർഡൻ സ്കൂളിലേക്ക് മാറ്റാൻ ആയതും ഇദ്ദേഹം നേട്ടമായി കരുതുന്നു.
മലയാള മിഷൻ കുട്ടികളെയും സുഹാറിലെ സുഹൃദ്വലയങ്ങളെയും വിട്ടുപോകുന്നതിൽ വിഷമമുണ്ടെങ്കിലും നാട്ടിലെ അനിവാര്യതയിലേക്ക് മാറിപ്പോകാതെ പറ്റില്ല എന്നനിലയിലാണ് തിരിച്ചുപോകുന്നതെന്ന് സന്തോഷ് പറഞ്ഞു. വിൻസെന്റ് സന്തോഷിന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയാണ്.
നിലമ്പൂർ സ്വദേശിയാണ് ഭാര്യ. ഒമാനിലെ സ്വദേശികളുടെ പെരുമാറ്റവും സഹകരണവും ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ് ഇവിടത്തുകാർ. 23 വർഷം അനുഭവിച്ച സ്നേഹത്തിനും തന്ന സുരക്ഷക്കും പരിഗണനക്കും നന്ദിപറഞ്ഞ് വിൻസന്റ് സന്തോഷ് ഈ മാസം അവസാനത്തോടെ നാടണയും. രണ്ട് മക്കളുണ്ട്. മലയാളമിഷൻ ഒമാൻ ചാപ്റ്റർ, മറ്റു സംഘടനകൾ എന്നിവ ചേർന്ന് യാത്രയയപ്പ് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.