Earth provides enough to satisfy every man's need, but not every man's greed
-Mahatma Gandhi
ഡൽഹി -ഹരിയാന ദേശീയ പാതയിലെ സിംഘുവിൽ ബാരിക്കേഡുകൾ തീർത്ത്, തോക്കുമേന്തി കാവൽ നിൽക്കുന്ന പൊലീസുകാർക്ക് മുന്നിൽ കാറിലിറങ്ങുേമ്പാൾ യുദ്ധക്കളത്തിലേക്ക് കടന്നുചെല്ലുേമ്പാഴുള്ള ഭീതിയായിരുന്നു മനസ്സിൽ. കാമറയും ട്രൈപോഡുമൊക്കെയേന്തി ഒറ്റക്ക് ചെല്ലുന്ന എന്നെ പൊലീസ് തടയുമോ? ഡൽഹി പൊലീസിെൻറ പരുക്കൻ ചോദ്യംചെയ്യലുകൾക്ക് ഇരയാകേണ്ടിവരുമോ? ഇങ്ങനെയൊക്കെയുള്ള ആകുലതകൾ അവിടം ഘനീഭവിച്ചുനിൽക്കുന്ന മൂടൽമഞ്ഞുപോലെ മനസ്സിനകത്തേക്ക് ഇരച്ചുകയറി.
ബാരിക്കേഡിന് പുറത്ത് അൽപം അകലെയുള്ള ചായക്കടയിൽ കയറി ചായ പറഞ്ഞു. അടുത്ത കസേരയിൽ ഇരിക്കുന്ന പൊലീസുകാരൻ ഒന്ന് മന്ദഹസിച്ചു. സമാധാനമായി. നമ്മൾ അവിടെ ശത്രുവായി കണക്കാക്കപ്പെടുന്നില്ല. മനസ്സിനുള്ളിലെ മഞ്ഞുകണങ്ങൾ ഉരുകിത്തുടങ്ങി. ബാരിക്കേഡ് കടന്നുപോകുേമ്പാൾ ചോദ്യംചെയ്യൽ പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തടസ്സങ്ങളില്ലാതെ നടക്കുന്നു. പൊലീസുകാരുടെ മുഖത്ത് സംശയമോ പാരുഷ്യമോ ഇല്ല. നമ്മുടെ കലോത്സവ നഗരിയിൽ കാവൽ നിൽക്കുന്ന പൊലീസുകാരുടെ ശാന്തഭാവം.
സമരഭൂമിയുടെ 'മർമസ്ഥലം' കാണാൻ മുന്നോട്ടു നടന്നു. എവിടെയും സംഘർഷത്തിെൻറ ലാഞ്ഛനയില്ല. അതിനിടെ സമര നേതൃനിരയിലുള്ള മലയാളി ബിജുവിനെ മൊബൈലിൽ വിളിച്ചു. രാജ്യത്തിെൻറ വിവിധ സംസ്ഥാനങ്ങളിലെ കർഷക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന കെ.വി. ബിജു തൃശൂർ സ്വദേശിയാണ്. 182 കർഷക സംഘടനകൾ ഉൾപ്പെടുന്ന 'രാഷ്ട്രീയ കിസാൻ മഹാസംഘി'െൻറ ദേശീയ കോഓഡിനേറ്റർ. കർഷക വിരുദ്ധ ഓർഡിനൻസ് എന്തെന്ന് വിശദീകരിച്ച് ബിജു എഴുതിയ പുസ്തകം 'Three Agriculture Sector Ordinances' പഞ്ചാബിയിലേക്ക് തർജമ ചെയ്ത് വിതരണം ചെയ്തത് 'ഡൽഹി ചലോ വിപ്ലവ'ത്തിെൻറ തുടക്കത്തിന് വലിയ ഊർജമാണ് ഉണ്ടാക്കിയത്.
സമരാവേശം ജ്വലിച്ചുനിൽക്കുന്ന ഇടങ്ങളിലേക്ക് പ്രവേശിച്ചു. ഡൽഹിയിൽ അന്നത്തെ താപനില നാല് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എന്നാൽ, സമരഭൂമിയിൽ കൊടും തണുപ്പിെൻറ ആലസ്യം ആരിലും ഉണ്ടായിരുന്നില്ല. ട്രാക്ടറിൽ മുദ്രാവാക്യം വിളിയുമായി ഇരമ്പിയെത്തുന്ന സിഖുകാർ. 12,000 ട്രാക്ടറുകളാണത്രെ പഞ്ചാബിൽനിന്ന് അഞ്ച് അതിർത്തികളിലുള്ള സമരഭൂമിയിലേക്ക് 'മാർച്ച് ചെയ്തത്'. ആർജവം തിളക്കുന്ന പ്രകടനങ്ങളിൽ സ്ത്രീകളും കൊച്ചുകുട്ടികളുമുണ്ട്. ശാരീരിക വൈകല്യമുള്ളവർ മുച്ചക്ര വാഹനങ്ങളിൽ എത്തിയിട്ടുണ്ട്. കോളജ് വിദ്യാർഥിനികളുണ്ട്.
മൂന്നു കിലോമീറ്ററോളം നടന്നു. വിശാലമായ ദേശീയ പാതയായിട്ടും ആളുകളുടെ തിക്കും തിരക്കും. പക്ഷേ, അവരുടെ മുഖങ്ങളിൽ അസ്വസ്ഥതകളില്ല. മനോധൈര്യംകൊണ്ട് പ്രകാശിക്കുന്ന മുഖങ്ങൾ. നടക്കുന്നത് വലിയ ഉത്സവപ്പറമ്പിലൂടെയാണോ എന്ന് സംശയിക്കുംവിധം വ്യത്യസ്തം ആ സമര ആവിഷ്കാരം.
സമരത്തിലെ പങ്കാളിത്തത്തിെൻറ സവിശേഷതകൾ ബിജു വിശദീകരിച്ചുതന്നു. 2018ൽ, വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് കർഷകർ നടത്തിയ ഡൽഹി ചലോ മാർച്ച് പഞ്ചാബ്- ഹരിയാന അതിർത്തിയിൽ തടഞ്ഞ് പരാജയപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിരുന്നു. ഈ പ്രക്ഷോഭം ആ രീതിയിൽ തകർന്നടിയരുതെന്നും അതിന് എല്ലാ മുന്നൊരുക്കങ്ങളും വേണ്ടതുണ്ടെന്നും കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചു. അതിർത്തിയിൽ പൊലീസ് തടഞ്ഞാൽ അവിടെ തമ്പടിക്കാനാണ് തീരുമാനിച്ചത്. ആറു മാസം അവിടെ കഴിയാനുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് പുറപ്പെട്ടത്. ട്രാക്ടറുകൾക്ക് പിന്നിൽ വലിയ ട്രോളികൾ പിടിപ്പിച്ച് അതൊരു വീടാക്കി മാറ്റി. ഭക്ഷ്യവസ്തുക്കൾ, സ്റ്റൗ, പാചക വാതക സിലിണ്ടർ എല്ലാം ട്രാക്ടറുകളിൽ കരുതി.
സിംഘു, തിക്രി അതിർത്തികളിലാണ് സമരം ആരംഭിച്ചത്. സിംഘുവിലെ ദേശീയ പാതയിൽ 32 കിലോമീറ്ററും തിക്രിയിൽ 28 കിലോമീറ്ററും സമരക്കാർ കൈയടക്കി. ഇപ്പോൾ അഞ്ച് അതിർത്തികളിലായി മൂന്നര ലക്ഷത്തോളം പേർ സമരരംഗത്തുണ്ടെന്നാണ് കണക്ക്. പ്രാരംഭ ഘട്ടത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ചാവേർ പടകളായി തിരിച്ച് ആക്രമിക്കുമെന്ന് പ്രക്ഷോഭകാരികൾ ശക്തമായി മുന്നറിയിപ്പ് നൽകിയപ്പോൾ പൊലീസിന് പത്തിമടക്കേണ്ടിവന്നു.
പഞ്ചാബിലെ കർഷകരാണ് കടുത്ത പ്രക്ഷോഭം വേണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ഇതേക്കുറിച്ച് ആലോചിക്കാൻ പഞ്ചാബിൽ കർഷകരുടെ വിപുലമായ യോഗം വിളിച്ചുചേർത്തു.
വിവാദ ബിൽ പാർലമെൻറിൽ ചർച്ചക്ക് വരുന്ന ദിവസം പണിമുടക്ക് നടത്തി. ശേഷം പ്രമുഖ സംഘടനകളായ 'ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റി'യും 182 സംഘടനകൾ ഉൾപ്പെടുന്ന രാഷ്ട്രീയ കിസാൻ മഹാ സംഘ് കൂടിയാലോചന നടത്തി. തുടർന്ന് നവംബർ ഏഴിന് ഈ രണ്ട് കർഷക സംഘടനകളുടെയും പഞ്ചാബിലെയും ഹരിയാനയിലെയും സ്വതന്ത്ര കർഷക സംഘടനകളുടെയും പൊതുവേദി ഉണ്ടാക്കുകയും നവംബർ 24ന് പഞ്ചാബിൽനിന്ന് മാർച്ച് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഏത് പ്രതിസന്ധി ഉണ്ടായാലും ഡൽഹി വരെ പോകും. ഡൽഹി അതിർത്തി എത്തും വരെയുള്ള പ്രതിബന്ധങ്ങൾ എന്താണെങ്കിലും തകർക്കും. അതിർത്തിയിൽ തടഞ്ഞാൽ അവിടെയിരുന്ന് സമരം ചെയ്യും -ഇതായിരുന്നു ദൃഢപ്രതിജ്ഞ.
ആ പ്രതിജ്ഞക്ക് മാറ്റമുണ്ടായില്ല. ഡിസംബറിലെ കൊടുംതണുപ്പ് അവഗണിച്ച് പ്രായഭേദമന്യേയുള്ള പങ്കാളിത്തം വർധിക്കുകയാണ്. പഞ്ചാബിൽനിന്ന് വരുന്നവർ തങ്ങൾക്ക് കൊണ്ടുവരാനാവുന്നതെന്തോ അവയുമായാണ് എത്തുന്നത്. സമൂഹത്തിെൻറ എല്ലാ വിഭാഗങ്ങളിലുള്ളവരും സമരത്തോടൊപ്പമുണ്ട്. ചണ്ഡിഗഢിലെ ദന്ത ഡോക്ടറായ സണ്ണി അലുവാലിയ ഒരു ക്ലനിക് തന്നെ സിംഘുവിലെ സമരസ്ഥലത്ത് ആരംഭിച്ചു. നാട്ടിൽ നിരവധി ക്ലിനിക്കുകളുടെ ഉടമയായ കോടീശ്വരനായ ഡോ. അലുവാലിയ ടെൻറിൽ പ്രവർത്തിക്കുന്ന തെൻറ ക്ലിനിക്കിൽതന്നെ അന്തിയുറങ്ങുന്നു.
തന്നോടൊപ്പം കുറെ എം.ബി.ബി.എസ് ഡോക്ടർമാരെയും കൂടി ഡോ. അലുവാലിയ കൊണ്ടുവന്നിരിക്കുന്നു; കർഷകനാണ് നാടിെൻറ നട്ടെല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു സമ്പന്നനെങ്കിലും അദ്ദേഹം. പഞ്ചാബിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യാപാരി ഒരു ടൺ ബദാം സമരഭൂമിയിലേക്ക് അയച്ചു. മഹാരാഷ്ട്രയിലെ ഒരു കർഷകൻ ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ലോഡ് ഓറഞ്ച് സമരസഖാക്കൾക്കായി എത്തിക്കുന്നു. അദ്ദേഹത്തിെൻറ വിളവെടുപ്പിെൻറ പകുതി. സ്ത്രീകളും പുരുഷന്മാരും ചേർന്ന് റോഡരികിൽ ആഹാരം ഒരുക്കുന്നു. സമരഭൂമിയിലുള്ളവർക്കെല്ലാം ഭക്ഷണം സൗജന്യം. ഓറഞ്ച്, ജ്യൂസ്, ചായ, പലഹാരങ്ങൾ, കുടിവെള്ളം എല്ലാം അവർ സ്നേഹത്തോടെ വിതരണം ചെയ്യുന്നു.
ബസിൽ ഒരുക്കിയ ചെറിയ ഗുരുദ്വാരക്ക് മുന്നിൽ ഭക്തർ പ്രാർഥന നടത്തുന്നു. ഭജൻ പാടുന്നു. റോഡരികിൽ വിദഗ്ധ ഡോക്ടർമാർ മരുന്നുകളുമായി സൗജന്യ സേവന നിരതരായി ഇരിക്കുന്നു. ആവശ്യത്തിന് ഫൈബർ ശൗചാലയങ്ങൾ. പരിസരങ്ങളിൽ ദുർഗന്ധമോ മാലിന്യമോ ഇല്ല. സമരക്കാർതന്നെ പരിസരം വൃത്തിയാക്കുന്നു. ക്രമസമാധാന പ്രശ്നങ്ങൾ എവിടെയുമില്ല. പൊലീസുകാർ കാഴ്ചകൾ കണ്ട് സമാധാനപൂർവം നിലകൊള്ളുന്നു.
കൊടും തണുപ്പും തെരുവിലെ ജീവിതവും ആ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദുഷ്കരംതന്നെയാണ്. എത്രതന്നെ സൗകര്യങ്ങൾ ഒരുക്കിയാലും അതിന് പരിഹാരമാകില്ല. സിഖ് പുരോഹിതൻ 65കാരൻ ബാബാ റാം സിങ് സ്വയം വെടിവെച്ചു മരിച്ചു. സമരഭൂമിക്കടുത്ത് നിർത്തിയിട്ട തെൻറ കാറിലാണ് അദ്ദേഹം ജീവനൊടുക്കിയത്. സർക്കാറിെൻറ കടുത്ത അവഗണനയിൽ മനംനൊന്ത് രണ്ടു കർഷകരും ആത്മഹത്യ ചെയ്തു. 30ലേറെ പേർ തണുപ്പുകൊണ്ടും മറ്റു ദുരിതങ്ങൾകൊണ്ടും മരിച്ചു.
സ്വയം നിറയൊഴിച്ച് ജീവത്യാഗം ചെയ്ത സിഖ് പുരോഹിൻ തെൻറ ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെ എഴുതി- ''നിലനിൽപിനു വേണ്ടി കർഷക സഹോദരങ്ങൾ നടത്തുന്ന ദുരിതപൂർണമായ പോരാട്ടം ഞാൻ നേരിൽ കണ്ടു. അത് എന്നെ അത്യധികം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുന്നു. കർഷക സമൂഹത്തോടുള്ള അധികാരി വർഗത്തിെൻറ അവഗണനയിൽ ഞാൻ വ്യസനിക്കുന്നു, പാവപ്പെട്ട കർഷകന് വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല.''
'കാർഷിക രംഗം തകരും, ആത്മഹത്യ കൂടും' ദത്തർ സിങ് (സംസ്ഥാന പ്രസിഡൻറ്, കിർത്തി കിസാൻ യൂനിയൻ പഞ്ചാബ്)
പഞ്ചാബിലെ കാർഷിക രംഗം ഇന്ന് വളരെ ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ്. കൃഷിയുടെ മുടക്കുമുതൽ ഗണ്യമായി വർധിച്ചു. വളം, കീടനാശിനി, ഡീസൽ എന്നിവക്ക് വില കൂടി. ട്രാക്ടർ മുതലായ കാർഷിക യന്ത്രങ്ങൾക്കും വില വർധിച്ചു. എന്നാൽ, മാർക്കറ്റിൽ നേരത്തേതിനേക്കാൾ വില ഇടിയുന്നു. ഈ സാഹചര്യത്തിൽ താങ്ങുവില എടുത്തുകളയാനുള്ള നീക്കം കർഷകരുടെ നാശത്തിലേക്ക് നയിക്കും. ഇപ്പോൾതന്നെ പഞ്ചാബിൽ കർഷക ആത്മഹത്യനിരക്ക് വർധിക്കുകയാണ്.
തങ്ങൾ അധികാരത്തിലേറ്റിയ ഭരണകൂടം ചതിച്ചു എന്ന കർഷകരുടെ തിരിച്ചറിവാണ് ഈ മഹാപ്രക്ഷോഭത്തിന് കാരണമെന്ന് രാഷ്ട്രീയ കിസാൻ സംഘ് സൗത്ത് ഇന്ത്യൻ കോ ഒാഡിനേറ്റർ പി.ടി. േജാൺ പറയുന്നു. നിലവിലുള്ള മിനിമം താങ്ങുവില (MSP) വിളകൾക്ക് കിട്ടാത്ത സാഹചര്യം വരും കേന്ദ്ര സർക്കാറിെൻറ ഈ ഓർഡിനൻസുകൾ കൊണ്ട്. പഞ്ചാബ്, ഹരിയാന, യു.പി തുടങ്ങിയ കാർഷിക സംസ്ഥാനങ്ങളിൽ അവിടത്തെ സംസ്ഥാന സർക്കാറുകളുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന മണ്ഡികൾ (കാർഷിക ഉൽപന്നങ്ങൾ അംഗീകൃത ഏജൻറുമാർക്ക് മിനിമം താങ്ങുവില വെച്ച് വിൽക്കുന്ന കേന്ദ്രങ്ങൾ) ഇല്ലാതാവും.
ഈ രംഗങ്ങളിലെല്ലാം കോർപറേറ്റ് കുത്തകകൾ കടന്നുകയറും. ഈ ബോധ്യമാണ് കർഷകരുടെ സമാധാനം കെടുത്തിയതും അവർ തെരുവിലിറങ്ങിയതും. നരേന്ദ്ര മോദിയും അമിത് ഷായുമാണ് ഈ ഓർഡിനൻസിന് പിന്നിൽ. അംബാനി, അദാനി മുതലാളിമാർക്ക് വേണ്ടി അവർ ഒരുക്കുന്ന കെണിയാണിത്. ഇത് ബി.ജെ.പിയുടെ പോലും നയമാണെന്ന് കരുതുന്നില്ല. അതത് സംസ്ഥാന സർക്കാറുകൾ കർഷകരിൽനിന്ന് വാങ്ങുന്ന വിളകളുടെ വിൽപന കാര്യത്തിൽ നിയമം കൊണ്ടുവരാൻ കേന്ദ്രത്തിന് അധികാരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.