അബൂദബി: 45കാരനായ പാക് പ്രവാസിയും 17കാരനായ മകനും ഒരുമിച്ച് പൈലറ്റ് കോഴ്സ് പൂര്‍ത്തിയാക്കി. യു.എ.ഇയിലെ ഏവിയേഷന്‍ സ്കൂളില്‍ നിന്നാണ് ഇരുവരും ലൈസൻസ് നേടിയത്. പാക് വ്യവസായി സുലൈമാന്‍ മഹ്മൂദും മകന് ഹാഷിര്‍ സുലൈമാനും ഫുജൈറ ഫ്ലൈയിങ് അക്കാദമിയിലാണ് പഠിച്ചത്. ആറുമാസമായിരുന്നു പഠനകാലാവധി. സുലൈമാന്‍ മഹ്മൂദ് അബൂദബിയിലാണ് ജനിച്ചുവളര്‍ന്നത്. ജൂലൈ ആദ്യമാണ് ഇരുവരും പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയത്.
ആസ്ട്രേലിയയിലെ ഫ്ലൈയിങ് സ്കൂളില്‍ പഠിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, അബൂദബിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിസിനസ് തിരക്കുകള്‍ അനുവദിക്കാതായതോടെയാണ് യു.എ.ഇയിലെ ഏവിയേഷന്‍ സ്കൂളിനെക്കുറിച്ച് അറിയാനായത്. തുടര്‍ന്ന് പൈലറ്റ് കോഴ്സില്‍ ചേരാന്‍ മകനെക്കൂടി കൂടെ കൂട്ടുകയായിരുന്നു. ക്ലാസിലെ പ്രായം കൂടിയ വിദ്യാര്‍ഥി താനും കുറഞ്ഞയാള്‍ മകനുമായിരുന്നുവെന്നും സുലൈമാന്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തമായൊരു വിമാനം വാങ്ങുകയെന്ന ആഗ്രഹവും സുലൈമാനുണ്ട്. അബൂദബിയില്‍ സ്മാര്‍ട്ട് ആക്സസ് ട്രാന്‍സ്പോര്‍ട്ട് എന്ന പേരില്‍ സ്ഥാപനം നടത്തിവരുകയാണ് സുലൈമാന്‍.
മകന് ഹാഷിറിനേക്കാള് അഞ്ചുദിവസം മുമ്പ് സുലൈമാന്‍ പഠനം പൂര്‍ത്തിയാക്കിയതായി ഫുജൈറ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന മേധാവി ക്യാപ്റ്റന്‍ മുഹമ്മദ് ഇല് ശൈഖ് പറഞ്ഞു. ഒറ്റ എന്‍ജിനുള്ള വിമാനം യാത്രക്കാരെ സഹിതം പറത്താനാണ് പ്രൈവറ്റ് ലൈസന്‍സ് ഉള്ളവര്‍ക്ക് അനുമതിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയാലേ ഇവര്‍ക്ക് പൈലറ്റുമാരായി ജോലി ലഭിക്കൂവെന്നും ക്യാപ്റ്റൻ മുഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.