കുന്ദമംഗലം: വോളിബാൾ ജീവിതമാക്കിയ അച്ഛനും മകനുമുണ്ട് കുന്ദമംഗലത്ത്. വെള്ളന്നൂർ പുൽപറമ്പ് വീട്ടിൽ മനോജ് കുമാറും മകൻ ഹേമന്തും. രാജ്യത്തെ ഏറ്റവും മികച്ച പ്രഫഷനൽ വോളിബാൾ ടൂർണമെന്റായ പ്രൈം വോളിബാൾ ടൂർണമെന്റിൽ ഹൈദരാബാദ് ബ്ലാക് ഹോക്‌സിന് വേണ്ടി കളത്തിലിറങ്ങുന്ന മകൻ ഹേമന്ത്. ദേശീയ വോളിബാൾ റഫറിയായ അച്ഛൻ മനോജ് കുമാർ. 2000 മുതൽ കേരളസംസ്ഥാന വോളിബാൾ അസോസിയേഷന്റെ സംസ്ഥാന റഫറിയായ മനോജ് കുമാർ 2003ൽ ദേശീയ റഫറിയായി.
സബ് ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്, ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്, ഖേലോ ഇന്ത്യ യൂനിവേഴ്‌സിറ്റി ഗെയിംസ്, സീനിയർ ദേശീയ ഗെയിംസ് തുടങ്ങി നിരവധി അഖിലേന്ത്യ ടൂർണമെന്റുകളും മേജർ ചാമ്പ്യൻഷിപ്പുകളും നിയന്ത്രിച്ചിട്ടുണ്ട് മനോജ് കുമാർ. ഫുട്ബാൾ, വോളിബാൾ തുടങ്ങിയ കായിക ഇനങ്ങളിൽ മികവുപുലർത്തിയ മനോജ് കുമാർ 2003 മുതൽ പൂർണമായും റഫറിയായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ മധ്യപ്രദേശിൽ നടക്കുന്ന ഖേലോ ഇന്ത്യ നാഷനൽ ചാമ്പ്യൻഷിപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നു. മകൻ ഹേമന്ത് ചാത്തമംഗലം കെ.ടി.സി ഗ്രൗണ്ടിലും കളിക്കാരനും കോച്ചുമായ രാജന്റെ ശിക്ഷണത്തിൽ തൃശൂർ റെഡ് ലാൻഡ്‌സ് വോളിബാൾ അക്കാദമിയിലും കേരള സ്പോർട്സ് കൗൺസിൽ എലൈറ്റ് അക്കാദമിയിലും പരിശീലനം നേടി.
മൂന്ന് തവണ സ്കൂൾസ് നാഷനൽ ചാമ്പ്യൻഷിപ്, രണ്ട് തവണ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്, ഖേലോ ഇന്ത്യ ഗെയിംസ്, ഓൾ ഇന്ത്യ യൂനിവേഴ്‌സിറ്റി ചാമ്പ്യൻഷിപ് തുടങ്ങി പ്രമുഖ ടൂർണമെന്റുകളിൽ കളിച്ചു. ഇപ്പോൾ പാലാ സെന്റ് തോമസ് കോളജിലെ കേരള സ്പോർട്സ് കൗൺസിൽ അക്കാദമിയിൽ കോച്ച് മനോജിന്റെ കീഴിൽ പരിശീലനം നേടുന്നു. 2018ൽ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ ഹേമന്ത് കേരളത്തിന്റെ കളിക്കാരനായും പിതാവ് മനോജ് കുമാർ കേരളത്തിൽ നിന്നുള്ള റഫറിയുമായി ഒരേ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയതും പ്രഫഷനൽ ടൂർണമെന്റുമായ പ്രൈം വോളിയിൽ മൂന്ന് വേദികളിലായി ഇന്ത്യയിലെ മികച്ച എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിൽ കളിക്കാർക്ക് പുറമെ വിദേശതാരങ്ങളും പങ്കെടുക്കുന്ന ടൂർണമെന്റിൽ കളിക്കാരെ ലേലത്തിലൂടെയാണ് ഓരോ ടീമും സ്വന്തമാക്കുന്നത്. ഫെബ്രുവരി നാലു മുതൽ ആരംഭിച്ച മാർച്ച് നാലുവരെ നടക്കുന്ന മത്സരങ്ങളിൽ ഹൈദരാബാദ് ബ്ലാക്‌സ് ഹോക്‌സിന് വേണ്ടി അറ്റാക്കർ റോളിൽ മികച്ച മത്സരം കാഴ്ചവെക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഡിഗ്രി അവസാനവർഷ വിദ്യാർഥിയായ ഹേമന്ത്. മനോജ് കുമാറിന്റെ മകൾ ശലഭ, ഭാര്യ ഷീബ എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.