കോട്ടയം: ഒന്നിനും സമയമില്ലെന്ന് പറയുന്നവർ ഡോ. ശ്രീകുമാർ ഡി. മേനോനെ കേൾക്കണം. മൂന്ന് ഡോക്ടറേറ്റ്, ഏഴ് ബിരുദാനന്തര ബിരുദം, അഞ്ച് ബിരുദാനന്തര ഡിപ്ലോമ അടക്കം 15 ബിരുദാനന്തര സർട്ടിഫിക്കറ്റ് നേടിയിട്ടും തീരുന്നില്ല. നാലാം വയസ്സിൽ തുടങ്ങിയ പഠനം പാമ്പാടി സ്വദേശിയായ ശ്രീകുമാർ ഡി. മേനോൻ 60ാം വയസ്സിലും തുടരുകയാണ്. ഇതിനിടെ പിഎച്ച്.ഡി വിദ്യാർഥികൾക്ക് ഗവേഷണ മാർഗനിർദേശം നൽകുന്നു.
അന്താരാഷ്ട്ര ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് ചോദിച്ചാൽ 24 മണിക്കൂർ തന്നെ ധാരാളം എന്നാണ് മറുപടി. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽനിന്ന് അറ്റ്മോസ്ഫറിക് ഫിസിക്സിൽ എം.എസ്സി കഴിഞ്ഞ ശേഷമാണ് ബി.എസ്.എൻ.എല്ലിൽ ജോലിക്ക് കയറുന്നത്. ജോലിക്കിടെ തന്നെ ഡി.ലിറ്റ്, പിഎച്ച്.ഡി, എഡ്.ഡി, എം.ഫിൽ, എം.എസ്സി, എം.ബി.എ, എം.എച്ച്.ആർ.എം, എം.എസ്, എം.എ എന്നിവ നേടി. ഇപ്പോൾ എം.എസ്.ഡബ്ല്യു കഴിഞ്ഞ് അടുത്ത കോഴ്സിനു ചേരാനൊരുങ്ങുന്നു.
സെന്റർ ഫോർ ഡെയറി സയൻസ് ടെക്നോളജിയിൽ ഗെസ്റ്റ് ഫാക്കൽറ്റിയും കുട്ടിക്കാനം മരിയൻ കോളജിൽ അഡ്ജങ്ട് ഫാക്കൽറ്റിയുമായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സോഫ്റ്റ് സ്കിൽ ട്രെയിനറുമാണ് ഇദ്ദേഹം. മക്കൾ ജനിച്ച സമയം അവരെ പരിപാലിക്കാൻ നാലുവർഷം മാത്രമേ പഠനത്തിൽനിന്ന് വിട്ടുനിന്നിട്ടുള്ളൂ. പഠനവും അധ്യാപനവും ഇദ്ദേഹത്തിന് അറിവുനേടലും ആനന്ദവുമാണ്. അറിവുനേടാനുള്ള ആഗ്രഹം തീവ്രമായതിനാൽ പല കോഴ്സുകളും പഠിക്കുന്നു.അതും വ്യത്യസ്തവിഷയങ്ങളിൽ.
ഒരു നിമിഷംപോലും വെറുതെ കളയാതെ കൃത്യമായി വിനിയോഗിച്ചാൽ എല്ലാ കാര്യത്തിനും സമയമുണ്ടാകുമെന്ന് ഇദ്ദേഹം അനുഭവത്തിൽനിന്ന് സാക്ഷ്യപ്പെടുത്തുന്നു. ഏഴുമണിക്കൂർ ഉറങ്ങാം, എട്ടുമണിക്കൂർ ജോലി ചെയ്യാം, പിന്നെയും ഒമ്പതുമണിക്കൂർ ബാക്കിയുണ്ട്. ഇതിൽ മൂന്നുമണിക്കൂർ മാത്രം അറിവുനേടാൻ മാറ്റിവെച്ചാൽ മതിയെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ബി.എസ്.എൻ.എല്ലിൽ അസി. ജനറൽ മാനേജറായിരിക്കെ 55ാംവയസ്സിൽ സ്വയം വിരമിച്ച ശ്രീകുമാർ ഡി. മേനോൻ സീനിയർ സിറ്റിസൺ ഫോറം പ്രവർത്തനങ്ങളിലും സജീവമാണ്. കറുകച്ചാൽ എൻ.എസ് ഹൈസ്കൂളിലെ അധ്യാപിക പ്രീതി ശ്രീകുമാർ ഭാര്യയും അക്ഷയ്, നന്ദിത് എന്നിവർ മക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.