റിയാദ്: മലയാളിയുടെ സൗദിയിലേക്കുള്ള തൊഴിൽ കുടിയേറ്റത്തിെൻറ പ്രായമാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇ.പി. കുഞ്ഞാലിക്കുട്ടിയുടെ പ്രവാസത്തിന്. എഴുപതുകളിലെ മലപ്പുറത്തെ ഇടത് വിദ്യാർഥി രാഷ്ട്രീയ പോർക്കളത്തിൽനിന്നാണ് ജീവിതസമരത്തിെൻറ പൊള്ളും അനുഭവങ്ങൾ ‘സഖാവ് ഇ.പി’യെ കടൽകടക്കാൻ പ്രേരിപ്പിച്ചത്.
ബോംബെ വഴി സൗദി അറേബ്യയുടെ വ്യവസായ നഗരമായ ദഹ്റാനിൽ 1977ൽ വിമാനമിറങ്ങി. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദന കമ്പനിയായ അരാംകോയിലാണ് ആദ്യമായി തൊഴിൽ കുപ്പായം അണിയുന്നത്. അന്ന് സൗദിയിലുണ്ടായിരുന്ന തുച്ഛം മലയാളികളിലൊരാളായി.
അതിനുശേഷം കടന്നുപോയത് 46 വർഷങ്ങളാണ്. നാല് രാജാക്കന്മാരുടെ ഭരണകാലവും പഴയതും പുതിയതുമായ സൗദിയും കണ്ടാണ് മടക്കം. ഖാലിദ് രാജാവിെൻറ ഭരണകാലത്താണ് സൗദിയിലെത്തുന്നത്. തുടർന്ന് ഫഹദ് രാജാവിെൻറയും അബ്ദുൽ രാജാവിെൻറയും ഇപ്പോൾ സൽമാൻ രാജാവിെൻറയും ഭരണകാലങ്ങളിലൂടെ മുന്നേറിയ സൗദിക്കൊപ്പം തെൻറ ജീവിതവും കരുപ്പിടിച്ച് സംതൃപ്തിയോടെയാണ് മടക്കം.
എന്നാലും 46 വർഷത്തോളം ആഴത്തിൽ വേരുറപ്പിച്ച പ്രവാസത്തിൽനിന്ന് അടർന്നുപോകാൻ അത്രയെളുപ്പമല്ലെന്ന് ഒട്ടൊരു നൊമ്പരത്തോടെ തിരിച്ചറിഞ്ഞുതന്നെയാണ് പോകുന്നത്.
തൊഴിൽ, സംഘടനാപ്രവർത്തനം, സാംസ്കാരിക കൂട്ടായ്മ തുടങ്ങി വ്യത്യസ്ത മേഖലകളിൽ 46 വർഷത്തെ അനുഭവങ്ങൾ ചെറുതല്ല. പ്രവാസം സ്വീകരിക്കുന്നതിന് തൊട്ട് മുമ്പാണ് അടിയന്തരാവസ്ഥയിൽ തൊഴിലാളികളുടെ ബോണസ് വെട്ടി ചുരുക്കിയതിനെതിരെ തിരൂരിൽ സമരം ചെയ്ത് അറസ്റ്റിലായി മഞ്ചേരി ജയിലിൽ കഴിഞ്ഞത്.
തടവുകാർക്ക് അനാരോഗ്യകരമായ ഭക്ഷണമാണ് നൽകുന്നതെന്ന വിഷയം ഉയർത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി. തുടർന്ന് സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടി പൊന്നാനി ജയിലിലേക്ക് മാറ്റിയെങ്കിലും ജയിലിലെ സൗകര്യക്കുറവ് കാരണം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അടിയന്തരാവസ്ഥയിലെ അറസ്റ്റിന് ജാമ്യമില്ലാത്തതിനാൽ നാലുമാസമാണ് ജയിലിൽ കിടന്നത്.
വിളിക്കുമ്പോൾ ഹാജരാകണമെന്ന പൊലീസ് നിബന്ധനയിൽ പുറത്തിറങ്ങി. എന്നാൽ, അതിന് കാത്തുനിൽക്കാതെ ബോംബെയിലേക്ക് വണ്ടി കയറുകയായിരുന്നു. ബന്ധുവിെൻറ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് വിസ തരപ്പെടുത്തി ദഹ്റാനിലെത്തി. സജീവ രാഷ്ട്രീയതെരുവിൽനിന്ന് വിജനമായ മരുഭൂമിയിൽ വിമാനമിറങ്ങിയപ്പോൾ മനസ്സ് തിരിച്ചുപോകാൻ വെമ്പിയിരുന്നു.
എന്നാൽ, ഇന്ന് ഈ മണ്ണ് വിട്ടുപോകാനാണ് മനസ്സനുവദിക്കാത്തത്. വേരുകളെല്ലാം ഈ മണലിൽ ആണ്ടിരിക്കുകയാണ്. അറബ് യുദ്ധകാലത്ത് അരാംകോയിലെ തൊഴിൽ നഷ്ടപ്പെട്ട് സൗദിയിലെ പ്രധാന ഡയറി കമ്പനിയായ നാദകിൽ പുതിയ പദവിയിൽ ജോലിക്കെത്തി. കമ്പനിയുടെ ഫാക്ടറിയും ഫാമുമുള്ള ഐൻ ഹാർദ് മേഖലയെ ലക്ഷ്യമാക്കി ബോംബാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചു.
മുൻകരുതലായി വിഷവാതകം ശ്വസിക്കാതിരിക്കാനുള്ള മാസ്ക് ധരിച്ച് തറയിൽ കിടക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശം ലഭിച്ചു. സുരക്ഷ നിർദേശ പ്രകാരം തറയിൽ കിടന്നു. എന്നാൽ തെറ്റായ വിവരമാണ് ലഭിച്ചതെന്നും ഹറാദ് പ്രദേശത്തല്ല ഹറാർ എന്ന ഇറാഖ് അതിർത്തിയിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നതെന്നുമാണ് പിന്നീട് അറിഞ്ഞു. അറബ് യുദ്ധത്തിൽ ഭയം ഞരമ്പിലൂടെ പാഞ്ഞ അനുഭവം ഒരിക്കലും മറക്കാനാവാത്തതാണ്.
കാൽ നൂറ്റാണ്ട് മുമ്പാണ് തലസ്ഥാനമായ റിയാദിലെത്തിയത്. സി.പി.ഐയുടെ പ്രവാസിഘടകമായ ന്യൂ ഏജ് ഇന്ത്യാ ഫോറം റിയാദ് ഘടകത്തിൽ സജീവമായി പ്രവർത്തിച്ചു. സെക്രട്ടറി ഉൾപ്പടെയുള്ള പദവികൾ വഹിച്ചു. നാട്ടുകാരുടെ കൂട്ടായ്മയായ പാപ്പ (പരപ്പനങ്ങാടി പ്രവാസി അസോസിയേഷൻ) കാരണവരും ഭാരവാഹിയുമൊക്കെയായും പ്രവർത്തിച്ചു.
പൊന്നാനി സ്വദേശി കെ.വി. നസീമയാണ് ഭാര്യ. മകൻ: അബ്ദുൽ റഊഫ് കോഴിക്കോട് ഔഡി കാർ കമ്പനിയിൽ സെയിൽസ് മാനേജരും രണ്ടാമത്തെ മകൻ റബീഹ് ദുബൈയിയിൽ അക്കൗണ്ടൻറുമാണ്.
മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ വളർച്ചക്ക് ജീവിതം സമർപ്പിച്ച സ്വതന്ത്ര സമരസേനാനി കിഴിക്കിനാകത്ത് കോയ കുഞ്ഞി നഹയാണ് പിതാവ്. റിയാദിൽ ആർട്ടിഫിഷ്യൽ നീന്തൽകുളം കൺസ്ട്രക്ഷൻ ആൻഡ് മെയിൻറനൻസ് കമ്പനിയിലായിരുന്നു ഒടുവിൽ 23 വർഷം ജോലി ചെയ്തിരുന്നത്. അതിൽനിന്ന് വിരമിച്ചാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.